ഉറങ്ങാത്ത കാന്‍; സിനിമ നിറയുന്ന രാപ്പകലുകള്‍

By പ്രശാന്ത് രഘുവംശം  |  First Published May 25, 2017, 7:47 PM IST

 ആദ്യ സിനിമ

Latest Videos

undefined

 എഴുപതാം കാൻ ചലച്ചിത്രമേള അവസാനിക്കാൻ ഇനി നാലു ദിനം മാത്രം. ടിവിയിൽ മാത്രം കണ്ടിട്ടുള്ള കലയുടെ ഈ ഉത്സവം നേരിൽ കാണുന്നത് മാന്ത്രിക അനുഭവം തന്നെയാണ്. ഒരു നഗരം മുഴുവൻ മേള ഏറ്റെടുക്കുന്നു. ഫ്രഞ്ച് ഭാഷ മാത്രം അറിയാവുന്ന ജനത ലോകത്തെവിടെയുമുള്ള സിനിമ ഏറ്റെടുക്കുന്നു. കാനിൽ എല്ലാ വഴികളും ഇടുങ്ങിയതാണ്. രണ്ട് വാഹനങ്ങൾക്ക് എതിർദിശയിൽ ഒരേ സമയം പോകാനാവുന്ന റോഡുണ്ടെങ്കിൽ അത് ഏറ്റവും വലിയ നിരത്താണ്. മറ്റെല്ലാം ഒരു വാഹനത്തിന് കഷ്ടിച്ച് സഞ്ചരിക്കാവുന്ന വഴികൾ. എല്ലാ നിരത്തുകളും ചലച്ചിത്ര മേള തുടങ്ങിയാൽ പിന്നെ പലൈ ദി ഫെസ്റ്റിവലിക്കോണ്. പല തിയേറ്ററുകളും പവലിയനുകളും റെഡ് കാർപ്പറ്റും ഒക്കെയുള്ള സ്ഥിരം വേദി. 

ഗ്രാൻറ് ലൂമിയർ തിയേറ്ററാണ് കാനിലെ ഏറ്റവും പ്രൗഢമായ തിരശ്ശീല. മത്സരവിഭാഗത്തിലെ ഇരുപത് ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ചിത്രങ്ങളിലെ അണിയറ പ്രവർത്തകരെ ചുവപ്പു പരവതാനിയിലൂടെ സ്വീകരിക്കുന്നു. ഗ്രാൻറ് പ്രീമിയറിന് വലതുവശത്തുള്ള ‘ദിബൂസി’ അടുത്തും അകലെയുമുള്ള സംസ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പല ഭാഷകളിലെ 20 സിനിമകളാണ് ഇവിടെയും എത്തുന്നത്. കാനിൽ എന്റെ ആദ്യ സിനിമാ കാഴ്ച ദിബൂസിയിലായിരുന്നു. രാത്രി പത്തരയ്ക്ക് പ്രദർശിപ്പിച്ചത് അർജൻറീനയിൽ നിന്നുള്ള ‘ദി സമ്മിറ്റ്’. 

അക്രഡിറ്റേഷൻ ഉള്ളതുകൊണ്ടു മാത്രം എല്ലാ സിനിമകളും കാനിൽ കാണാൻ കഴിയില്ല. ലൂമിയർ തീയറ്ററിൽ ക്ഷണിക്കപ്പെട്ടവർക്കാണ് സാധാരണ പ്രവേശനം. സാധാരണ ബാഡ്ജുകൾ ഉള്ളവർക്ക് നറുക്കെടുപ്പിൽ പങ്കെടുത്ത് ഭാഗ്യം പരീക്ഷിക്കാം. ദിബൂസിയിൽ രാത്രി ഷോയ്ക്ക് അത്തരം നിയന്ത്രണം ഉണ്ടാവില്ല. എങ്കിലും അര മണിക്കൂറിലധികം ക്യൂ നിന്നു. ഒരപസ്വരവും ഇല്ല. തികഞ്ഞ അച്ചടക്കം. സിനിമ തുടങ്ങുന്നതിന് മുന്പ് അണിയറ പ്രവർത്തകരെ സ്റ്റേജിലേക്ക് വിളിക്കുന്നു. ചെറിയ ഒരു പരിചയപ്പെടുത്തൽ മാത്രം. ചിലിയിലേക്ക് പെട്രോളിയം സമ്മിറ്റിനായി പോകുന്ന അർജന്റീനിയൻ പ്രസിഡന്‍റിന്‍റെ രാഷ്ട്രീയവും കുടുംബപരവുമായ സംഘർഷങ്ങൾ നന്നായി ചീത്രീകരിച്ച ‘ദി സമ്മിറ്റി’ന് കാണികളുടെ വലിയ കൈയ്യടി കിട്ടി.

 ഉറങ്ങാത്ത കാൻ

സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ രണ്ടു മണി. കാനിലെ തെരുവുകൾ ഈ രാത്രികളിൽ ഉറങ്ങാറില്ല. പല റെസ്റ്റോറൻറുകൾക്ക് മുന്നിലും സിനിമാ പ്രേമികളുടെയും ലോകയുവതയുടെയും തിരക്ക്. പുലർച്ചെ നാലു മണിവരെ തുറന്നിരിക്കും എന്ന ബോർഡുകൾ കാനിൽ കാണാം. ബിയറും വൈനും ഒഴുകുന്നു. തിയേറ്ററിൽ നിന്ന് ഇറങ്ങിയാൽ അടുത്ത വാതിൽ കാസിനോ ആണ്. അവിടെയും പാതിരാ കഴിയുന്പോഴും തിരക്കു കണ്ടു. കാൻ മേളയുടെ വിവിധ പവലിയനുകളിൽ സംഘാടകൾ മദ്യവും ചില പ്രാദേശിക വിഭവങ്ങളും സൗജന്യമായി നല്കുന്നു. മേളയിൽ തിയേറ്ററിനുള്ളിൽ മാത്രം മദ്യത്തിന് വിലക്കുണ്ട്. ഒരു കൊല്ലത്തെ വരുമാനം സമീപത്തെ ഹോട്ടലുകൾ ഈ പന്ത്രണ്ട് ദിവസത്തിൽ ഉണ്ടാക്കും. പത്തു മുതൽ ഇരുപത് യൂറോ (ഒരു യൂറോ 71 രൂപ) സാധാരണ കടകളിൽ ഒരു അത്താഴത്തിന് വാങ്ങുന്നു. രണ്ടും മൂന്നും യൂറോയ്ക്ക് ഇത് നല്കുന്ന ഒന്നോ രണ്ടോ ചെറുകടകളും ഉണ്ട്. കാൻ നഗരത്തിന്റെ നിലനില്പ് ഈ മേളയെ ആശ്രയിച്ചാണ്

 സ്വപ്നങ്ങളുമായി രാജീവ് മേനോൻ

 ചലച്ചിത്ര മേളയുടെ പ്രധാനവേദിക്ക് തൊട്ടു മുന്നിലെ തെരുവിലാണ് അപ്രതീക്ഷിതമായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോനെ കണ്ടത്. ഒപ്പം പരസ്യചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയ ആയ ഭാര്യ ലതയുമുണ്ട്. രാജീവ് കാൻ നഗരം നടന്നു കാണുകയാണ്. മിൻസാര കനവും, കണ്ടു കൊണ്ടേൻ കണ്ടുകൊണ്ടേനുമൊക്കം ഉത്സവമാക്കിയ രാജീവ് കാനിൽ കലയുടെയും ഗ്ലാമറിന്റെയും മിശ്രണം കാണുന്നു.

“പണ്ട് ഉള്ള ട്രെൻഡിൽ മാറ്റമുണ്ട്. യുവ ഗൊദാദ് സിനിമകൾ മാറി ഇപ്പോൾ 70, 80 വയസ്സുള്ള നായകരെ കാണുന്നു. അവരും യുവത്വവും തമ്മിലുള്ള ബന്ധം പ്രമേയമാകുന്നു. എങ്ങനെയാണ് അവർ മരണത്തെ സമീപിക്കുന്നത് ഒപ്പം യുവത്വം സാമൂഹ്യമാധ്യമങ്ങളെ കണ്ടെത്തുന്നത് -  ഒക്കെ ഇപ്പോൾ ട്രെൻഡാണ്. ഏറ്റവും പ്രത്യേകത സിനിമയെ സർഗ്ഗാത്മകയുടെ കലയായി വന്ദിക്കുന്ന ഉത്സവത്തിൽ ഗ്ളാമറിനെയും വന്ദിക്കുന്നു. യഥാർത്ഥ കലയും യഥാർത്ഥ ഗ്രാമറും ഒന്നിക്കുന്ന. ഇത് ഈ മേളയെ അസാധാരണവും അനന്യവുമാക്കുന്നു.

 രാജീവ് എന്ത് ചിന്തയുമായാണ് മടങ്ങുന്നത് ? “ ഏതെങ്കിലും ഒരു ഇന്ത്യൻ സിനിമ മത്സരത്തിൽ കയറണം. ഷാജി സാറിനു ശേഷം ആർക്കും അങ്ങനെയൊരു സിനിമ എത്തിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ? ഇത് ഒരാൾ വിചാരിച്ചാൽ പോര. പലരും ശ്രമിക്കണം. ഹിമാലയം കയറാൻ പലരും ശ്രമിക്കും ഒരാൾ മുന്നിലെത്തും. അതു പോലെയുള്ള ശ്രമം വേണം”
 

click me!