അദിതി റായ്; പുറത്താകല്‍ അപ്രതീക്ഷിതം, പക്ഷേ..

By Web TeamFirst Published Sep 27, 2018, 10:20 PM IST
Highlights

ബിഗ് ബോസ് അവസാനിക്കാന്‍ നാല് നാളുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഈ ഷോ കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയവരില്‍ ഒരാളും അദിതി റായ് ആണ്. അതിനാല്‍ത്തന്നെ അപ്രതീക്ഷിത പുറത്താകലിന്റെ ഞെട്ടലില്‍ നിന്ന് മോചിതയാകുമ്പോള്‍ അവര്‍ക്ക് ഓര്‍ത്ത് വിഷമിക്കാന്‍ ഏറെയൊന്നും ഉണ്ടാവില്ല.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മുഴുവന്‍ മത്സരാര്‍ഥികളെയും പ്രഖ്യാപിച്ചതിന് ശേഷമുള്ള ബിഗ് ബോസ് ഹൗസിലെ ആദ്യ എപ്പിസോഡ്. ആദ്യ ടാസ്‌ക് നല്‍കലോ നിയമങ്ങള്‍ വിശദമാക്കലോ നടക്കുന്നു. ലോകം മുഴുവനുമുള്ള ഒരു വലിയ വിഭാഗം മലയാളികള്‍ വരും ദിനങ്ങളില്‍ കാണാനുള്ള ഒരു ഷോയുടെ ഭാഗമാകുന്നതിലുള്ള സന്തോഷത്തിലായിരുന്നു എല്ലാവരും. പക്ഷേ അന്നൊരാള്‍ അവിടെ കണ്ണീര്‍ പൊഴിച്ചു. അദിതി റായ് എന്ന, പ്രേക്ഷകരില്‍ നല്ലൊരു വിഭാഗത്തിനും അതുവരെ കാര്യമായി പരിചയമില്ലാതിരുന്ന ഒരു മത്സരാര്‍ഥിയായിരുന്നു അത്. തന്റെ വശമില്ലാത്ത മലയാളത്തില്‍ ആരോടോ തര്‍ക്കിച്ച് പരാജയപ്പെട്ട് കിടപ്പുമുറിയിലേക്ക് ഓടിപ്പോയിട്ടായിരുന്നു അദിതിയുടെ കരച്ചില്‍. ഒരുപക്ഷേ ബിഗ് ബോസ് ഹൗസിലെ എപ്പോഴും മിഴി തുറന്നിരിക്കുന്ന ക്യാമറകള്‍ ആദ്യം ഒപ്പിയെടുത്ത നാടകീയ നിമിഷങ്ങളും അതായിരിക്കണം.

ഇത്തരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യം വെളിവാക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദിതി റായ്. ആദ്യ എപ്പിസോഡ് കണ്ട പ്രേക്ഷകരില്‍ ചിലരെങ്കിലും അവര്‍ ഈ ഷോയില്‍ ഏറെ ദൂരം മുന്നോട്ട് പോകുമെന്ന് കണക്കുകൂട്ടിയിരിക്കണം. അത് ഈ മത്സരാര്‍ഥിയുടെ കഴിവിലുള്ള പ്രതീക്ഷ കൊണ്ടായിരുന്നില്ല, നേരെ മറിച്ച് ആദ്യ എപ്പിസോഡില്‍ത്തന്നെ പ്രേക്ഷകരില്‍ ഒരു വലിയ വിഭാഗത്തിന്റെ സഹാനുഭൂതി പിടിച്ചുപറ്റിയിരുന്നു അദിതി. മുന്നോട്ടുപോക്കില്‍ ഈ സഹാനുഭൂതി വോട്ടായി മാറുമെന്ന് ചിലരെങ്കിലും കണക്കുകൂട്ടിയിരിക്കണം.

Latest Videos

മലയാളത്തില്‍ വിനിമയം നടത്താനുള്ള ശേഷിക്കുറവ് ഉള്‍പ്പെടെ തന്റെ കുറവുകള്‍ ബുദ്ധിപൂര്‍വ്വം മികവുകളാക്കുന്ന അദിതി റായിയെയും പിന്നീട് പ്രേക്ഷകര്‍ കണ്ടു. ബിഗ് ബോസിലെ സൈലന്റ് പ്ലെയര്‍ എന്ന് പ്രേക്ഷകര്‍ അവരെ വിലയിരുത്തി. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികള്‍ തമ്മിലുള്ള ഇണക്കങ്ങളിലും പിണക്കങ്ങളിലുമൊക്കെ ഒരിക്കലും കൃത്യമായി നിലപാട് എടുക്കുകയോ പറയുകയോ ചെയ്യാതെ അദിതി ഒഴിഞ്ഞുമാറാറാണ് പതിവ്. സ്വന്തം കാര്യം വരുമ്പോള്‍, ആരെങ്കിലും ഒറ്റയ്‌ക്കോ കൂട്ടമായോ തന്നെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ കരയുന്നതും ബിഗ് ബോസില്‍ പലകുറി കണ്ടു. എലിമിനേഷനിലെ നോമിനേഷനില്‍ പലപ്പോഴും 'സ്വാര്‍ഥതാ' ആരോപണം നേരിട്ടു. അഞ്ജലി അമീറിനൊപ്പം കണ്‍ഫെഷന്‍ റൂമിലെത്തിയ എപ്പിസോഡ് ഉദാഹരണം. 

ബിഗ് ബോസ് ഹൗസിലെ അദിതിയുടെ അടുത്ത സൗഹൃദങ്ങള്‍ ഷിയാസുമായും അരിസ്‌റ്റോ സുരേഷുമായും ആയിരുന്നു. പേളിയുമായി അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല. പേളിയെ ഏറ്റവുംകൂടുതല്‍ തവണ നോമിനേറ്റ് ചെയ്തത് അദിതി ആയിരുന്നു. ആദ്യ രണ്ടാഴ്ചയിലെ നോമിനേഷനിലും അദിതി ഇടംപിടിച്ചിരുന്നു. പിന്നീടാണ് ഒരുപക്ഷേ അദിതി ബിഗ് ബോസിലെ 'ഗെയിമിംഗ്' മനസിലാക്കി പെരുമാറാന്‍ തുടങ്ങിയത്. തന്റേതായ കാരണങ്ങളാല്‍ മറ്റുള്ളവരുമായുള്ള വഴക്കുകള്‍ പിന്നീട് തീരെ കുറവായിരുന്നു. 

പക്ഷേ അദിതിയോട് ഉണ്ടാവാറുള്ള പിണക്കം ഒരു മത്സരാര്‍ത്ഥിയും അധികദിവസം കൊണ്ടുനടന്നില്ല. തര്‍ക്കത്തിനും പിണക്കത്തിനുമൊക്കെ കാരണം എന്തുതന്നെ ആയാലും 'ഓ, അത് അദിതിയല്ലേ' എന്ന മാനസികാവസ്ഥയിലേക്ക് ബിഗ് ബോസ് ഹൗസിലെ സഹവാസികളെ പരിവര്‍ത്തിപ്പിച്ചു എന്നതിലാണ് അദിതിയുടെ വിജയം. മറ്റുള്ളവരുമായി തട്ടിച്ചുനോക്കുമ്പോഴുള്ള എല്ലാ കുറവുകള്‍ക്കിടയിലും അവര്‍ 95-ാം ദിവസം വരെ പുറത്താവാതെ പിടിച്ചുനിന്നതും ഇക്കാരണത്താലാണ്. ബിഗ് ബോസ് അവസാനിക്കാന്‍ നാല് നാളുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഈ ഷോ കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയവരില്‍ ഒരാളും അദിതി റായ് ആണ്. അതിനാല്‍ത്തന്നെ അപ്രതീക്ഷിത പുറത്താകലിന്റെ ഞെട്ടലില്‍ നിന്ന് മോചിതയാകുമ്പോള്‍ അവര്‍ക്ക് ഓര്‍ത്ത് വിഷമിക്കാന്‍ ഏറെയൊന്നും ഉണ്ടാവില്ല. 

click me!