കൊവിഡിന് ശേഷം ഇറങ്ങിയ ചില സിനിമകൾ ഒഴികെ മറ്റെല്ലാ ബോളിവുഡ് ചിത്രങ്ങളും പരാജയം നേരിട്ടിരുന്നു.
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024ന്റെ തുടക്കം വളരെ മികച്ചതായിരുന്നു എന്ന് നിസംശയം പറയാം. പുതുവർഷം പിറന്ന് നാല് മാസത്തിനുള്ളിൽ തന്നെ ആയിരം കോടിയ്ക്ക് മേൽ ബിസിനസ് നേടാൻ മോളിവുഡിന് സാധിച്ചിരുന്നു. ഇറങ്ങിയതിൽ ഭൂരിഭാഗം സിനിമകളും കോടി ക്ലബ്ബുകളിൽ ഇടം നേടി. ഒടുവിൽ മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ്ബ് സിനിമയും ഈ വർഷം ലഭിച്ചു.
ഹിറ്റുകൾ സമ്മാനിച്ച സിനിമകളിൽ ഒന്നാണ് ആവേശം. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം കേരളക്കരയും കടന്ന് വൻ ആവേശം തീർത്തിരുന്നു. ഭാഷാഭേദമെന്യെ ഏവരും ചിത്രം ആസ്വദിക്കുകയും ചെയ്തിരുന്നു. രംഗണ്ണനായി ഫഹദ് ഫാസിൽ കസറിയ ചിത്രം ആദ്യദിനം ആദ്യ ഷോ മുതൽ ബോക്സ് ഓഫീസിലും മിന്നിക്കയറി. ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം 150 കോടിയിലേറെയാണ് ആവേശത്തിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ.
'എടാ മോനെ' എന്ന ഡയലോഗിലൂടെ കേരളക്കര ഒന്നാകെ ആവേശം ചൊരിഞ്ഞ ചിത്രമിതാ ഇതര ഭാഷകളിലേക്കും റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ റിപ്പോർട്ടുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബോളിവുഡിലെ പ്രമുഖ നിർമാതാവും സംവിധായകനുമായ കരൺ ജോഹർ ആകും സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നേരത്തെ തെലുങ്കിലേക്കും ആവേശം റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, കൊവിഡിന് ശേഷം ഇറങ്ങിയ ചില സിനിമകൾ ഒഴികെ മറ്റെല്ലാ ബോളിവുഡ് ചിത്രങ്ങളും പരാജയം നേരിട്ടിരുന്നു. ഈ അവസരത്തിലാണ് മലയാള സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. ഇതിനിടെ എപ്പോഴും റീമേക്ക് സിനിമകളിൽ സ്ഥാനം പിടിക്കാറുള്ള അക്ഷയ് കുമാർ ആണോ ആവേശം റീമേക്കിൽ നായകനായി എത്തുക എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..