അമരന് ആറു ദിവസത്തിനുള്ളില്‍ ശിവകാര്‍ത്തികേയന്‍റെ കരിയര്‍ ബെസ്റ്റ് ചിത്രമായി മാറി. 164 കോടി കളക്ഷന്‍ നേടിയ ചിത്രം 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തമിഴ് ഓപ്പണറായി.
കൊച്ചി: തമിഴില്‍ അടുത്ത ബിഗ് ലീഗ് താരം എന്ന നിലയിലേക്ക് ശിവകാര്‍ത്തികേയന്‍റെ സ്ഥാനം ഉറപ്പിക്കുന്ന വിജയമാകുകയാണ് അമരന്‍. ഇറങ്ങി ആറു ദിവസത്തിനുള്ളില്‍ ശിവകാര്‍ത്തികേയന്‍റെ കരിയര്‍ ബെസ്റ്റ് പടം എന്ന നിലയിലേക്ക് അമരന്‍ മാറി കഴിഞ്ഞു. ദീപാവലി റിലീസായി എത്തിയ ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യന്‍ കളക്ഷനില്‍ 100 കോടി പിന്നിട്ടിരുന്നു.
വരും ആഴ്ചകളിൽ ശക്തമായി ചിത്രം തീയറ്ററില്‍ ഉണ്ടാകും എന്നാണ് സൂചന. നവംബര്‍ 14ന് കങ്കുവയാണ് അമരന് ഭീഷണിയാകുന്ന ഏക റിലീസ്. അതിനാല്‍ തന്നെ തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് 100 കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
undefined
അതേ സമയം ആറുദിവസത്തില്‍ ആഗോള ബോക്സോഫീസില്‍ രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്‌ത അമരൻ 164 കോടി കളക്ഷന്‍ നേടിയെന്നാണ് ട്രാക്കര്‍മാരുടെ കണക്ക്. ഇത് പ്രകാരം ശിവകാര്‍ത്തികേയന്‍ ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം രായന്‍റെ ലൈഫ് ടൈം കളക്ഷന്‍ മറികടന്നിരിക്കുകയാണ്.
ഇതോടെ വിജയ്, അജിത്, രജനികാന്ത്, കമൽഹാസൻ എന്നിവർക്കൊപ്പം ബിഗ് ലീഗിലേക്ക് താരം കടക്കും എന്നാണ് വിവരം. ശിവകാര്‍ത്തികേയനെ സിനിമയിലേക്ക് എത്തിച്ചയാള്‍ എന്നാണ് പലപ്പോഴും ധനുഷിനെ തമിഴ് സിനിമ വിശേഷിപ്പിക്കാറ്. ധനുഷിന്‍റെ 3യില്‍ സഹതരമായി വന്ന ശിവകാര്‍ത്തികേയന്‍റെ വന്‍ ഹിറ്റായ എതിര്‍നീച്ചല്‍ നിര്‍മ്മിച്ചതും ധനുഷാണ്. എന്നാല്‍ അടുത്തിടെ ധനുഷിന്‍റെ പേര് പറയാതെ ശിവകാര്‍ത്തികേയന്‍ ഇത്തരം വിശേഷണങ്ങളെ നിഷേധിച്ചത് വിവാദമായിരുന്നു. അത്തരത്തില്‍ നോക്കിയാല്‍ വലിയ പ്രധാന്യമാണ് ധനുഷ് ചിത്രത്തെ എസ്.കെ ചിത്രം മറികടന്നത് കോളിവുഡില്‍ ഉണ്ടാക്കുന്നത്.
അതേ സമയം 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തമിഴ് ഓപ്പണറായിരിക്കുകയാണ് എസ്.കെ പട്ടാള വേഷത്തില്‍ എത്തിയിരിക്കുന്ന ബയോപിക് ചിത്രം. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗാണ് ചിത്രം നേടിയിരിക്കുന്നത്. ദീപാവലി ഓപ്പണിംഗില്‍ ദക്ഷിണേന്ത്യയില്‍ ഈ ചിത്രത്തിന് വെല്ലുവിളി ഉയര്‍ത്തിയ ദുല്‍ഖറിന്‍റെ ലക്കി ഭാസ്കറിനെക്കാള്‍ ആദ്യദിന കളക്ഷനില്‍ ബഹുദൂരം മുന്നിലാണ് അമരന്‍ എന്ന് പറയാം.
കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ 'മുകുന്ദ്' ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. രജ് കുമാര്‍ പെരിയസാമിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ജിവി പ്രകാശ്കുമാറാണ് സംഗീത സംവിധാനം.