ട്വിറ്ററിലെ 'മതം മാറ്റക്കാരെ' കയ്യോടെ പിടികൂടിയതോടെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പോസ്റ്റിട്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ കബളിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞിരിക്കുകയാണ്.
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാന്‍ ട്വിറ്ററില്‍ പേരു മാറ്റി കേന്ദ്ര സര്‍ക്കാര്‍ അനുകൂല പോസ്റ്റുകളുമായി വലിയൊരു വിഭാഗം രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് വ്യാജ പേരുകാരെ തെളിവ് സഹിതം കണ്ടെത്തിയിരിക്കുന്നത്. ട്വിറ്ററിലെ 'മതം മാറ്റക്കാരെ' കയ്യോടെ പിടികൂടിയതോടെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പോസ്റ്റിട്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ കബളിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞിരിക്കുകയാണ്.
മുസ്ലിം ആണെന്ന് അവകാശപ്പെടുന്ന നിരവധി ട്വിറ്റർ ഉപയോക്താക്കൾ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച് കുറിപ്പുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽമീഡിയ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മുസ്ലിം പേരുകൾ സ്വീകരിച്ച് പൗരത്വ ബില്ലിനെ അനുകൂലിച്ച് പോസ്റ്റ് ചെയ്യുന്നത്. ഞാനൊരു മുസ്ലിമാണ്, പൗരത്വ ബില്ലിനെ അനുകൂലിക്കുന്നു എന്നാണ് മിക്കവരുടെയും കുറിപ്പ്.
undefined
‘ഞാൻ ഒരു മുസ്ലിമാണ്. ഞാൻ #CAB ബില്ലിനെ പിന്തുണയ്ക്കുന്നു,’ എന്നതാണ് ട്വീറ്റ്. രാജ്യത്തുടനീളം എന്റെ മുസ്ലിം സഹോദരന്മാർ നടത്തിയ പ്രതിഷേധത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഒന്നുകിൽ അവർക്ക് ബിൽ മനസ്സിലാകുന്നില്ല, അല്ലെങ്കിൽ ഒരു രാഷ്ട്രീയ നീക്കമായി അവർ അറിഞ്ഞുകൊണ്ട് സർക്കാരിനെ ലക്ഷ്യമിടുന്നു. പക്ഷേ ഞാൻ ആ ബില്ലിൽ അഭിമാനിക്കുന്നു. ജയ് ഹിന്ദ്,’ എന്നാണ് മിക്കവരും കുറിച്ചിട്ടിരിക്കുന്നത്.
പൗരത്വ ബില്ലിന് പിന്തുണ പ്രഖ്യാപിക്കുന്ന ചില ആളുകളുടെ ട്വിറ്റർ പ്രൊഫൈലുകളും മുൻ സന്ദേശങ്ങളും ദേശീയ മാധ്യമങ്ങൾ പരിശോധിച്ചപ്പോൾ അവരിൽ പലരും മറ്റുമതക്കാരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. മിക്കവരും മാസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ട്വീറ്റുകളിൽ തീർത്തും നിലപാട് മാറ്റങ്ങളോടെയാണ് കഴിഞ്ഞ ദിവസങ്ങളിലെ വ്യാജ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ വ്യാജ പേരില്‍ കയറിയാണ് ട്വിറ്ററില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ട്രെന്‍റിംഗ് ഹാഷ് ടാഗ് വരെ ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.