'ഭാരം 17 കിലോ കൂട്ടി, മൂന്ന് തവണ മൊട്ടയടിച്ചു'; 'ഉരുക്ക് സതീശന്‍റെ' ബജറ്റ് വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

By Web TeamFirst Published Dec 10, 2023, 12:50 PM IST
Highlights

"ഷൂട്ടിംഗിന് ഇടയിൽ മറ്റൊരു ചിത്രം അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സ്വന്തം സിനിമ നിര്‍ത്തി അതിൽ പോയി മുടി വളർത്തി അഭിനയിച്ചു"

സന്തോഷ് പണ്ഡിറ്റ് എന്ന പേര് മലയാളിക്ക് സുപരിചിതമാണ്. കൃഷ്ണയും രാധയും എന്ന ചിത്രമൊരുക്കി മലയാളികളായ സഹൃദയരുടെ മുന്നിലേക്ക് എത്തിയ ആള്‍. പരിഹാസങ്ങളും അവഹേളനങ്ങളുമൊക്കെ പലപ്പോഴും കേട്ടെങ്കിലും സന്തോഷ് തന്‍റേതായ രീതിയിലുള്ള സിനിമകള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്‍റെ 2018 ചിത്രം ഉരുക്ക് സതീശന്‍ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ ചിത്രീകരണവേളയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സന്തോഷ് ഇങ്ങനെ പറയുന്നു.

"ഉരുക്ക് സതീശൻ സിനിമ കണ്ടവർ അഭിപ്രായം അറിയിക്കുക. കേരളം (സുൽത്താൻ ബത്തേരി, കോഴിക്കോട് ടൗൺ, കുറ്റികാട്ടൂർ, കുന്നമംഗലം, നരിക്കുനി, ബാലുശ്ശേരി, സിവിൽ സ്റ്റേഷന്‍, എരഞ്ഞിപ്പാലം), രാജസ്ഥാന്‍, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ വച്ച് ഷൂട്ട് ചെയ്ത സിനിമയാണ് ഉരുക്ക് സതീശൻ. നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉൾപ്പെടുത്തി ഞാൻ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത്. വിശാൽ എന്ന കഥാപാത്രം ചെയ്യുവാൻ 62 കിലോ ശരീരഭാരം കുറച്ച് 57 ൽ എത്തിച്ചു. ആ ഭാഗം പൂര്‍ത്തിയാക്കി. പിന്നീട് 4 മാസം ബ്രേക്ക് എടുത്ത് കുറേ ഭക്ഷണം ഒക്കെ വെട്ടിവിഴുങ്ങി 74 കിലോ ആക്കി മുടിയെല്ലാം മൊട്ട അടിച്ചാണ് ഉരുക്ക് സതീശൻ എന്ന കഥാപാത്രം ചെയ്തത്." 

Latest Videos

"ആ ഷൂട്ടിംഗിന് ഇടയിൽ മറ്റൊരു ചിത്രം അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സ്വന്തം സിനിമ നിര്‍ത്തി അതിൽ പോയി മുടി വളർത്തി അഭിനയിച്ചു. ആ സിനിമ പൂർത്തിയാക്കി സ്വന്തം സിനിമ വീണ്ടും തുടങ്ങി. അങ്ങനെ വീണ്ടും മൊട്ടയടിച്ച് ഉരുക്ക് സതീശൻ കഥാപാത്രം തീർത്തു. എഡിറ്റിംഗ് തുടങ്ങിയപ്പോൾ ഒരു സീൻ കൂടി ഉൾപ്പെടുത്തേണ്ട ആവശ്യം തോന്നി. അങ്ങനെ മൂന്നാം തവണയും മുടി മൊട്ട അടിച്ച് ഷൂട്ട് ചെയ്തു (പാവം ഞാൻ....). ഈ സിനിമ കാണുമ്പോൾ എൻ്റെ കഷ്ടപ്പാട് നിങ്ങൾക്ക് മനസ്സിലാക്കണം എന്നില്ല. അന്ന് കൂടിയ തടി, വയർ എന്നിവ ഞാൻ പിന്നീട് 3 മാസം കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത് 62 കിലോ ആക്കി മാറ്റി. സിനിമ കാണാത്തവർ യുട്യൂബിലൂടെ കഴിഞ്ഞ ദിവസം അപ്‍ലോഡ് ആയ ഫുള്‍ മൂവി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക..", സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍.

ALSO READ : 'എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അതാണ്'; ചലച്ചിത്ര അവാര്‍ഡ് വേദിയിലെ ഭീമന്‍ രഘുവിനെ ഓര്‍മ്മിച്ച് രഞ്ജിത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!