ദ മമ്മി- മുന്‍കാല ചിത്രങ്ങളുടെ അസ്തികൂടം

By വിവികെ  |  First Published Jun 9, 2017, 2:03 PM IST

നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടല്‍, നന്മയുടെ വിജയം. ഒരിക്കലും മടുക്കാത്ത ചലച്ചിത്ര പ്രമേയം ആയിരക്കണക്കിന് തവണ ബിഗ് സ്ക്രീനില്‍ ചലച്ചിത്ര പ്രേമികള്‍ കണ്ടിട്ടുണ്ടാകും. ഈ പ്രമേയത്തില്‍ തന്നെ ഉറച്ച് നിന്നാണ് അലക്സ് കുര്‍ട്സ്മാന്‍ ദ മമ്മി ഒരുക്കുന്നത്. എന്നാല്‍ അത് എത്രത്തോളം പ്രേക്ഷകനെ ആകാംക്ഷയിലാക്കുന്നു എന്നതാണ് അവശേഷിക്കുന്ന ചോദ്യം. ടോം ക്രൂസ് എന്ന ഹോളിവുഡിലെ ഏറ്റവും വിലയേറിയ താരത്തിന്‍റെ താരപ്രഭയിലാണ് യൂണിവേഴ്സല്‍ സ്റ്റുഡിയോ തങ്ങളുടെ ഏറ്റവും വിലയേറിയ ഫ്രാഞ്ചെസിയിലെ പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്.

ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാകാതെ മരിച്ച ഒരു രാജകുമാരിയിലൂടെ ആണ് ഇവിടെ മമ്മിയുടെ പുനർജനനം. സ്വന്തം അധികാരം നഷ്ടപ്പെടും എന്ന അവസ്ഥയില്‍ അച്ഛനെയും. ബന്ധുക്കളെയും ദുര്‍മന്ത്രവാദത്തിന്‍റെ സഹായത്തോടെ അവള്‍ കൊലപ്പെടുത്തി, എന്നാല്‍ തടവിലാകുന്ന അവള്‍ ഈജിപ്തില്‍ നിന്നും മാറി മൊസപൊട്ടോമിയയില്‍ കുഴിച്ചുമൂടപ്പെടുന്നു. പുതിയ കാലത്ത് ഇറാഖായി മാറുന്ന മൊസപൊട്ടോമിയയില്‍ എത്തുന്ന പുരാവസ്തു മോഷ്ടാവ് നിക്കിലൂടെ (ടോം ക്രൂസ്) ഈജിപ്ഷ്യന്‍ രാജകുമാരി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. പിന്നീട് ഇറാഖില്‍ നിന്നും ലണ്ടനിലേക്ക് നീങ്ങുന്ന കഥാപരിസരവും സാഹസികതയുമാണ് ചിത്രത്തിന്‍റെ പ്രമേയം.

Latest Videos

undefined

1932 മുതല്‍ ഇറങ്ങിയ മമ്മി ചിത്രങ്ങളില്‍  സ്ത്രീകഥാപാത്രം പ്രധാന മമ്മിയായി എത്തുന്നത് ഇത് ആദ്യമായാണ്. ഇതാണ് ദ മമ്മി 2017 ന്‍റെ  പ്രത്യേകതയും. അൾജീരിയൻ തെരുവുന‍ർത്തകി സോഫിയ ബോഷെല്ല ആണ് എല്ലാവരും ഉറ്റുനോക്കുന്ന മമ്മിയായി എത്തിയത്. പ്രതിനായക കഥാപാത്രത്തിന് വേണ്ട തീവ്രത അഭിനയത്തിലുണ്ടാക്കാന്‍  നടി പരാജയപ്പെട്ടു. ആക്ഷനും ഫാന്‍റസിയും വേണ്ടുവോളം എന്നതാണ് പതിവ് മമ്മി ചിത്രങ്ങളുടെ ഫോര്‍മുല. അതില്‍ നിന്നുള്ള മാറി നടത്തമാണ് പുതിയ മമ്മി. വെടിക്കെട്ട് തുടക്കം ചിത്രം നല്‍കുന്നുണ്ട്. അതില്‍ എടുത്ത് പറയേണ്ടത് ഡ്യൂപ്പില്ലാതെ ക്രൂസും നായിക അനബെൽ വാലിസും അഭിനയിച്ച വിമാനത്തിലെ അതിസാഹസികരംഗങ്ങളാണ്.  മധ്യഭാഗത്ത് എത്തുന്നതോടെ ചിത്രം ഇഴയുന്നുണ്ട്. പ്രത്യേകിച്ച് ലണ്ടനില്‍ എത്തുന്നതോടെ.

റസ്സല്‍ ക്രോയുടെ സാന്നിധ്യം ചിത്രത്തിന് ഒരു മെച്ചവും നല്‍കുന്നില്ലെന്ന് പറയേണ്ടിവരും. വൈകാരികതയ്ക്കും കഥയ്ക്കും കൂടുതല്‍ പ്രധാന്യം നല്‍കിയതോടെ ഒരു മമ്മിചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ആവേശം ചോര്‍ന്ന് പോയി എന്നതാണ് ആത്യന്തികമായി ഈ ചിത്രത്തിന്‍റെ ഫലം. ഒരു സീക്വലിന്‍റെ സൂചനകള്‍ നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്. പാശ്ചാത്യ ബോക്സ് ഓഫീസുകള്‍ മികച്ച തുടക്കം നേടിയ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് പക്ഷെ അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നില്ല. അതായത് ഇതുവരെ ഇറങ്ങിയ 12 മമ്മി ചിത്രങ്ങളുടെ അസ്തികൂടം മാത്രമാണ് പുതിയ മമ്മിയെന്ന് പറയേണ്ടിവരും.


 

click me!