ഒട്ടും സിനിമാറ്റിക്കല്ലാത്ത ഒരു സിനിമ

By അമല്‍ ലാല്‍  |  First Published Jul 1, 2017, 3:57 PM IST

കൃത്യമായി നാലുവട്ടമാണ് പോലീസ് സ്‌റ്റേഷനില്‍ കയറിയിട്ടുള്ളത്. അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും കൂടി രാത്രി ഹോട്ടലില്‍ കയറി മീന്‍ബിരിയാണി കഴിച്ച 'തെറ്റിന്' പോലീസ് സ്‌റ്റേഷനിലേക്ക് പോവാന്‍, പോലീസ് വണ്ടിയില്‍ കയറൂ എന്ന് അധികാരികള്‍ സദാചാരം പറഞ്ഞപ്പോള്‍ 'നടക്കില്ലാ സാറേ' എന്ന് തീര്‍ത്തു പറഞ്ഞത് കൊണ്ട് മാത്രം തുള്ളിക്ക് രക്ഷപ്പെട്ടതും കൂട്ടിയാല്‍ അഞ്ചു പോലീസ് നേരങ്ങള്‍.

Latest Videos

undefined

അതില്‍ രണ്ടുവട്ടം പരാതിക്കാരനോട് കൂടെയോ, പരാതിക്കാരനില്‍ ഒരാളോ ആയിരുന്നെങ്കില്‍ മറ്റു രണ്ടുവട്ടവും കുറ്റാരോപിതന്റെ ഭാഗത്തായിരുന്നു, അവരെ കാത്തുള്ള പുറത്തിരിപ്പായിരുന്നു. ആ സമയങ്ങളിലെല്ലാം കൃത്യമായി പോലീസ് സ്റ്റേഷന്റെ ഉള്ളറിഞ്ഞിട്ടുണ്ട്. എ എസ് ഐ ഓട്ടോക്കാരനോട് ചൂടാവുന്നതും, അത് വരെ ഓട്ടം വരില്ലെന്ന് പറഞ്ഞയാള്‍ പലയാവര്‍ത്തി മാപ്പ് പറഞ്ഞതും, എ എസ് ഐ കേസാക്കണം എന്ന നിലപാടെടുത്തതും, എസ് ഐ കേസാക്കാതിരിയ്ക്കാന്‍ നോക്കിയതും, തുടങ്ങി പോലീസ് സ്‌റ്റേഷനിലെ അധികാരങ്ങളും, സ്വരങ്ങളും നിന്ന നില്‍പ്പില്‍ മാറിവരുന്നതും കണ്ടിട്ടുണ്ട്.

അത്തരത്തില്‍ സ്‌റ്റേഷനകം ഒരുവട്ടമെങ്കിലും അറിഞ്ഞൊരാള്‍ക്ക് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയ്ക്കും അപ്പുറമായൊരു അനുഭവമാണ്. അധികാരത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളെ കുറിച്ചുള്ള കാഴ്ച്ചകള്‍കൂടിയാണ് സ്റ്റേഷനകങ്ങള്‍. സര്‍വ്വാധികാരത്തില്‍ പ്രതിയെ തൊഴിച്ചും, നിസ്സാരനാക്കിയും, ചീത്ത പറഞ്ഞും തിരിഞ്ഞു നില്‍ക്കുന്ന പോലീസുകാരന് അടുത്ത നിമിഷം തന്നെ സല്യൂട്ടടിച്ചു , 'സാര്‍' എന്ന് പറഞ്ഞു അതിലും വലിയ അധികാരത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വരുന്നുണ്ട്.

പ്രേമത്തെക്കുറിച്ചുള്ള സിനിമയാണിത്. പലായാനത്തിന്റെ, അതിജീവനത്തിന്റെ സിനിമ. എസ് ഹരീഷ് 'മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ' എന്ന ചെറുകഥയില്‍ പറഞ്ഞത്രയും തന്നെ സട്ടില്‍ ആയാണ് പോത്തേട്ടന്‍ സിനിമയും പ്രേമത്തിലെ ജാതി തിരയുന്നത്.

ധാരണകള്‍ക്കുറപ്പുള്ള ഒരു നായികയുടെ സിനിമയാണിത്.

സമൂഹം പുറം തള്ളിയ പ്രേമങ്ങള്‍ പാലായനം നടത്താറുണ്ട്, വിഭജനത്തിനും, കലാപങ്ങള്‍ക്കും ശേഷമുണ്ടായ ചരിത്രം രേഖപ്പെടുത്തിയ പലായനങ്ങള്‍ക്ക് ഇടയിലും രേഖപ്പെടുത്താത്ത ചെറുതും വലുതുമായ പലായനങ്ങള്‍ എത്രയോ നടന്നിട്ടുണ്ട്, ജീവിതത്തെ മാറ്റി നട്ട് നോക്കിയിട്ടുണ്ട്, പുതിയ ഇടങ്ങളില്‍ ജീവിതം തേടിയിട്ടുണ്ട്. അന്നയും റസൂലും ഓടിപ്പോയവരാണ്. കായലിനരികില്‍ നിന്നും മലയോരക്കുളിരിലേക്ക് പാലായനം നടത്തിയവരാണ്. വേരും നാടും കളഞ്ഞു അതിജീവനത്തിനായി ഓടിപ്പോയ മനുഷ്യരുടെ കഥകൂടിയാണ് നമ്മുടെ ചുറ്റും. ഓടിവന്നു കൂരകെട്ടിയവരുടെ വീറും വിയര്‍പ്പും കൂടിയാണ് ഈ ലോകം. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ആ പാലായനത്തിന്റെ കഥയാണ്, അതിജീവിതത്തിനായുള്ള ഓട്ടമാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ടിടങ്ങളെ ഉപേക്ഷിച്ച് വെള്ളമില്ലാ വരള്‍ച്ചയിലേക്കുള്ള ഒരു ഓട്ടം.

ധാരണകള്‍ക്കുറപ്പുള്ള ഒരു നായികയുടെ സിനിമയാണിത്.

മുന്നില്‍ കാണുന്നത് ജീവിതം തന്നെയാവുന്ന സിനിമ.

ആധാറില്ലാത്തവരെ ഒരു കാരണവശാലം ജീവിയ്ക്കാന്‍ സമ്മതിയ്ക്കരുതെന്നു പറയുന്ന കാലത്ത്  ഐഡന്റിറ്റി കാര്‍ഡില്ലാത്തവന്റെ വിശപ്പിന്റെ കഥ കൂടിയാണിത്. 'എല്ലാം വിശപ്പല്ലേ' എന്ന യൂണിവേഴ്‌സല്‍ രാഷ്ട്രീയം സംസാരിയ്ക്കുന്ന സിനിമയാണ്. കാഴ്ച്ചക്കാരന്റെ കാഴ്ചയെയോ, അനുഭവത്തെയോ ഒട്ടും അലോസരപ്പെടുത്താതെ രാഷ്ട്രീയം പറയുന്നിടത്താണ് പോത്തേട്ടന്‍ ആന്‍ഡ് ടീമന്റെ ബ്രില്ല്യന്‍സ്. അതിനാണ് കയ്യടി. പ്രോപ്പഗാണ്ട സീനുകളോ, അജണ്ടകളോ, കാപട്യങ്ങളോ ഇല്ലാതെയാണ് ഈ മനുഷ്യര്‍ നമ്മളോട് കഥ പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്. ഒറ്റവാക്കില്‍ ആ കാപട്യമില്ലായ്മ തന്നെയാണ് പോത്തേട്ടന്‍ കൂട്ടത്തിന്റെയും കൂട്ടുകാരുടെയും ബ്രില്ല്യന്‍സ്.

ഒട്ടും സിനിമാറ്റിക്കല്ലാത്ത ഒരു അനുഭവമാണ് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'.

മുന്നില്‍ കാണുന്നത് ജീവിതം തന്നെയാവുന്ന സിനിമ.

അതേ, ജീവിതത്തോളം പൊളിയാണിത്, പൊള്ളലാണ്, നീറ്റലാണ്, പ്രവചനാതീതമായ രണ്ടേകാല്‍ മണിക്കൂറിന്റെ കാഴ്ചയാണ്, എന്നാല്‍ ജീവിതത്തോളം തന്നെ ത്രില്ലിങ്ങാണ് !

click me!