പേട്ട റാപ്പ്: 'പ്രഭുദേവയ്ക്ക് മാത്രം കഴിയുന്ന വേഷം'; എസ്.ജെ സിനുവിന്റെ ആദ്യ തമിഴ് ചിത്രം

By Web TeamFirst Published Sep 25, 2024, 9:31 AM IST
Highlights

"തമിഴിൽ ഒരു പുതിയ പ്രവണതയുണ്ട്. അവിടുത്തെ ആസ്വാദകർക്ക് മലയാളത്തിലെ അഭിനേതാക്കളോട് പ്രത്യേക ഇഷ്ടമുണ്ട്."

പ്രഭുദേവയെ നായകനാക്കി മലയാളി സംവിധായകൻ എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ്പ് സെപ്റ്റംബർ 27-ന് തീയേറ്ററുകളിൽ എത്തുകയാണ്. മലയാളത്തിൽ ജിബൂട്ടി, തേര് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സിനുവിന്റെ ആദ്യ തമിഴ് ചിത്രമാണ് പേട്ട റാപ്പ്.

രണ്ട് മലയാള സിനിമകൾക്ക് ശേഷം ഒരു തമിഴ് ചിത്രം. എങ്ങനെയാണ് തമിഴിലേക്കുള്ള വഴി തെളിഞ്ഞത്?

Latest Videos

തമിഴിൽ പറ്റിയ ഒരു വിഷയം വന്നതുകൊണ്ടാണ് ഈ സിനിമ സംഭവിക്കുന്നത്. സത്യത്തിൽ മലയാളത്തിൽ തന്നെ നിൽക്കാനുള്ള ചിന്തയിലായിരുന്നു. ഈ സിനിമയുടെ കഥ കേട്ടപ്പോൾ, ഇതൊരു മ്യൂസിക്കൽ-കോമഡി സിനിമയാണ്. കുറച്ച് ഡാൻസ് നമ്പറുകൾ സ്ക്രിപ്റ്റിലുണ്ടായിരുന്നു. പിന്നെ നടൻ പ്രഭുദേവയുടെ ജീവിതവുമായി ചില സാമ്യങ്ങളുണ്ട്. അപ്പോൾ പിന്നെ വേറൊരാളെ ഈ വേഷത്തിലേക്ക് ചിന്തിക്കാൻ‍ പറ്റുന്നുണ്ടായിരുന്നില്ല. ഒരു ശ്രമം നടത്തി നോക്കിയതാണ്, ഭാ​ഗ്യം കൊണ്ട് പ്രഭുദേവയിലേക്ക് എത്തപ്പെട്ടു. വളരെ വേ​ഗത്തിലാണ് ഈ സിനിമയുടെ പണികൾ തുടങ്ങിയത്. വലിയ പ്ലാൻ നടത്തി ഒരു തമിഴ് സിനിമ എടുത്തതല്ല.

പേട്ട റാപ്പ് ട്രെയിലറിൽ നിന്നും ഇത് ഒരു നടനാകാനുള്ള ഒരു വ്യക്തിയുടെ യാത്ര പോലെ തോന്നുന്നു. അതാണോ സിനിമയുടെ ഉള്ളടക്കം?

ഇത് സിനിമയ്ക്ക് ഉള്ളിലെ സിനിമയല്ല. ചില ഭാ​ഗങ്ങളിൽ മാത്രമേ അതുള്ളൂ. ഇത് ഒരു വ്യക്തിയുടെ ജീവിതരേഖയാണ്. വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ഒരാൾ. പേര് ബാല. അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ. അതിൽ ഹ്യൂമറുണ്ട്. അല്ലാതെ നമ്മൾ സ്ഥിരം കാണുന്നത് പോലെ ഒരാളുടെ മൂവിസ്റ്റാർ ആകാനുള്ള ശ്രമമൊന്നുമല്ല.

പ്രഭുദേവ ഉടനടി സമ്മതിച്ചോ?

ഈ തിരക്കഥ കേട്ടപ്പോൾ അദ്ദേഹത്തിന് പറ്റില്ല എന്ന് പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കാരണം, അദ്ദേഹത്തിന് മാത്രമേ ഇത് ചെയ്യാൻ പറ്റൂ. ഡാൻസ്, മ്യൂസിക്... അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മേഖലയായത് കൊണ്ട് എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞു. പിന്നെ മലയാളത്തിൽ നിന്ന് വന്ന ഒരാൾ എന്ന സ്നേഹം അദ്ദേഹത്തിനുണ്ട്. ഒരുപാട് മലയാളം സിനിമകൾ കാണുന്നയാളാണ് പ്രഭുദേവ.

പേട്ട റാപ്പിൽ മലയാളി താരങ്ങളുണ്ട്...

അതെ. കലാഭവൻ ഷാജോൺ, പ്രമോദ് വെളിയനാട്, റിയാസ് ഖാൻ, രാജീവ് പിള്ള തുടങ്ങിയ മലയാളി താരങ്ങൾ സിനിമയുടെ ഭാ​ഗമാണ്. തമിഴിൽ ഒരു പുതിയ പ്രവണതയുണ്ട്. അവിടുത്തെ ആസ്വാദകർക്ക് മലയാളത്തിലെ അഭിനേതാക്കളോട് പ്രത്യേക ഇഷ്ടമുണ്ട്. പുതിയ മുഖങ്ങൾ, പുതിയ താരങ്ങളെ അവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

സണ്ണി ലിയോണി ഈ സിനിമയുടെ ഭാ​ഗമാണ്. എന്താണ് അവരുടെ വേഷം?

അത് സർപ്രൈസ് ആണ്, അവിടെ തന്നെ ഇരിക്കട്ടെ!

പേട്ട റാപ്പ് എന്ന പാട്ട് എ.ആർ റഹ്മാന്റെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ്...

കാതലൻ ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് റിലീസ് എന്നാണ് ഓർമ്മ. അന്ന് തീയേറ്ററിൽ ഒന്നും പോയി സിനിമ കണ്ടിട്ടില്ല. പക്ഷേ, പിന്നീട് മൂന്നാല് തവണ പടം കണ്ടിട്ടുണ്ട്. തിരക്കഥ കിട്ടിക്കഴിഞ്ഞാണ് കുറേ നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത്. പേട്ട റാപ്പിന്റെ അവകാശം വാങ്ങിയിട്ടാണ് സിനിമയിൽ ഉപയോ​ഗിച്ചത്. എ.ആർ റഹ്മാൻ ഉൾപ്പെടെയുള്ളവരുടെ ആശിർവാദമുണ്ട്. 

ഇതിന് മുൻപ് ചെയ്ത സിനിമകൾ ജിബൂട്ടി, തേര് എന്നിവയാണ്. വലിയ വിജയം നേടാൻ ഇവയ്ക്ക് കഴിഞ്ഞില്ല. പുതിയ ചിത്രം കരിയറിൽ എത്രമാത്രം വലിയ ചുവടുവെപ്പാണ്?

മുൻ സിനിമകൾ ശ്രമങ്ങളായിരുന്നു. ഈ സിനിമയും വലിയ ഒരു മാർക്ക് ആണോയെന്ന് ഞാൻ പറയില്ല. ചെയ്യാവുന്നതിന്റെ നൂറു ശതമാനം ചെയ്യുക എന്നതാണ്. ബാക്കി പ്രേക്ഷകർ തീരുമാനിക്കും. ഞാൻ ഒന്നും മനപ്പൂർവ്വം ചെയ്തിട്ടില്ല. അഭിനയിക്കാൻ വേണ്ടിയാണ് ഈ മേഖലയിൽ എത്തിയത്. പക്ഷേ, പിന്നീട് ഉപ്പും മുളകും സീരിയലിലിൽ ക്യാമറാമാനായി. ഏതാണ്ട് 500 എപ്പിസോഡുകൾ ചെയ്തു. പിന്നീട് അതിന്റെ ഡയറക്ടറായി. അത് വഴങ്ങും എന്ന് തോന്നിയപ്പോൾ ചെയ്തതാണ്. കിട്ടുന്ന അവസരങ്ങൾ ഉപയോ​ഗിക്കുക എന്നേയുള്ളൂ.

(അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍)

 

click me!