പ്രണയസാന്ദ്രം 'എന്‍റെ മെഴുതിരി അത്താഴങ്ങള്‍'; റിവ്യൂ

By Web Team  |  First Published Jul 29, 2018, 2:39 PM IST

പ്രണയത്തിന്‍റെ തീവ്രതയെക്കാള്‍ അതിലൂടെ ഉരുത്തിരിയുന്ന ജീവിതസാഹചര്യങ്ങളെ പകര്‍ത്തുകയാണ് ചിത്രം. 


ഊട്ടിയുടെ മനോഹാരിതയും പ്രണയത്തിന്‍റെ മെഴുതിരി അത്താഴങ്ങളുമായി അനൂപ്‌ മേനോന്‍ കഥയും തിരക്കഥയും രചിച്ച്, സൂരജ് തോമസിന്‍റെ സംവിധാനത്തില്‍ വന്ന ചിത്രം പശ്ചാത്തലത്തിന്‍റെ ആവര്‍ത്തനത്തിലും പ്രേക്ഷകന് പ്രണയസാന്ദ്രമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട്. സുധീഷ് പയ്യന്നൂര്‍ എഴുതുന്നു..

സഞ്ജയ്‌ ഇന്ന് ഇന്ത്യയില്‍ത്തന്നെ അറിയപ്പെടുന്ന ഷെഫ് ആണ്. അദ്ദേഹത്തിന്‍റെ റസ്റ്റോറന്‍റിലെ ചിക്കന്‍കറി വളരെ പ്രശസ്തവും. മറ്റാര്‍ക്കുമറിയാത്ത ഒന്നാണ് അതിന്‍റെ രുചിക്കൂട്ട്. താരയുമായുള്ള സഞ്ജയ്‍യുടെ വിവാഹം നിശ്ചയിച്ചിരിക്കുന്ന സമയമാണ്. താരയുടെ ജന്മദിന ദിവസം സഞ്ജയ്‌ക്ക് ഒരു ഫോണ്‍ കോള്‍ വരുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഭൂരിഭാഗവും ഊട്ടിയില്‍ തന്നെ ആണ് ചിത്രീകരിചിരിക്കുനത്. ഊട്ടിയുടെ മനോഹാരിത ജിത്തു ദാമോദറിന്‍റെ ക്യാമറയിലൂടെ മികച്ചൊരു വിഷ്വല്‍ ട്രീറ്റും പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ഊട്ടിയും മെഴുതിരികളും ദേവതാരുവും ഒക്കെ നല്ല ഒഴുക്കില്‍ തന്നെ മുന്നോട്ടു പോകുന്നു.

Latest Videos

undefined

ഫ്ലാഷ്ബാക്കിലൂടെ കഥ പറയുമ്പോള്‍ സ്ഥിരം ശൈലിയില്‍ തന്നെ അനൂപ്‌ മേനോന്‍, മിയ എന്നിവരുടെ പ്രകടനം സിനിമയ്ക്ക് മാറ്റ് കൂട്ടുമ്പോള്‍ എടുത്തു പറയേണ്ട പ്രകടനം ബൈജു, അലന്‍സിയര്‍, നിര്‍മല്‍ എന്നിവരുടേതാണ്. ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രങ്ങളാവുമ്പോള്‍ത്തന്നെ സ്വതസിദ്ധമായ ശൈലിയില്‍ മികച്ചുനില്‍ക്കാനും സാധിക്കുന്നുണ്ട്. ഗാനങ്ങള്‍, പശ്ചാത്തല സംഗീതം എന്നിവയും സിനിമയുടെ റൊമാന്‍റിക് മൂഡ്‌ നിലനിര്‍ത്തുന്നുണ്ട്.

പ്രണയത്തിന്‍റെ തീവ്രതയെക്കാള്‍ അതിലൂടെ ഉരുത്തിരിയുന്ന ജീവിതസാഹചര്യങ്ങളെ പകര്‍ത്തുകയാണ് ചിത്രം. പ്രിയപ്പെട്ട ഒരാളുടെ സ്വപ്നം തന്‍റെയും സ്വപ്നം ആകുന്നത്, അയാളുടെ വിഷമം തന്‍റെയും ജീവിതത്തിലെ പ്രതിസന്ധികളില്‍ കൂടെ വരുന്നത് ഒക്കെ. ഒരുപക്ഷേ കഥയുടെ മുന്നോട്ടുപോക്കില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് തന്നെയാവാം മെഴുതിരി അത്താഴങ്ങള്‍ തരുന്നതും. അതിനെ ഒരു വിരുന്നാക്കി മാറ്റുന്നിടത് സംവിധായകനും പ്രതീക്ഷ നല്‍കുന്നു. ഒരുകാലത്തെ പ്രിയപ്പെട്ടവളെ സഞ്ജയ്‌ വീണ്ടും കാണുന്ന രംഗത്തില്‍ പ്രണയത്തെയും സ്നേഹത്തെയും കൃത്യമായി ഡിഫൈന്‍ ചെയ്യുന്നുണ്ട്. അഞ്ജലി - സഞ്ജയ്‌ സംഭാഷണങ്ങളിലൂടെ മതവും മനുഷ്യനും തമ്മിലുള്ള ചിന്തകളിലെ വൈരുധ്യങ്ങളും പറയുന്നുണ്ട്. ഒരുപക്ഷെ ഇനിയുള്ള കാലത്ത് പ്രണയം മതത്തിന്‍റെ വേലിക്കുള്ളില്‍ കെട്ടിയിടപ്പെട്ടെക്കാം എന്ന ആകുലതയും ആവാം അത്.

click me!