എന്തുകൊണ്ട് പൃഥ്വിരാജ്? 'സലാര്‍' സംവിധായകന്‍ പ്രശാന്ത് നീല്‍ പറയുന്ന കാരണം

By Web TeamFirst Published Dec 18, 2023, 10:01 PM IST
Highlights

വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്

ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് പബ്ലിസിറ്റിയുമായാണ് തെലുങ്ക് സിനിമയില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം സലാര്‍ വരാന്‍ പോകുന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രഭാസ് നായകനാവുമ്പോള്‍ ഏറെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ പൃഥ്വിരാജും അവതരിപ്പിക്കുന്നു. മലയാളികളെ സംബന്ധിച്ച് ഏറെ കൗതുകമുണര്‍ത്തുന്ന കാര്യമാണ് ഇത്. ഇപ്പോഴിതാ പ്രഭാസ് കഴിഞ്ഞാല്‍ ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രത്തിലേക്ക് എന്തുകൊണ്ട് പൃഥ്വിരാജിനെ തെരഞ്ഞെടുത്തു എന്നതിന്‍റെ കാരണം പറയുകയാണ് പ്രശാന്ത് നീല്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇതേക്കുറിച്ച് പറയുന്നത്.

"വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തിനുവേണ്ടി ഒരു താരം എന്നതിനേക്കാള്‍ ഒരു ഗംഭീര നടനെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. രണ്ട് ഉറ്റ ചങ്ങാതിമാര്‍ ശത്രുക്കളായി മാറുകയാണ് സിനിമയില്‍. ആ സ്നേഹവും വെറുപ്പും സ്ക്രീനിലേക്ക് എത്തിക്കുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. ഈ കഥാപാത്രം ആര് ചെയ്യുമെന്ന് ‌ഞങ്ങള്‍ ഏറെക്കാലം ചിന്തിച്ചു. ഒരുപാട് പേരുകളും മുന്നിലേക്കെത്തി. ഹിന്ദിയില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവന്നാലോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ എന്‍റെ മനസില്‍ ആദ്യം മുതലേ വന്നുകൊണ്ടിരുന്നത് പൃഥ്വിരാജിന്‍റെ പേരായിരുന്നു. പക്ഷേ അതല്‍പ്പം കടന്ന സ്വപ്നമാണോ എന്നും ഞാന്‍ ആലോചിച്ചിരുന്നു. കുറേ സമയമെടുത്തായിരുന്നു അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍. തിരക്കഥ കേള്‍ക്കുമ്പോള്‍ അദ്ദേഹം സമ്മതിക്കില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു തിരക്കഥ", പ്രശാന്ത് നീല്‍ പറയുന്നു.

Latest Videos

പൃഥ്വിരാജ് സമ്മതിക്കില്ലെന്ന് കരുതാനുള്ള കാരണമെന്തെന്ന ചോദ്യത്തിന് സംവിധായകന്‍റെ മറുപടി ഇങ്ങനെ- "കാരണം അദ്ദേഹം മലയാള സിനിമയിലെ ഒരു വലിയ താരമാണ്. ഈ സിനിമയില്‍ അദ്ദേഹം ഒരു രണ്ടാമനല്ല, പക്ഷേ അതേസമയം.. അത് എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഒരുപാട് സീനുകളില്‍ നായകന്‍ ദേവയാണ് എല്ലാം ചെയ്യുന്നത്. പക്ഷേ ഈ തിരക്കഥ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. തിരക്കഥാവായന തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി അദ്ദേഹം ഒരു സംവിധായകനെപ്പോലെയാണ് ചിന്തിക്കുന്നതെന്ന്. പ്രഭാസ് സാറിന്‍റെ സീനുകളൊക്കെ അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു. ഇന്‍ട്രോ അടക്കം. ഗംഭീരമായാണ് പൃഥ്വി വരദരാജ മന്നാറെ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസ് കഴിഞ്ഞാല്‍ ഈ സിനിമയുടെ കാര്യത്തില്‍ എനിക്ക് അത്രയും ആത്മവിശ്വാസമുള്ളതിന്‍റെ കാരണം പൃഥ്വിരാജ് ആണ്. നടന്‍ എന്നതിനൊപ്പം ഒരു പെര്‍ഫെക്റ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ ചില സജക്ഷന്‍സ് അത്രയും ബ്രില്യന്‍റ് ആയിരുന്നു. പ്രഭാസിന്‍റെയും പൃഥ്വിരാജിന്‍റെയും സിനിമയാണ് സലാര്‍. പൃഥ്വിരാജ് ഇല്ലാതെ സലാര്‍ ഇത്തരത്തില്‍ ചെയ്യാനാവുമായിരുന്നില്ല", പ്രശാന്ത് നീല്‍ പറയുന്നു. ഡിസംബര്‍ 22 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്.

ALSO READ : നിവിന്‍ പോളിയുടെ അടുത്ത ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനം വിദേശ ഫെസ്റ്റിവലില്‍; ആഹ്ളാദം പങ്കുവച്ച് നിര്‍മ്മാതാവ്

tags
click me!