'ഓഷോ തലയിൽ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും'; തിരക്കഥാകൃത്തിന്‍റെ മോഹന്‍ലാല്‍ അനുഭവം

By Web Team  |  First Published Sep 18, 2020, 2:01 PM IST

'ലാലേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോൾ രാമിന് വേണ്ടേ? വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്! ലാലേട്ടൻ ആ തൊപ്പിയണിഞ്ഞു. ഒരു നിമിഷം എന്‍റെ പ്രേമഭാജനം ഓഷോ കൺമുന്നിൽ രൂപമായി തെളിഞ്ഞു.'


ഓഷോ രജനീഷിനോടും അദ്ദേഹത്തിന്‍റെ ചിന്തകളോടും തനിക്കുള്ള ആഭിമുഖ്യത്തെക്കുറിച്ച് ചില അഭിമുഖങ്ങളില്‍ മോഹന്‍ലാല്‍ മനസ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ യഥാര്‍ഥത്തില്‍ ഓഷോ ധരിച്ചിരുന്ന ഒരു തൊപ്പി മോഹന്‍ലാല്‍ തലയില്‍ വച്ചത് കണ്ടപ്പോഴത്തെ അനുഭവം പറയുകയാണ് തിരക്കഥാകൃത്ത് ആയ ആര്‍ രാമാനന്ദ്. രമാനന്ദും ഓഷോയുടെ ആശയങ്ങളോട് ആഭിമുഖ്യമുള്ള ആളാണ്. ഒരു ഇറ്റാലിയന്‍ സംവിധായകന്‍ മോഹന്‍ലാലിനെ നായകനാക്കി ഓഷോയുടെ ജീവചരിത്രം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ സമ്മാനിച്ചതായിരുന്നു ആ തൊപ്പി.

രാമാനന്ദ് പറയുന്നു

Latest Videos

undefined

ഓഷോ തലയിൽ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും.. ഒരു ഇറ്റാലിയൻ സംവിധായകൻ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നൽകിയ സമ്മാനമാണ് ഈ തൊപ്പി, ഓഷോ തലയിൽ വെച്ച തൊപ്പി! കണ്ടപ്പോൾ കൗതുകം അടക്കാനായില്ല.. ഒന്ന് തലയിൽ വെക്കണം ആ പൊൻകിരീടം എന്ന് തോന്നി. വെച്ചു. ഹൃദയം തുടിച്ചു പോയി. എന്നാൽ അത്ഭുതപ്പെട്ടത് മടങ്ങാൻ നേരം ലാലേട്ടൻ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്. ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂർവ്വ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്... കൊതിച്ചു പോയെങ്കിലും, എന്‍റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്. ലാലേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോൾ രാമിന് വേണ്ടേ? വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്! ലാലേട്ടൻ ആ തൊപ്പിയണിഞ്ഞു. ഒരു നിമിഷം എന്‍റെ പ്രേമഭാജനം ഓഷോ കൺമുന്നിൽ രൂപമായി തെളിഞ്ഞു.

ജയസൂര്യ നായകനാവുന്ന കത്തനാര്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്താണ് രാമാനന്ദ്. പാലക്കാട്ടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സയിലാണ് മോഹന്‍ലാല്‍. ഇവിടെവച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 

click me!