സൽമാൻ ഖാൻ ചിത്രം സിക്കന്ദറും മോഹൻലാലിൻ്റെ എമ്പുരാനും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നു. ആദ്യദിന ബുക്കിംഗിൽ എമ്പുരാൻ സിക്കന്ദറിനെക്കാൾ മുന്നിലാണ്. ഇരു ചിത്രങ്ങളും തമ്മിൽ മത്സരമില്ലെന്ന് പൃഥ്വിരാജ്.
ദില്ലി: സൽമാൻ ഖാന്‍റെ സിക്കന്ദർ മാർച്ച് 30 ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദന്ന, കാജൽ അഗർവാൾ, സത്യരാജ്, ശർമൻ ജോഷി, പ്രതീക് ബബ്ബർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആരാധകർക്ക് സിക്കന്ദറിന്റെ അഡ്വാന്‍സ് ബുക്കിംഗ് വിൻഡോ കഴിഞ്ഞ ദിവസമാണ് തുറന്നത്.
സക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആദ്യദിനത്തില്‍ സിക്കന്ദർ 1.91 കോടി രൂപ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത്. ഇന്ത്യയിൽ ആദ്യ ദിനത്തിൽ 60,000-ത്തിലധികം ടിക്കറ്റുകൾ സല്‍മാന്‍ ചിത്രത്തിന്‍റെതായി വിറ്റുതീർന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബ്ലോക്ക് സീറ്റുകൾ ഉപയോഗിച്ച് ചിത്രം 6.15 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റുവെന്നാണ് മറ്റൊരു വാര്‍ത്ത. ഇന്ത്യയിലുടനീളം സിക്കന്ദറിന് ആകെ 9128 ഷോകളുണ്ട്. സിക്കന്ദർ മോഹൻലാലിന്റെ മലയാളം ആക്ഷൻ ത്രില്ലർ എൽ2: എമ്പുരാനുമായി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്. സിക്കന്ദറിന്റെ റിലീസിന് ദിവസങ്ങൾക്ക് മുമ്പ് മാർച്ച് 27 നാണ് എമ്പുരാന്‍ റിലീസ്.
സിക്കന്ദറിനെക്കാള്‍ വളരെ കൂടുതലാണ് എമ്പുരാന്‍ ആദ്യദിന ബുക്കിംഗ്. എമ്പുരാന്‍ പ്രീ സെയിലില്‍, ആദ്യ ഒരു മണിക്കൂറില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ ബുക്കിംഗ് നേടിയിരുന്നു. 96,000 ല്‍ ഏറെ ടിക്കറ്റുകളാണ് പീക്ക് അവറില്‍ ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്.
ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ 6.45 ലക്ഷം ടിക്കറ്റുകളാണ് എമ്പുരാന്‍റേതായി പ്ലാറ്റ്‍ഫോമിലൂടെ വിറ്റുപോയിരിക്കുന്നത്. മലയാള സിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ റോക്കോര്‍ഡ് ആണ് ഇത്.
എൽ2: എമ്പുരാനും സിക്കന്ദറും തമ്മിലുള്ള ബോക്സ് ഓഫീസ് പോരാട്ടത്തെക്കുറിച്ച് പ്രതികരിക്കവേ, രണ്ട് സിനിമകൾക്കിടയിൽ "ഒരു മത്സരവുമില്ല" എന്ന് എമ്പുരാന്‍ സംവിധായരന്‍ പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. "സൽമാൻ ഖാൻ രാജ്യത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്, രണ്ട് സിനിമകളും തമ്മിൽ ഒരു മത്സരവുമില്ല. ഇത് ഒരു ബ്ലോക്ക്ബസ്റ്ററാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," പൃഥ്വിരാജിന്‍റെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രമെഴുതി മോഹന്‍ലാല്‍; ഓപണിംഗില്‍ 50 കോടി നേട്ടവുമായി 'എമ്പുരാന്'