13 ദിവസത്തിന് ശേഷം ഒടിടിയില്‍ നിന്ന് പിന്‍വലിച്ച ചിത്രം; ഏഴ് മാസത്തിന് ശേഷം വീണ്ടും റിലീസിന്

By Web Team  |  First Published Aug 7, 2024, 7:14 PM IST

ഡിസംബര്‍ 29 ന് സ്ട്രീമിംഗ് ആരംഭിച്ച ചിത്രം 13 ദിവസം മാത്രമേ പ്രദര്‍ശിപ്പിച്ചുള്ളൂ


ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കപ്പെട്ട ഒരു ചിത്രം ഇടവേളയ്ക്ക് ശേഷം വീണ്ടും സ്ട്രീമിംഗിന് എത്തുന്നു. നയന്‍‍താരയെ ടൈറ്റില്‍ കഥാപാത്രമാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്നപൂരണിയാണ് മാസങ്ങളുടെ ഇടവേളയ്ക്കിപ്പുറം ഒടിടിയിലേക്ക് തിരികെയെത്തുന്നത്. 2023 ഡിസംബര്‍ 1 ന് തിയറ്റര്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ഡിസംബര്‍ 29 ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതി ഉയര്‍ന്നതോടെ നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് ചിത്രം നീക്കുകയായിരുന്നു.

ഡിസംബര്‍ 29 ന് സ്ട്രീമിംഗ് ആരംഭിച്ച ചിത്രം 13 ദിവസം മാത്രമേ നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശിപ്പിച്ചുള്ളൂ. ഏഴ് മാസങ്ങള്‍ക്കിപ്പുറം മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം വീണ്ടും കാണികളിലേക്ക് എത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് കാണാനാവില്ല. സിംപ്ലി സൗത്ത് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുന്നത്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലാവും ഒടിടിയിലെ രണ്ടാം വരവില്‍ ചിത്രത്തിന്‍റെ സ്ട്രീമിംഗ്. ഓഗസ്റ്റ് 9 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് സിംപ്ലി സൗത്ത് അറിയിച്ചിട്ടുണ്ട്.

Latest Videos

undefined

ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാന്‍ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി. എന്നാല്‍ സസ്യേതര ഭക്ഷണം പാകം ചെയ്യാന്‍ അവള്‍ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്‍റ് ആര്‍ട്സും ചേര്‍ന്നാണ്. സത്യരാജ്, അച്യുത് കുമാര്‍, കെ എസ് രവികുമാര്‍, കാര്‍ത്തിക് കുമാര്‍, രേണുക, സച്ചു, റെഡിന്‍ കിംഗ്സ്‍ലി, സുരേഷ് ചക്രവര്‍ത്തി, പാര്‍വതി ടി, ഷെഫ് ആര്‍ കെ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : 'സിനിമയുടെ വെള്ളിയാഴ്ചത്തെ കളക്ഷന്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്'; 'പഞ്ചായത്ത് ജെട്ടി' ടീം പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!