മുഹമ്മദ് റഫിക്കൊപ്പം രാജ് കപൂര്‍, തപന്‍ സിന്‍ഹ, അക്കിനേനി നാഗേശ്വര റാവു എന്നിവരുടെ അനുസ്‍മരണ പരിപാടികളും ഇത്തവണത്തെ ചലച്ചിത്രോത്സവത്തില്‍ ഉണ്ട്
ഇന്ത്യന്‍ സംഗീതലോകം ഒരിക്കലും മറക്കാത്ത ശബ്ദമാണ് മുഹമ്മദ് റഫിയുടേത്. എല്ലാ തരം പാട്ടുകളും പാടിയിട്ടുള്ള അദ്ദേഹം ആയിരത്തിലധികം പാട്ടുകള്‍ ബോളിവുഡ് സിനിമകളില്‍ മാത്രമായി പാടി. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ജീവിതം തിരശ്ശീലയിലേക്ക് എത്തുകയാണ്. മകന്‍ ഷാഹിദ് റഫിയാണ് ഇക്കാര്യം അറിയിച്ചത്. ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ 55-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ഷാഹിദ് റഫി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യന്‍ സിനിമയിലെ നാല് ഇതിഹാസങ്ങളുടെ ജന്മ ശതാബ്ദിയുടെ ഭാഗമായ അനുസ്‍മരണ പരിപാടികള്‍ ഇത്തവണത്തെ ഐഎഫ്എഫ്ഐയുടെ ഭാഗമാണ്. മുഹമ്മദ് റഫിക്കൊപ്പം രാജ് കപൂര്‍, തപന്‍ സിന്‍ഹ, അക്കിനേനി നാഗേശ്വര റാവു എന്നിവരുടെ അനുസ്‍മരണ പരിപാടികളും നടക്കുന്നുണ്ട്. മുഹമ്മദ് റഫിയുടെ ജീവചരിത്ര ചിത്രത്തിന്‍റെ പ്രഖ്യാപനം ഡിസംബറില്‍ നടക്കുമെന്ന് മകന്‍ പറയുന്നു. ഓ മൈ ഗോഡിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഉമേഷ് ശുക്ല ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വച്ച് കഴിഞ്ഞെന്നും ഷാഹിദ് റഫി പറയുന്നു.
undefined
വിവാദങ്ങളിലൊന്നും പെടാതിരുന്ന, വിനയത്തോടെ ജീവിച്ച, വലിയ സാമൂഹിക ജീവിതം നയിക്കാത്ത ആളായതിനാലാണ് റഫിയുടെ ജീവിതം ഇതുവരെ ആരും സിനിമയാക്കാതിരുന്നതെന്ന് സംവിധായകന്‍ സുഭാഷ് ഗായ്‍യും ഗായകന്‍ സോനു നിഗവും അഭിപ്രായപ്പെട്ടു. റഫിയെ അനുസ്‍മരിക്കുന്ന ചര്‍ച്ചയിലായിരുന്നു അഭിപ്രായപ്രകടനം. താന്‍ നേടിയ വിജയത്തിന്‍റെ വലിപ്പം മക്കളെ അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും ഷാഹിദ് റഫി പറഞ്ഞു. അമിതാഭ് ബച്ചനുവേണ്ടിയാണ് താന്‍ ഇന്ന് പാടിയതെന്ന് അച്ഛന്‍ പറയും. അപ്പോള്‍ അമിതാഭ് ബച്ചനെക്കുറിച്ചാവും ഞങ്ങള്‍ ചോദിക്കുക. ചോദിക്കുന്നതിനെല്ലാം മറുപടി നല്‍കി ഞങ്ങള്‍ക്കൊപ്പം കളിക്കാന്‍ കൂടുമായിരുന്നു അദ്ദേഹം, മകന്‍ പറയുന്നു.
ALSO READ : നവാഗത സംവിധായകന്‍റെ നായകനായി ബിജു മേനോന്‍; 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' വരുന്നു