'ഇസ്രയേല്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞു'? Fact Check

By Web Team  |  First Published Oct 17, 2023, 8:55 AM IST

ഇസ്രയേല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് വലിച്ചെറിഞ്ഞ് സാക്ഷാല്‍ സിആര്‍7 എന്ന എഴുത്തോടെയാണ് റീല്‍സ് വീഡിയോ


ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് ഇതിനകം നിരവധി വ്യാജ പ്രചാരണങ്ങള്‍ വന്നുകഴിഞ്ഞു. അഭിപ്രായം ആരാഞ്ഞ ഇസ്രയേല്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞു എന്നതാണ് പുതിയ ആരോപണം. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

'ഇസ്രയേല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് വലിച്ചെറിഞ്ഞ് സാക്ഷാല്‍ സിആര്‍7' എന്ന എഴുത്തോടെയാണ് റീല്‍സ് വീഡിയോ ഫേസ്‌ബുക്കില്‍ മുഹമ്മദ് റഫീഖ് ബാഖവി തൊടുപുഴ എന്നയാള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതിനകം രണ്ടായിരത്തോളം ലൈക്ക് കിട്ടിയ ഈ പോസ്റ്റിന് 203 ഷെയറുകള്‍ ലഭിച്ചുകഴിഞ്ഞു. നൂറിലേറെ കമന്‍റുകളും പോസ്റ്റിന് ലഭിച്ചു. ഒരു തടാകത്തിന്‍റെ കരയിലൂടെ ക്രിസ്റ്റ്യാനോ നടക്കുമ്പോള്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് പിടിച്ചുവാങ്ങി ജലാശയത്തിലേക്ക് സിആര്‍7 വലിച്ചെറിയുന്നതാണ് വീഡിയോയില്‍ കാണുന്നത്. സത്യം തന്നെയോ ഇക്കാര്യം?

വസ്‌തുത

ഇസ്രയേല്‍ റിപ്പോര്‍ട്ടറുടെ മൈക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് ഏഴ് വര്‍ഷത്തെ പഴക്കമുണ്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്ക് ടീം കണ്ടെത്തി. സെര്‍ച്ച് ടൂളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായത് ക്രിസ്റ്റ്യാനോ മൈക്ക് പിടിച്ചുവാങ്ങി വലിച്ചെറിയുന്നുണ്ടെങ്കിലും വീഡിയോയില്‍ കാണുന്ന റിപ്പോര്‍ട്ടര്‍ പോര്‍ച്ചുഗീസ് മാധ്യമപ്രവര്‍ത്തകനാണ് എന്നാണ്. 2016ലെ യൂറോ കപ്പിലായിരുന്നു വിവാദമായ ഈ സംഭവം എന്നും രാജ്യാന്തര മാധ്യമമായ ദി ഗാര്‍ഡിയന്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നതായി കണ്ടെത്താനായി. അതിനാല്‍ തന്നെ വീഡിയോയില്‍ കാണുന്നത് ഇസ്രയേല്‍ മാധ്യമപ്രവര്‍ത്തകനല്ല. നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ഇതിന് ബന്ധവും ഇല്ല. 

ലിയോണിലെ ഹോട്ടല്‍ റൂമിന് പുറത്ത് ക്രിസ്റ്റ്യാനോ നടക്കാനിറങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ മൈക്കുമായി എത്തിയത്. യൂറോയില്‍ ഹംഗറിക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് തൊട്ടു മുമ്പായിരുന്നു ഈ സംഭവം. മത്സരത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് സിആര്‍7 വലിച്ചെറിയുകയായിരുന്നു എന്നാണ് ദി ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സംബന്ധിച്ച് ഗാര്‍ഡിയന്‍ നല്‍കിയ രണ്ട് റിപ്പോര്‍ട്ടുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കാണാം. 

നിഗമനം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്രയേല്‍ റിപ്പോര്‍ട്ടറുടെ മൈക്ക് വലിച്ചെറിഞ്ഞു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയില്‍ കാണുന്നത് ഇസ്രയേലി ജേണലിസ്റ്റ് അല്ല, പോര്‍ച്ചുഗീസ് മാധ്യമപ്രവര്‍ത്തകനാണ്. മാത്രമല്ല, 2016ലെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതും എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 

Read more: കൂറ്റന്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച് യുവാക്കള്‍, ഈജിപ്‌ത്-ഗാസ അതിര്‍ത്തിയിലെ ദൃശ്യങ്ങളോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!