ബോളിവുഡിനെ പിന്നിലാക്കി ആ തെന്നിന്ത്യൻ താരം ഒന്നാമത്, നാലാമത് മലയാളി, രണ്ടാമത് ആലിയ

By Web TeamFirst Published Jan 25, 2024, 2:01 PM IST
Highlights

ബോളിവുഡിനെ മറികടന്ന് തെന്നിന്ത്യൻ നായികാ താരങ്ങള്‍ മുന്നിലെത്തി.

ബോളിവുഡ് നടിമാര്‍ക്കാണ് സാധാരണ തെന്നിന്ത്യൻ താരങ്ങളേക്കാള്‍ ആരാധകരുണ്ടാകാറുള്ളത്. ഹിന്ദി നടിമാര്‍ക്ക് രാജ്യമൊട്ടാകെ സ്വീകാര്യതയുണ്ടാകാറുണ്ട്. എന്നാല്‍ സമീപ കാലത്ത് ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യൻ നടിമാര്‍ക്കും രാജ്യമൊട്ടാകെ സ്വീകാര്യത ലഭിക്കുന്നുവെന്നാണ് മനസിലാകുന്നത്. 2023ല്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരം തെന്നിന്ത്യയില്‍ നിന്നുള്ള സാമന്തയാണ്.

ഇന്ത്യയില്‍ 2023ല്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയയാണ് പുറത്തുവിട്ടത്. നടി സാമന്തയ്‍ക്ക് വമ്പൻ ഹിറ്റ് സിനിമകള്‍ 2023ല്‍ ഇല്ലെങ്കിലും ജനപ്രീതിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താനായത് അത്ഭുതപ്പെടുത്തുന്നതാണ്. തെലുങ്കില്‍ നിന്നുള്ള സാമന്ത ഇന്ത്യൻ താരങ്ങളില്‍ വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലെ വമ്പൻ നായികമാരെയും പിന്നിലാക്കിയാണ് താരം മുന്നേറിയിരിക്കുന്നത് എന്നതാണ് പ്രത്യേകത.

Latest Videos

രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ബോളിവുഡ് താരം ആലിയ ഭട്ടാണ്. ആലിയ ഭട്ട് 2023ല്‍ ദേശീയ അവാര്‍ഡ് നേടി ചര്‍ച്ചകളില്‍ നിറഞ്ഞ നടിയാണ്. മൂന്നാമത് ദീപിക പദുക്കോണാണ്. 2023ലെ വൻ ഹിറ്റായ പഠാൻ സിനിമയിലെ നായികയായാണ് ദീപിക പദുക്കോണ്‍ ജനപ്രീതിയില്‍ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നത്.

നാലാമത് എത്തിയത് ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ നായികയായ നയൻതാരയാണ് എന്നത് മലയാളി പ്രേക്ഷകര്‍ക്കും അഭിമാനിക്കാൻ പോന്നതാണ്. തൊട്ടുപിന്നില്‍ കാജല്‍ അഗര്‍വാളാണ്. ദളപതി വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് സിനിമയായ ലിയോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച തൃഷ ആറാം സ്ഥനത്തും എത്തിയിരിക്കുന്നു. പിന്നീട് കത്രീന കൈഫും എത്തിയപ്പോള്‍ ബോളിവുഡ് നടിയായ കൈറ അദ്വാനി എട്ടാം സ്ഥാനത്തും രശ്‍മിക മന്ദാന ഒമ്പതാമതും അനുഷ്‍ക ഷെട്ടി പത്താം സ്ഥാനത്തും എത്തിയിരിക്കുന്നു എന്നാണ് ഓര്‍മാക്സ് മീഡിയയുടെ പട്ടികയുടെ അടിസ്ഥാനത്തില്‍ മനസിലാക്കാൻ കഴിയുന്നത്.

Read More: ബജറ്റ് വെറും 70 കോടി, കളക്ഷനില്‍ എക്കാലത്തേയും ഒന്നാമത്, ഒരു അപൂര്‍വ വിജയത്തിന്റെ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!