നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി വിവാദം; നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ

By Web Team  |  First Published Nov 27, 2024, 11:49 AM IST

നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കം കോടതിയിൽ. നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു


ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കം കോടതിയിൽ. നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ധനുഷിന്‍റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നയൻതാരയ്ക്ക് നോട്ടീസ് അയച്ചു. നയൻതാര, വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് കോളിവുഡിൽ വിവാദം ആളിക്കത്തിയത്. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ നയൻ താരയുടെ ജന്മദിനമായ നവംബര്‍ 18ന് ഡോക്യുമെന്‍ററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Latest Videos

undefined

ധനുഷ്- നയൻതാര വിവാദങ്ങൾക്ക് കാരണമായ ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്‍റിയിൽ ഉൾപ്പെടുത്തിയിരുന്നു. സെറ്റിൽ വിഘ്‌നേഷ് താരങ്ങൾക്ക് നിർദേശം നൽകുന്നതും നയൻതാരയോട് സംസാരിക്കുന്നതും ഡോക്യൂമെന്‍ററിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നേരത്തെ നയൻതാരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.   

ഇക്കഴിഞ്ഞ നവംബര്‍ 16ന് ആണ് ധനുഷിനെതിരെ നയന്‍താര പരസ്യമായി രംഗത്ത് എത്തിയത്.  നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര ആരോപിച്ചത്. ചിത്രത്തിന്‍റെ മൂന്ന് സെക്കന്‍റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയൻതാര പറഞ്ഞിരുന്നു. 

നവംബർ 18ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയിൽ ഡോക്യുമെന്‍ററി ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം ചെയ്തത്. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ, മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിത വേഷങ്ങൾ വീഡിയോയിൽ ഉണ്ട്. 


2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. 

വിവാദങ്ങൾക്കിടെ 'നയൻതാര: ബിയോണ്ട് ദി ഫെയ്റി ടേൽ' എത്തി; നെറ്റ്ഫ്ലിക്സിന്റെ പിറന്നാൾ സമ്മാനം

3 സെക്കൻഡിന് 10 കോടി! കോളിവുഡിനെ ഞെട്ടിച്ച് നയൻ‌താരയുടെ പരസ്യ വിമർശനം, 'ധനുഷ് പ്രതികാരദാഹി'

click me!