ഡീപ്‌ഫേക്ക് എന്ന കൈവിട്ട കളി; വൈറലായി ആലിയ ഭട്ടിന്‍റെ അശ്ലീല വീഡിയോയും, സംഭവിക്കുന്നത് എന്ത്?

By Web Team  |  First Published Nov 28, 2023, 1:01 PM IST

വീഡിയോ അപ്‌ലോഡ് ചെയ്‌ത കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയത് പ്രതീക്ഷ


ഡീപ്‌ഫേക്ക് വീഡിയോകള്‍ സൃഷ്‌ടിക്കുന്ന തലവേദന ഒഴിയുന്നില്ല. നടിമാരായ രശ്‌മിക മന്ദാനയ്‌ക്കും കജോളിനും കരീന കപൂറിനും ശേഷം ആലിയ ഭട്ടിന്‍റെ ഡീപ്‌ഫേക്ക് വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മറ്റേതോ ഒരു യുവതിയുടെ വീഡിയോയില്‍ ആലിയ ഭട്ടിന്‍റെ മുഖം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്രിമമായി സൃഷ്‌ടിച്ചാണ് ഡീപ്‌ഫേക്ക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, വൈറലായിരിക്കുന്നത് ഡീപ്‌ഫേക്ക് വീഡിയോയാണ് എന്ന് ചൂണ്ടിക്കാട്ടിയും വീഡിയോ അപ്‌ലോഡ് ചെയ്‌തവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടും സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയത് പ്രതീക്ഷയാണ്. 

NB: വീഡിയോ വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല. 

Latest Videos

undefined

പ്രചാരണം

ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെതായി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍  വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്‌തത്. ആലിയ ഭട്ടിന്‍റെ അശ്ലീല വീഡിയോ വൈറല്‍ എന്ന തലക്കെട്ടോടെ 2023 നവംബര്‍ 28ന് ഇക്രം എന്ന യൂസര്‍ ട്വീറ്റ് ചെയ്‌ത വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം.

വസ്‌തുതാ പരിശോധന

എന്നാല്‍ പ്രചരിക്കുന്ന വീഡിയോ ആലിയ ഭട്ടിന്‍റെത് അല്ല എന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാനായി പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ദൃശ്യത്തിന്‍റെ ഒറിജിനല്‍ കണ്ടെത്താന്‍ സാധിച്ചു. രണ്ട് വീഡിയോകളിലെ സ്ത്രീകളും ധരിച്ചിരിക്കുന്ന വസ്‌ത്രം സമാനവും പശ്ചാത്തലവും ഒന്നുതന്നെയെന്നത് ദൃശ്യങ്ങള്‍ സമാനമാണ് എന്ന് വ്യക്തമാക്കുന്നു. മുഖം മാത്രമാണ് വ്യത്യസ്‌തമായുള്ളത്. ഒരു യുവതിയുടെ വീഡിയോയില്‍ ആലിയ ഭട്ടിന്‍റെ മുഖം എഡിറ്റ് ചെയ്‌ത് ചേര്‍ക്കുകയായിരുന്നു എന്ന് വ്യക്തം.

ഇരു വീഡിയോകളും തമ്മിലുള്ള വ്യത്യാസവും സാമ്യതയും 

 

ലഭിച്ച വീഡിയോയുടെ ഒറിജിനലില്‍ നിന്ന് വൈറല്‍ ദൃശ്യത്തിലുള്ളത് ആലിയ ഭട്ടല്ല എന്ന് കൃത്യമായി തിരിച്ചറിയാം. Arip siaran langsung എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്ന് ഒറിജിനല്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ.

എന്നാല്‍ യഥാര്‍ഥ വീഡിയോ ആരാണ് ആദ്യം പോസ്റ്റ് ചെയ്‌ത് എന്ന് വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായില്ല. മാത്രമല്ല, വീഡിയോയില്‍ കാണുന്നത് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറാണ് എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അവര്‍ ആരാണെന്നോ അവരുടെ സോഷ്യല്‍ മീഡിയോ അക്കൗണ്ടുകളോ തിരിച്ചറിയാനും വസ്‌തുതാ പരിശോധനയില്‍ സാധിച്ചിട്ടില്ല. 

നിഗമനം

ആലിയ ഭട്ടിന്‍റെ അശ്ലീല വീഡിയോ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വീഡിയോ ഡീപ്‌ഫേക്കാണ്. ഒരു യുവതിയുടെ വീഡിയോയില്‍ ആലിയയുടെ മുഖം എഐ ഉപയോഗിച്ച് കൃത്രിമമായി സൃഷ്‌ടിച്ചാണ് വൈറല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

Read more: ഇതിനൊരു അവസാനമില്ലേ; വീണ്ടും കജോളിന്‍റെ ഡീപ് ഫേക്ക് വീഡിയോ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!