'സിങ്കം എഗെയ്‍നി'ല്‍ സല്‍മാന്‍ ഖാന്‍റെ അതിഥിവേഷം ഒഴിവാക്കി സംവിധായകന്‍; കാരണം ഇതാണ്

By Web Team  |  First Published Oct 21, 2024, 7:43 PM IST

ബോളിവുഡില്‍ സമീപകാലത്തെ ഏറ്റവും വലിയ താരനിരയുമായി എത്തുന്ന ചിത്രമാണ് സിങ്കം എഗെയ്‍ന്‍. ദീപാവലി റിലീസ് ആണ് ചിത്രം


ജീവിതത്തില്‍ ഏറെ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു സാഹചര്യത്തിലൂടെ കടന്നുപോവുകയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. തടവിലുള്ള കുറ്റവാളി ലോറന്‍സ് ബിഷ്‍ണോയ്‍യുടെ സംഘത്തില്‍ നിന്നുള്ള വധഭീഷണിയും ഒപ്പം ഉറ്റ സുഹൃത്തും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകവും. ഇപ്പോഴിതാ സിനിമാപ്രേമികള്‍ കാത്തിരുന്ന സല്‍മാന്‍ ഖാന്‍റെ ഒരു അതിഥിവേഷം ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വരികയാണ്. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ സിങ്കം എഗെയ്നിലാണ് അത്.

അജയ് ദേവ്‍ഗണ്‍ ഡിസിപി ബജിറാവു സിങ്കം എന്ന നായക കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജാക്കി ഷ്രോഫ് തുടങ്ങി നീണ്ട താരനിരയാണ് ഒരുമിക്കുന്നത്. ഈ കൂട്ടത്തിലേക്ക് അതിഥിവേഷത്തില്‍ സല്‍മാന്‍ ഖാനെയും കൊണ്ടുവരാനിരുന്നതാണ് രോഹിത് ഷെട്ടി. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് അത് ഒഴിവാക്കേണ്ടി വന്നിരിക്കുകയാണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos

undefined

ഹിറ്റ് ഫ്രാഞ്ചൈസിയായ ദബാംഗിലെ ഇന്‍സ്പെക്ടര്‍ ഛുല്‍ബുല്‍ പാണ്ഡേ എന്ന കഥാപാത്രമായാണ് രോഹിത് ഷെട്ടി സല്‍മാന്‍ ഖാനെ കൊണ്ടുവരാനിരുന്നത്. മുംബൈ ഗോള്‍ഡന്‍ ടൊബാക്കോയില്‍ ഒറ്റ ദിവസത്തെ ഷൂട്ട് ആണ് സല്‍മാന്‍ ഖാന് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒക്ടോബര്‍ 14 നായിരുന്നു ഈ ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 12 ന് ബാബ സിദ്ദിഖിയുടെ കൊലപാതകം സംഭവിച്ചതോടെ സല്‍മാന്‍റെ ചിത്രീകരണം ഒഴിവാക്കാന്‍ രോഹിത് ഷെട്ടിയും അജയ് ദേവ്ഗണും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഉറ്റ സുഹൃത്തിന്‍റെ മരണത്തില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സല്‍മാനെ ആ സമയത്ത് ചിത്രീകരണത്തിനായി വിളിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. ചിത്രം സെന്‍സറിംഗിനായി ഒക്ടോബര്‍ 18 ന് സമര്‍പ്പിക്കേണ്ടിയിരുന്നതിനാല്‍ സല്‍മാന്‍ ഖാന്‍റെ ചിത്രീകരണത്തിനായി കാത്തിരിക്കാനും സാധിക്കില്ലായിരുന്നു. അതേസമയം ഛുല്‍ബുല്‍ പാണ്ഡേയുടെ ഒരു ബാക്ക് ഷോട്ട് സിങ്കം എഗെയ്‍നിന്‍റെ ടെയ്ല്‍ എന്‍ഡില്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ വാസ്തവമുണ്ടോ എന്നറിയാന്‍ ദീപാവലി വരെ കാത്തിരിക്കേണ്ടിവരും. ദീപാവലി റിലീസ് ആയാണ് ഈ ചിത്രം എത്തുക. 

ALSO READ : 'വാഴ'യ്ക്ക് മുന്‍പേ ഹാഷിര്‍ അഭിനയിച്ച സിനിമ; 'ശ്രീ ഗരുഡകല്‍പ്പ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!