'സിനിമ കൊള്ളാം, പക്ഷേ...'; പ്രേക്ഷകരുടെ ആ പരാതിക്ക് ഉടനടി പരിഹാരം കണ്ട് 'മെയ്യഴകന്‍' നിര്‍മ്മാതാക്കള്‍

By Web TeamFirst Published Oct 1, 2024, 2:52 PM IST
Highlights

96 സംവിധായകന്‍റെ പുതിയ ചിത്രം

തെന്നിന്ത്യ മുഴുവന്‍ തരംഗമായ 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ സി പ്രേംകുമാറിന്‍റെ രണ്ടാമത്തെ ചിത്രം. മെയ്യഴകന്‍ എന്ന ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ പ്രീ റിലീസ് പബ്ലിസിറ്റി അതായിരുന്നു. ടൈറ്റില്‍ കഥാപാത്രമായി കാര്‍ത്തിയും ഒപ്പം മറ്റൊരു പ്രധാന കഥാപാത്രമായി അരവിന്ദ് സ്വാമിയും എത്തിയതോടെ വീണ്ടും പ്രേക്ഷക പ്രതീക്ഷ ഉയര്‍ന്നു. 27 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച റിവ്യൂസ് ആണ് ലഭിച്ചത്. ഭേദപ്പെട്ട കളക്ഷനുമുണ്ട്. ഇത്രയും പോസിറ്റീവ് ആയ കാര്യങ്ങളാണെങ്കിലും പ്രേക്ഷകരില്‍ വലിയൊരു വിഭാഗം ചിത്രത്തിന്‍റെ ഒരു ന്യൂനത ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

96 പോലെ ആര്‍ദ്രമായ അനുഭവം പകരുന്ന ചിത്രമാണെങ്കിലും ചിത്രത്തിന്‍റെ വലിയ ദൈര്‍ഘ്യം ഒരു പ്രശ്നമായി പ്രേക്ഷകരില്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് എത്തി. പ്രേക്ഷകരുടെ ഈ പരിഭവം ന്യായമെന്ന് കണ്ട് നിര്‍മ്മാതാക്കള്‍ ഏതാനും ദിവസത്തിനകം പരിഹാരവും കണ്ടു. ഇതുപ്രകാരം ചിത്രത്തില്‍ നിന്ന് 18 മിനിറ്റ് രംഗങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ്. നേരത്തെ 2 മണിക്കൂര്‍ 57 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രത്തിന്‍റെ ദൈര്‍ഘ്യം ഇനി 2.39 മിനിറ്റ് ആയി കുറയും. ട്രിം ചെയ്ത പതിപ്പ് ഇന്നലെ തന്നെ (സെപ്റ്റംബര്‍ 30) തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തു.

Latest Videos

ആദ്യ വാരാന്ത്യം അവസാനിക്കുമ്പോള്‍ ചിത്രം 16 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നതിനാല്‍ പ്രവര്‍ത്തി ദിനങ്ങളിലും ചിത്രം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. സത്യം സുന്ദരം എന്ന പേരില്‍ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും തിയറ്ററുകളിലുണ്ട്. 2ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് മെയ്യഴകന്‍. 

ALSO READ : മാധവ് സുരേഷ് നായകന്‍; 'കുമ്മാട്ടിക്കളി' തിയറ്ററുകളിലേക്ക്

https://www.youtube.com/watch?v=Ko18SgceYX8

click me!