'നേരിലേക്ക് വഴികാട്ടുന്ന അരിവാൾ, എആർഎമ്മിലെ മനോഹരമായ മെറ്റഫർ'; റിവ്യുവുമായി എ എ റഹീം

By Web TeamFirst Published Sep 24, 2024, 10:45 PM IST
Highlights

എവിടെയെങ്കിലും ഒരിടത്തു പിഴച്ചിരുന്നെങ്കിൽ തകർന്നു പോയേക്കാവുന്ന ഒരു സിനിമയെ കൈ വിറയ്ക്കാതെ പരമാവധി സൂഷ്മതയോടെ കൈകാര്യം ചെയ്യാൻ ജിതിന് സാധിച്ചെന്നും റഹീം. 

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം അജയന്റെ രണ്ടാം മോഷണത്തെ പ്രശംസിച്ച് എ എ റഹീം. ചിയോതി വിളക്ക് തിരഞ്ഞുള്ള അജയന്റെ യാത്രയിൽ സിനിമ അനാവരണം ചെയ്യുന്നത് ചരിത്രത്തിൽ 
കട്ടപിടിച്ചു കിടന്ന ജാതി ബോധത്തിന്റെ ഇരുളറകളാണെന്ന് റഹീം പറയുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പ്രശംസിച്ച റഹീം, സംവിധായകൻ ജിതിൻലാലിന്റെ ആദ്യ സിനിമയാണിതെന്ന് ആരും പറയില്ലെന്നും പറയുന്നു. എവിടെയെങ്കിലും ഒരിടത്തു പിഴച്ചിരുന്നെങ്കിൽ തകർന്നു പോയേക്കാവുന്ന ഒരു സിനിമയെ കൈ വിറയ്ക്കാതെ പരമാവധി സൂഷ്മതയോടെ കൈകാര്യം ചെയ്യാൻ ജിതിന് സാധിച്ചെന്നും അദ്ദേഹം പറയുന്നു. 

എ എ റഹീമിന്റെ വാക്കുകൾ ഇങ്ങനെ

Latest Videos

ചിയോതി വിളക്ക് തിരഞ്ഞുള്ള അജയന്റെ യാത്രയിൽ സിനിമ അനാവരണം ചെയ്യുന്നത് ചരിത്രത്തിൽ കട്ടപിടിച്ചു കിടന്ന ജാതി ബോധത്തിന്റെ ഇരുളറകളാണ്.അജയൻ മൂന്നാമത്തെ തലമുറയാണ്.തലമുറകൾ കടന്നു,രാജാവും ദിവാനുമെല്ലാം മാറി.അജയന്റെ തലമുറയിലെ ആധുനികത പലതരത്തിൽ സ്‌ക്രീനിൽ തെളിയുന്നു..നിക്കർ പോലീസിൽ നിന്നും പാന്റീലേയ്ക്കും,റാന്തൽ വെളിച്ചത്തിൽ നിന്നും വൈദ്യുതി വിളക്കിലേയ്ക്കും,ക്യാമറയിലേയ്ക്കും,ടി വിയിലേയ്ക്കും റേഡിയോയിലേക്കുമെല്ലാം നാട് വളർന്നു. അപ്പോഴും ചിയോതിക്കാവിൽ അജയന്റെ അമ്മയ്ക്ക് പ്രവേശനമില്ല!. കളരിയിൽ തോറ്റുകൊടുത്ത അജയൻ ആശാനോട് പറയുന്നുണ്ട്,‘അമ്മയെ കാവിൽ കയറ്റിയപ്പോൾ തന്നെ താൻ ജയിച്ചു’വെന്നു.

ആധുനിക വിദ്യാഭ്യാസം നൽകിയ ശക്തിയിൽ തലയുയർത്തി നിൽക്കാൻ ശ്രമിക്കുമ്പോഴും അജയനെ,തലമുറകളിലേക്ക് അരിച്ചിറങ്ങുന്ന ജാതി ബോധത്തിന്റെ ഇരുട്ടിൽ നിർത്താനാണ് വ്യവസ്ഥിതിയ്ക്ക് ഇഷ്ടം. ഭരണഘടനയും സമത്വവും പഠിപ്പിച്ചു നിൽക്കുന്ന അജയന്റെ അഭിമാനത്തിലേയ്ക്ക് ഇടിച്ചുകയറിവരുന്ന പോലീസ് തീർപ്പ് കൽപ്പിക്കുന്നു, ‘ഇവനൊക്കെ കള്ളന്മാർ തന്നെ,കട്ടതും ഇവൻ തന്നെ’!. ‘നിങ്ങൾക്കൊന്നും പിന്നെ പഠിക്കണ്ടല്ലോ,സംവരണമുണ്ടല്ലോ.’ബ്ലാക്ക് ആൻഡ് വയ്റ്റ് ടിവിയുടെ കാലത്താണ്,അജയൻ ഈ വൃത്തികെട്ട ചോദ്യം ഉയർന്ന ജാതിക്കാരിൽ നിന്നും കേൾക്കേണ്ടി വന്നത്.കാലം മാറി ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളറിലേയ്ക്കും,സ്മാർട്ട് ടി വിയിലേയ്ക്കും ഈ കുറിപ്പെഴുതുമ്പോൾ നാട് വളർന്നു.

അജയന്റെയും,ലക്ഷ്മിയുടെയും പ്രണയരഹസ്യങ്ങൾ കൈമാറിയ ഹാം റേഡിയോ തരംഗങ്ങൾ ഇന്ന് പുരാവസ്തുവാണ്. സ്മാർട്ട്‌ ഫോണിലേയ്ക്കും,വീഡിയോ കോളിലേയ്ക്കും,നൂതനമായ വിവിധ ഗാഡ്ജറ്റുകളിലൂടെയും പ്രണയ ലോകം വികസിച്ചു. എന്നാൽ,ഇന്നും ക്ളോസ്ഡ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ആ പഴയ ചോദ്യം ചുറ്റിലുമുള്ള മിടുക്കരായ അജയൻമാരെ ചൂണ്ടി അസഹിഷ്ണുതയോടെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

‘നിങ്ങൾക്കൊന്നും പിന്നെ പഠിക്കണ്ടല്ലോ,സംവരണമുണ്ടല്ലോ ...’ നേരിലേയ്ക്ക് വഴികാട്ടുന്ന അരിവാൾ. അജയനെ നേരായ ചിയോതി വിളക്കിലേയ്ക്ക് വഴികാട്ടി കൊടുക്കുന്ന അരിവാൾ. എ ആർ എം ലെ മനോഹരമായ മെറ്റഫർ ആണ്. രാജാവ് ചെയ്യുന്ന ഏത് കള്ളവും രാജ നീതിയും. രാജ ധർമ്മവുമാണ്.സാധാരണക്കാരായ മനുഷ്യരാണ് ജീവൻ പണയം വച്ച് ഏതൊരു രാജ്യത്തെയും കാത്തത്.ആയതിനാൽ ചരിത്രത്തിലെ ഒരു രാജാവും മഹാനല്ല.മണിയനും,കായംകുളം കൊച്ചുണ്ണിയും തുടങ്ങി ചരിത്രത്തിലെയും,മിത്തിലെയും കള്ളന്മാരുടെ കഥകൾ വർത്തമാനകാലത്ത് ആഘോഷിക്കപ്പെടുന്നത് ഇക്കാരണത്തലാണ്.

ടോവിനോ മൂന്ന് കഥാപാത്രങ്ങളെയും നന്നായി അവതരിപ്പിച്ചു.മാനറിസത്തിൽ ആവർത്തനങ്ങൾ വരാതെ ഓരോ കഥാപാത്രവും തന്മയത്വം പുലർത്തി. സിനിമയ്ക്കായി ടോവിനോ എടുത്ത ഗൃഹപാഠത്തെയും അയാളുടെ ഡെഡിക്കേഷനെയും പ്രത്യേകം എടുത്തുപറയേണ്ടതാണ്. സുരഭി ലക്ഷ്മിയുടെ കാസ്റ്റിങ് ഏറ്റവും ഉചിതമായി.മനോഹരമായ അഭിനയ മൂഹൂർത്തങ്ങൾ സുരഭി തീർത്തു.മണിയനും മാണിക്യവും തമ്മിലുള്ള കോമ്പൊ അസ്സലായി..മണിയന്റെ കരുത്ത് മാണിക്യമാണ്.ശക്തരായ രണ്ട് മനുഷ്യരുടെ ചേർന്നു നിൽക്കലാണ് മണിയനും മാണിക്യവും.മണിയനോളം ശക്തമായ ആ കഥാപാത്രത്തെ സുരഭി ഏറ്റവും നന്നായി ഉൾക്കൊണ്ടു.

ടോവിനോയ്ക്കും സുരഭിക്കും പുറമെ എടുത്തു പറയേണ്ട മറ്റൊരാൾ ജഗദീഷാണ്. അദ്ദേഹം കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടു.കാപ്പ എന്ന സിനിമ മുതൽ ജഗദീഷ് കൈകാര്യം ചെയ്യുന്ന വ്യത്യസ്ത കഥാപാത്രങ്ങൾ നമുക്ക് അയാളിൽ വലിയ പ്രതീക്ഷ നൽകുന്നതാണ്.ചെയ്‌തു പതിഞ്ഞ പഴയ ശൈലിയുടെ ട്രാക്ക് വിട്ട് ജഗദീഷ് വൈവിധ്യമുള്ള കഥാപാത്രങ്ങൾക്ക് ജന്മം നൽകുന്നു.ഇനിയും ജഗദീഷ് എന്ന പ്രതിഭയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാൻ കഴിയും എന്ന് ഉറപ്പിക്കുന്നതാണ് എ ആർ എമിലെ അദ്ദേഹത്തിന്റെ പ്രകടനം.

ദുരൂഹതകളുമായി ഗുമസ്തൻ; ട്രെയിലർ പുറത്തുവിട്ട് പൃഥ്വിരാജ്

സംവിധായകൻ ജിതിൻലാലിന്റെ ആദ്യ സിനിമയാണിത് എന്ന് ആരും പറയില്ല. ഇത്രയും വലിയൊരു പ്രോജക്ട് ഒരു നവാഗതന്നെ ഏല്പിക്കാൻ ധൈര്യം കാണിച്ച നിർമ്മാതാവിന്റെ ആത്മ വിശ്വാസത്തോട് ജിതിൻ അങ്ങേയറ്റം നീതി പുലർത്തി.എവിടെയെങ്കിലും ഒരിടത്തു പിഴച്ചിരുന്നെങ്കിൽ തകർന്നു പോയേക്കാവുന്ന ഒരു സിനിമയെ കൈ വിറയ്ക്കാതെ പരമാവധി സൂഷ്മതയോടെ കൈകാര്യം ചെയ്യാൻ ജിതിന് സാധിച്ചു. ടീം എ ആർ എമ്മിന് അഭിനന്ദനങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!