കങ്കുവയുടെ പ്രീമിയര്‍ ഷോ രണ്ട് ദിവസം നേരത്തെയുണ്ടാകും.
തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. എന്നാല്‍ കങ്കുവയുടെ വേള്‍ഡ് പ്രീമിയര്‍ ഷോ പ്രദര്‍ശനം നേരത്തെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ 12നാകും ചിത്രത്തിന്റെ പ്രീമിയര്‍.
സൂര്യയുടെ കങ്കുവയുടെ വേള്‍ഡ് പ്രീമിയര്‍ ഷോ സെലിബ്രിറ്റികള്‍ക്കായി മുംബയിലാണ് സംഘടിപ്പിക്കുക എന്നാണ് സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. സൂര്യയുടെ കങ്കുവയുടെ വിദേശ്വത്തെ അഡ്വാൻസ് കളക്ഷൻ കണക്കുകളാണ് നിലവില്‍ ലഭ്യമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് കങ്കുവ 1.09 കോടിയുടെ കളക്ഷൻ അഡ്വാൻസായി നേടിയിരിക്കുകയാണ്. ചെറിയ തുകയാണെങ്കിലും കങ്കുവയുടെ ബുക്കിംഗ് തുടങ്ങിയിട്ട് അധികമായില്ല എന്നതിനാല്‍ പ്രതീക്ഷ പകരുന്നതാണ്.
സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞ് മദൻ കര്‍ക്കി റിവ്യു എഴുതിയിരുന്നു. ഡബ്ബിംഗ് നടക്കുമ്പോള്‍ തനിക്ക് പല രംഗങ്ങളും കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ കാഴ്ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം. കലയുടെ ചാരുത. കഥയുടെ ആഴം. സംഗീതത്തിന്റെ തലങ്ങള്‍. സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തില്‍ ചേരുമ്പോള്‍ തിയറ്ററില്‍ മികച്ച അനുഭവമാകുന്നു. മികച്ച ആഖ്യാനത്തിന് സംവിധായകൻ സിവയ്ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് നന്ദി എന്നും പറയുന്നു മദൻ കര്‍ക്കി. കങ്കുവ മനോഹരമായ ഒരു കലാസൃഷ്ടിയാണെന്നും പറയുകയാണ് മദൻ കര്‍ക്കി.
Read More: ഇതിലും രസകരമായി എങ്ങനെ അത് പറയാനാണ്?, സായ് പല്ലവിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക