റാം നിര്‍മ്മാതാവിന്റെ ചിത്രം
നേര് എന്ന ചിത്രത്തിലൂടെ വീണ്ടും വലിയ വിജയം കരസ്ഥമാക്കിയ സംവിധായകന് ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ സിനിമ വരുന്നു. ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന അര്‍ഫാസ് അയ്യൂബ് ആണ് പ്രസ്തുത ചിത്രത്തിന്റെ സംവിധായകന്. ഈ പ്രോജക്റ്റിനെ സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പേര് സംബന്ധിച്ചാണ് അത്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ ജനുവരി 2 ന് പുറത്തിറങ്ങും.
ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ തന്നെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം റാമിന്റെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസ് ഉടമയുമായ രമേഷ് പി പിള്ളയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം. അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ റിലീസിന് എത്തുന്ന ആദ്യ മലയാളചിത്രം കൂടിയായിരിക്കും ഇത്. താരനിരയിലും സാങ്കേതിക മേഖലയിലും ഗംഭീര നിര തന്നെയുണ്ടെന്നാണ് അറിവ്. ദുൽഖര്‍ സല്മാന് നായകനായ തെലുങ്ക് ഹിറ്റ് സീതാരാമത്തിന്റെ സംഗീതസംവിധായകന് ചന്ദ്രശേഖർ ആണ് ഈ മലയാള ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. പിആര്‍ഒ മഞ്ജു ഗോപിനാഥ്.
അതേസമയം സമീപകാല മലയാള സിനിമയിലെ വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് നേര്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം 9 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിഭാഷകന്റെ കുപ്പായമണിയുകയാണ് ഈ ചിത്രത്തിലൂടെ. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം