'പ്രീമിയറിന് തന്നാൽ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്ലിക്സിന്‍റെ ഓഫർ'; നിർമ്മാതാവിന്‍റെ വെളിപ്പെടുത്തൽ

By Web TeamFirst Published Oct 16, 2024, 11:21 AM IST
Highlights

സമീപകാലത്ത് മലയാള സിനിമയുടെ ഒടിടി മാര്‍ക്കറ്റ് ഇടിഞ്ഞിരിക്കുകയാണ്. ശ്രദ്ധേയ ചിത്രങ്ങള്‍ മാത്രമാണ് പ്ലാറ്റ്‍ഫോമുകള്‍ വാങ്ങുന്നത്

രാഷ്ട്രീയ പ്രവര്‍ത്തനം സിനിമയില്‍ ഇടവേള കൊണ്ടുവന്നിട്ടുണ്ടെങ്കിലും സുരേഷ് ഗോപി എന്ന സൂപ്പര്‍താരത്തിന്‍റെ വിപണിമൂല്യം അത് കുറച്ചിട്ടില്ല. ബജറ്റില്‍ ഉയര്‍ന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളത്. ഇപ്പോഴിതാ ഒരു സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍. നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നായിരുന്നു. 2021 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. രണ്‍ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന് ലഭിച്ച ഒടിടി ഓഫറിനെക്കുറിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്. 

Latest Videos

കാവല്‍ എന്ന സിനിമ ആ സമയത്ത് നേടിത്തന്ന സാമ്പത്തിക ലാഭം വളരെ വലുതായിരുന്നോ എന്ന ചോദ്യത്തിന് ആയിരുന്നുവെന്നാണ് ജോബി ജോര്‍ജിന്‍റെ മറുപടി. "വലുതായിരുന്നു. ഭയങ്കര ലാഭമായിരുന്നു. നെറ്റ്ഫ്ലിക്സിന് കൊടുത്തത് തന്നെ നല്ല വിലയ്ക്കാണ്. പക്ഷേ എനിക്ക് അതിലും കൂടുതല്‍ പൈസ കിട്ടിയേനെ. ഇവര് (നെറ്റ്ഫ്ലിക്സ്) പ്രീമിയറിന് ചോദിച്ചു. 21 കോടിയാണ് അവര്‍ ഓഫര്‍ ചെയ്തത്. പക്ഷേ നമ്മള്‍ ഒരു സമൂഹജീവിയല്ലേ. ഞാന്‍ മാത്രം പുട്ടടിച്ചിട്ട് കാര്യമില്ലല്ലോ. തിയറ്ററുകാരും വേണം. അതുകൊണ്ട് തിയറ്റര്‍ റിലീസിന് ശേഷമുള്ള റൈറ്റ്സ് ആണ് നെറ്റ്ഫ്ലിക്സിന് കൊടുത്തത്. പക്ഷേ എനിക്ക് പടം ലാഭമായിരുന്നു", ജോബി ജോര്‍ജ് പറഞ്ഞവസാനിപ്പിക്കുന്നു. 

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!