താരസംഘടന 'അമ്മ'യിൽ ഭിന്നത; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ തനിക്ക് വിഷമമുണ്ടെന്ന് ജയൻ ചേർത്തല

By Web TeamFirst Published Aug 23, 2024, 12:07 PM IST
Highlights

അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്ന് വാദിക്കുന്നയാളാണ് താൻ. പക്ഷേ, ന്യായീകരിക്കുകയല്ല, സാങ്കേതിക വിഷയമായിരുന്നു തടസ്സം.  അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് മാസങ്ങൾക്ക് മുമ്പ് ഷോ എ​ഗ്രിമെന്റ് വെച്ചിരുന്നു. 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ താര സംഘടനയായ 'അമ്മ' എക്സിക്യൂട്ടീവ് യോഗം ചേരാത്തതിൽ സംഘടനയിൽ ഭിന്നത. 'അമ്മ' നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പ്രതികരിച്ചു. പ്രതികരിക്കാൻ വൈകിയതിൽ താൻ വിഷമിക്കുന്നുവെന്നും ജയൻ ചേർത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അധികം വൈകാതെ എക്സിക്യൂട്ടീവ് ചേരുമെന്നും കൃത്യമായ പ്രതികരണം ഉണ്ടാവുമെന്നും ജയൻ ചേർത്തല പറഞ്ഞു. 

അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്ന് വാദിക്കുന്നയാളാണ് താൻ. പക്ഷേ, ന്യായീകരിക്കുകയല്ല, സാങ്കേതിക വിഷയമായിരുന്നു തടസ്സം.  അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് മാസങ്ങൾക്ക് മുമ്പ് ഷോ എ​ഗ്രിമെന്റ് വെച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി 17-ാം തിയ്യതി മുതൽ ഹോട്ടലിൽ റിഹേഴ്സൽ ക്യാമ്പ് നടക്കുകയാണ്. ഈ സമയത്ത് ഫോണുൾപ്പെടെ കണക്റ്റിവിറ്റി ഇല്ലാത്ത സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് അറിയുന്നത്. റിപ്പോർട്ടിനെ കുറിച്ച് കൃത്യമായി അറിയാത്തത് മൂലമാണ് സെക്രട്ടറിയും പ്രസിഡന്റും പിന്നീട് പ്രതികരിക്കാമെന്ന് അറിയിച്ചതെന്നും ജയൻ ചേർത്തല പറഞ്ഞു.

Latest Videos

എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി വനിതാ അം​ഗങ്ങളുടെ കൂടെ അഭിപ്രായം കേട്ട് പ്രതികരിക്കാമെന്നാണ് അമ്മ തീരുമാനിച്ചത്. തെറ്റിദ്ധാരണയുടെ ആവശ്യമില്ല. സിനിമാ മേഖലയിൽ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടായെന്ന് പറയുന്നവർക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയിൽ സംസാരിച്ച വ്യക്തിയാണ് താൻ. പക്ഷേ, സാങ്കേതിക വിഷയം കൊണ്ടാണ് പ്രതികരണം വൈകിയത്. ഞാൻ അമ്മയുടെ ഔദ്യോ​ഗിക വക്താവല്ല. സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലും സിനിമാ പ്രവർത്തകൻ എന്ന നിലയിലും പ്രതികരിക്കാൻ വൈകിയത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താനെന്നും ജയൻ ചേർത്തല പറഞ്ഞു. കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവർ നടത്തിയ പരാമർശങ്ങളോട് യോജിപ്പില്ല. ഇരകളുടെ കൂടെയാണ് അമ്മ നിൽക്കുന്നത്. മലയാള സിനിമയിൽ അമ്മയിൽ അം​ഗങ്ങളായാലും ഇല്ലെങ്കിലും അമ്മ നിൽക്കുന്നത് ഇരകൾക്കൊപ്പമാണ്. വേട്ടക്കാരനൊപ്പം നിൽക്കില്ലെന്നും ജയൻ ചേർത്തല കൂട്ടിച്ചേർത്തു.

അതേസമയം, സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. മലയാള സിനിമാ മേഖലയിൽ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജൂനാഥ് പറഞ്ഞു. റിപ്പോർട്ടിന്മേൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്ന് കെ ബൈജൂനാഥ്  ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ ലംഘനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം, മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

https://www.youtube.com/watch?v=Ko18SgceYX8

click me!