വീണ്ടും വീണ്ടും വന്ന് വിജയം കൊയ്‍ത സിനിമകള്‍!

By Web Desk  |  First Published May 23, 2016, 11:21 AM IST

ഒരു ചിത്രത്തിന്റെ  വിജയം  ഉറപ്പിക്കുന്ന ചില സമവാക്യങ്ങളുണ്ട്. തന്‍റെ മറ്റുചിത്രങ്ങള്‍ക്കും അതേ ഫോര്‍മുല പിന്തുടരാന്‍ സംവിധായകരെ പ്രേരിപ്പിക്കാറുണ്ട്. അത്തരം  ബുദ്ധിപരമായ ഒട്ടേറെ  പരീക്ഷണങ്ങള്‍ക്ക് സിനിമാലോകം സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. മലയാളത്തില്‍ അത്തരം ഫോര്‍മുലകള്‍ ആവര്‍ത്തിച്ചു വിജയിച്ച  സിനിമകള്‍ -

 കിരീടവും ചെങ്കോലും

Latest Videos

undefined

വര്‍ഷങ്ങള്‍ കഴിഞ്ഞും പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുന്ന ചിത്രമാണ് കിരീടം .  അച്ഛന്‍ -- മകന്‍  കഥാപാത്രങ്ങളെ   തിലകനും മോഹന്‍ലാലും ചേര്‍ന്ന്   അവിസ്മരണീയമാക്കിയ ചിത്രം .ലോഹിതദാസ്‌  -സിബിമലയില്‍ കൂട്ടുകെട്ടില്‍  പിറന്ന സിനിമ  1989 ലാണ് പ്രദര്‍ശനത്തിനെത്തിയത് . സന്തുഷ്‌ടമായ കുടുബാവസ്ഥയില്‍ നിന്ന്,  പ്രത്യേകസാഹചര്യങ്ങള്‍  കൊണ്ട്  കുറ്റവാളിയായി ജയില്‍വാസമനുഭവിക്കേണ്ടിവന്ന സേതുമാധവനാണ് കേന്ദ്രകഥാപാത്രം. 1993 ല്‍  പുറത്തിറങ്ങിയ ചെങ്കോല്‍  അതിന്‍റെ തുടര്‍ച്ചയായിരുന്നു . ജയിലില്‍ നിന്ന് പുറത്തിറങ്ങി സമൂഹത്തെ അഭിമുഖീകരിക്കുന്ന സേതുമാധവനെയും  അയാള്‍ നേരിടുന്ന  പ്രതിസന്ധികളെയുമാണ്  ചെങ്കോല്‍ പ്രമേയമാക്കിയത്‌. സേതുമാധവനെ സ്വതസിദ്ധമായ പ്രകടന ശൈലിയിലൂടെ മോഹന്‍ലാല്‍ തന്‍റെ കരിയറിലെ  മികച്ച കഥാപാത്രമാക്കി  മാറ്റി.

റാം ജിറാവു സ്‌പീക്കിംഗ്

സിദ്ദിക്ക് ലാല്‍ കൂട്ടുകെട്ടില്‍ 1989ലാണ്  റാം ജിറാവു സ്‌പീക്കിംഗ് എന്ന ചിത്രം പുറത്തിറങ്ങുന്നത്. ഉര്‍വശി തീയേറ്റെഴ്‌സ് എന്ന നാടക സമിതിയുടെ പശ്ചാത്തലത്തില്‍ കോമഡിക്കു പ്രാധാന്യം നല്‍കി വ്യത്യസ്‍തങ്ങളായ ജീവിതസാഹചര്യങ്ങളെയാണ് ചിത്രത്തില്‍  അവതരിപ്പിക്കുന്നത്. ഇന്നസെന്റിനൊപ്പം മുകേഷും സായ്കുമാറുമാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സായ്കുമാര്‍ എന്ന നടന്‍റെ ആദ്യ ചിത്രം കൂടിയാണിത്. പിന്നീട് 1995ല്‍  മാണി സി കാപ്പന്റെ സംവിധാനത്തിലാണ്  മാന്നാര്‍ മത്തായി സ്‌പീക്കിംഗ്  വരുന്നത്.  2014ല്‍ മമ്മാസ് സംവിധാനം ചെയ്ത്  മാന്നാര്‍ മത്തായി സ്‌പീക്കിംഗ് 2 ( രണ്ടാം ഭാഗവും) പുറത്തിറങ്ങി. കേന്ദ്രകഥാപാത്രങ്ങള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ  പുതിയ കഥാസന്ദര്‍ഭങ്ങളെ സൃഷ്‌ടിക്കുകയാണ്  രണ്ടു ചിത്രങ്ങളിലും ചെയ്തത്. എല്ലാ തലമുറകളിലേയും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഹാസ്യ ചിത്രങ്ങളുടെ പട്ടികയില്‍  ഇവ ഉള്‍പെടുന്നു .

സേതുരാമയ്യര്‍

അസ്വാദനത്തിനൊപ്പം  പ്രേക്ഷകരുടെ ബുദ്ധിക്ക് വ്യായാമം കൂടി നല്‍കിയ മലയാളത്തിലെ  കുറ്റാന്വേഷണ ചിത്രങ്ങള്‍ ഏതൊക്കെയെന്നു അന്വേഷിച്ചാല്‍  നിസംശയം പറയാവുന്ന  ചിത്രങ്ങളില്‍  മമ്മൂട്ടിയുടെ സി ബി ഐ - സിനിമാ പരന്പരയുമുണ്ടാകും. കെ മധുവിന്‍റെ സംവിധാനത്തില്‍ 1988 ല്‍ റിലീസ് ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പ്‌ എന്നചിത്രത്തില്‍ തുടങ്ങി 1989ല്‍ ജാഗ്രത , 2004 ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നിവയായിരുന്നു ആ പരന്പരയിലെ മറ്റു ചിത്രങ്ങള്‍

കമ്മിഷണറും കിംഗും

ഷാജി കൈലാസ് -- രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ 1995 ല്‍ ഇറങ്ങിയ മമ്മൂട്ടി ചിത്രം   ദി കിംഗ്‌, 1994 ല്‍ ഇറങ്ങിയ സുരേഷ് ഗോപി നായകനായ കമ്മീഷ്ണര്‍ എന്നിവ  കാണികളില്‍ ആവേശം പകര്‍ന്ന ചിത്രങ്ങളാണ് .2005 ല്‍ ഭരത് ചന്ദ്രന്‍ ഐ പി എസ്  എന്നപേരില്‍  കമ്മീഷ്ണര്‍ സിനിമയുടെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു . ചടുലമായ സംഭാഷണങ്ങളും , സംഘട്ടന രംഗങ്ങളും  നിറഞ്ഞ കമ്മിഷണറും കിംഗും  തമ്മില്‍ കോര്‍ത്തിണക്കിയാണ് 2012 ല്‍ ദി കിംഗ് ആന്‍ഡ്‌ ദി കമ്മീഷ്ണര്‍ നിര്‍മ്മിച്ചത് . മമ്മൂട്ടിയുടെയും സുരേഷ്ഗോപിയും തുല്യ പ്രധാന്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്ത ചിത്രം മികച്ച ആക്ഷന്‍ ത്രില്ലര്‍ ആയിരുന്നു.

ഹരിഹര്‍ നഗര്‍

കോമിക് ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ചിത്രമാണ് സിദ്ധിക്ക് - ലാല്‍ കൂട്ടികെട്ടില്‍  1990 ല്‍  ഇറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍. നാല് ചെറുപ്പക്കാരുടെ  രസകരവും സംഭവബഹുലവുമായ ജീവിതമാണ്  സിനിമയുടെ പ്രമേയം. മുകേഷ്, ജഗദീഷ്, സിദ്ദിക്ക്, അശോകന്‍ എന്നീ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2009ല്‍ ടു ഹരിഹര്‍ നഗര്‍  2010 ല്‍ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍  എന്നീ ചിത്രങ്ങളാണ് പരമ്പരയില്‍  പിന്നീടു പുറത്തിറങ്ങിയത് . ഇവ സംവിധാനം ചെയ്‍തത് ലാല്‍ ആയിരുന്നു.

കിലുക്കം

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍, 1991ല്‍   വന്ന കിലുക്കം  ഒരു മ്യൂസിക്കല്‍ കോമഡി  ചിത്രമായിരുന്നു. മോഹന്‍ലാല്‍  - ജഗതി  കൂട്ടുകെട്ടില്‍  പ്രേക്ഷകരെ  ചിരിപ്പിച്ച  കിലുക്കത്തില്‍ രേവതിയായിരുന്നു നായിക.  300 ദിവസത്തോളം  തീയേറുകളില്‍  പ്രദര്‍ശിപ്പിച്ച ചിത്രത്തിനു  പിന്നീട് യുവതാരങ്ങളെ  അണിനിരത്തി, 2006 ല്‍ കിലുക്കം കിലുകിലുക്കം  എന്നാ പേരില്‍ തുടര്‍ഭാഗം  ഒരുക്കിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല.

ദാസനും വിജയനും

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത  നാടോടിക്കാറ്റ്  1987 ലാണ് പ്രദര്‍ശനത്തിനെത്തുന്നത് . മോഹന്‍ലാല്‍  - ശ്രീനിവാസന്‍  കൂട്ടുകെട്ടില്‍  കാണികളെ  പൊട്ടിച്ചിരിപ്പിച്ച  ചിത്രം ആക്ഷേപഹാസ്യത്തിന്‍റെ അകന്പടിയോടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ  ആവിഷ്കരിക്കുന്നതായിരുന്നു , 1988 ല്‍  പട്ടണപ്രവേശവും , 1990 ല്‍ അക്കരെ അക്കരെ അക്കരെയുമായിരുന്നു  തുടര്‍ ചിത്രങ്ങള്‍. പട്ടണപ്രവേശം സത്യന്‍ അന്തിക്കാടും അക്കരെ അക്കരെ അക്കരെ പ്രിയദര്‍ശനുമായിരുന്നു സംവിധാനം ചെയ്തത്.

 


 

 

click me!