ബോളിവുഡിന്‍റെ ഏറ്റവും വലിയ സീസണുകളിലൊന്നാണ് ദീപാവലി. ഇത്തവണയും ദീപാവലിക്ക് പ്രധാന റിലീസുകള്‍ ഉണ്ട്
ബോളിവുഡിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഫെസ്റ്റിവല്‍ സീസണുകളിലൊന്നാണ് ദീപാവലി. അതിനാല്‍ത്തന്നെ ദീപാവലിക്ക് തങ്ങളുടെ ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ കഴിയുക എന്നത് നിര്‍മ്മാതാക്കളെയും സംവിധായകരെയും താരങ്ങളെയുമൊക്കെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. എന്നാല്‍ ദീപാവലി റിലീസുകളായെത്തിയ ചിത്രങ്ങളില്‍ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളുമുണ്ട്. ബോളിവുഡ് സൂപ്പര്‍താരമായ സല്‍മാന്‍ ഖാന്‍റെ കരിയര്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്‍റെ ദീപാവലി റിലീസുകളില്‍ ഏറ്റവും നിരാശ സമ്മാനിച്ച ഒരു ചിത്രമുണ്ട്. 2005 ല്‍ പുറത്തെത്തിയ ക്യോം കി ആണ് അത്.
പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്‍റെ സംവിധാനം. തന്‍റെ തന്നെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 1986 ല്‍ പുറത്തെത്തിയ താളവട്ടത്തിന്‍റെ റീമേക്ക് ആണ് പ്രിയദര്‍ശന്‍ ക്യോം കി എന്ന പേരില്‍ ഹിന്ദിയില്‍ എത്തിച്ചത്. കരീന കപൂര്‍ നായികയായ ചിത്രത്തില്‍ ജാക്കി ഷ്രോഫ്, സുനില്‍ ഷെട്ടി, റിമി സെന്‍, ഓം പുരി തുടങ്ങി വന്‍ താരനിരയും എത്തിയിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ നിരാശയായിരുന്നു ചിത്രം. 21 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് ആഭ്യന്തര ബോക്സ് ഓഫീസില്‍ നിന്ന് 18 കോടിയേ നേടാനായുള്ളൂ.
ക്യോം കി എത്തിയ അതേ ദീപാവലി സീസണില്‍ ബോക്സ് ഓഫീസ് വിന്നര്‍ ആയ ചിത്രവും സംവിധാനം ചെയ്തത് പ്രിയദര്‍ശന്‍ ആയിരുന്നു എന്നത് മറ്റൊരു കൗതുകം. അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗരം മസാല ആയിരുന്നു ആ ചിത്രം. ക്യോം കി 2005 നവംബര്‍ 3 നാണ് എത്തിയതെങ്കില്‍ ഗരം മസാല ഒരു ദിവസം മുന്‍പ്, നവംബര്‍ 2 ന് എത്തി. നിര്‍മ്മാതാവിന് വലിയ ലാഭം നേടിക്കൊടുത്ത ചിത്രമായി ഇത് മാറി. ഗരം മസാലയും പ്രിയദര്‍ശന്‍റെ ഒരു ഹിറ്റ് മലയാള ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു. മോഹന്‍ലാലും മുകേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1985 ല്‍ പുറത്തെത്തിയ ബോയിംഗ് ബോയിംഗിന്‍റെ റീമേക്ക് ആയിരുന്നു ഈ ചിത്രം.
ALSO READ : ലെഹങ്കയിൽ സുന്ദരിയായി ബിന്നി സെബാസ്റ്റ്യൻ, ചിത്രങ്ങൾ