'മനസാ വാചാ' കോമഡി സിനിമയാണ്, ചിരിച്ചുകൊണ്ട് കണ്ടുതീർക്കാം

By Web TeamFirst Published Feb 29, 2024, 1:26 PM IST
Highlights

"ദിലീഷ് പോത്തൻ അഭിനയിക്കാൻ സമ്മതിച്ചു, അത് തന്നെ പകുതി ആശ്വാസം"

ദിലീഷ് പോത്തൻ നായകനാകുന്ന 'മനസാ വാചാ' മാർച്ച് ഒന്നിന് റിലീസ് ചെയ്യുകയാണ്. ദിലീഷിനൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നത് പ്രശാന്ത് അലക്സാണ്ടറും കിരൺ കുമാറുമാണ്. യു.എസിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന കിരൺ, സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളുമാണ്. സിനിമയോടുള്ള പ്രേമം കാരണം 15 വർഷത്തെ യു.എസ് ജീവിതത്തിന് തൽക്കാലം ഇടവേളയെടുത്ത് കേരളത്തിലെത്തിയതാണ് തൃശ്ശൂർ സ്വദേശിയായ കിരൺ. 'മനസാ വാചാ'യിൽ എന്ത് പ്രതീക്ഷിക്കണം? കിരൺ തന്നെ പറയും.

മനസാ വാചാ നമുക്ക് പരിചയമുള്ള ഒരു ശൈലിയാണ്. സിനിമ എന്തിനെക്കുറിച്ചാണ്?

Latest Videos

'മനസാ വാചാ' കള്ളന്മാരുടെ കഥയാണെന്ന് പറയാം. മജീദ് സയിദ് എഴുതിയ 'കള്ളരാത്രി' എന്ന ചെറുകഥയാണ് സിനിമക്ക് ആധാരം.

ദിലീഷ് പോത്തനാണോ കള്ളനാകുന്നത്?

അതെ. ധാരാവി ദിനേശ് എന്ന കള്ളനായാണ് ദിലീഷ് പോത്തൻ അഭിനയിക്കുന്നത്. ബോംബേയിൽ നിന്നും കേരളത്തിൽ എത്തുന്ന കള്ളനാണ് ഈ കഥാപാത്രം. അയാളുടെ കളവ്, അതിന്റെ തമാശകൾ.

കോമഡി സിനിമയാണ്?

അതെ. ഉദ്ദേശിച്ചിരിക്കുന്നത് കോമഡിയാണ്, പിന്നെ ആളുകൾ ഏറ്റെടുക്കുമ്പോഴാണല്ലോ അത് കോമഡിയാകുന്നത്. ഇല്ലെങ്കിൽ ട്രാജഡിയാകുമല്ലോ! നമ്മുടെ മൂക്കില്ലാരാജ്യത്ത്, മുത്താരംകുന്ന് പി.ഒ അതുപോലെയൊരു സിനിമയാണ്. ഒരു 'ഫൺ' പടം. ലോജിക് ഒന്നും ഇല്ല. ചിരിച്ചുകൊണ്ട് ആളുകൾക്ക് കാണാം.

കിരണിന്റെ ആദ്യ സിനിമയാണോ ഇത്?

അല്ല. ഇതിന് മുൻപ് സാന്റാക്രൂസ് (2022) എന്നൊരു സിനിമ ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടില്ല. ഞാൻ ചെറുപ്പം മുതലെ കലാമേഖലയിലുണ്ട്. 1998-ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ ബാൽ ഭവന്റെ ബാൽ ശ്രീ അവാർഡ് കിട്ടിയിട്ടുണ്ട്. ആക്റ്റിങ്ങ്, മാജിക് ഇതൊക്കെയായിരുന്നു അന്ന് മത്സരത്തിലുണ്ടായിരുന്നത്. പിന്നീട് കോളേജിൽ പഠിക്കുമ്പോൾ മോണോ ആക്റ്റ് മത്സരങ്ങളിലൊക്കെ പങ്കെടുത്തു. യു.എസിൽ എത്തിയ ശേഷം തീയേറ്റർ ചെയ്തു. പക്ഷേ, അതെല്ലാം ഇം​ഗ്ലീഷ്, ഹിന്ദി നാടകങ്ങളായിരുന്നു. ഇപ്പോൾ യു.എസിൽ ഡാൻസ് സ്റ്റുഡിയോ നടത്തുന്നുണ്ട്. ഒപ്പം ജോലി ചെയ്യുന്നു. കൂടെ അഭിനയിക്കാൻ അവസരവും തേടുന്നു.

'മനസാ വാചാ'യിൽ എന്ത് കഥാപാത്രമാണ് ചെയ്യുന്നത്?

ജൂബിച്ചൻ എന്ന ഓട്ടോ ഡ്രൈവറുടെ വേഷമാണ്. കഥ കേട്ടപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു, എന്റെ പ്രായംകൊണ്ടും അഭിനയിക്കാനുള്ള സാധ്യത കൊണ്ടും ചേരുന്നത് ജൂബിച്ചൻ തന്നെയാണ് എന്ന്. ധാരാവി ദിനേശ് ചെയ്യാൻ മികച്ച ഒരു നടൻ തന്നെ വേണം എന്നും ഞാൻ മനസ്സിൽ കരുതിയിരുന്നു. ദിലീഷ് പോത്തനെ അങ്ങനെയാണ് സമീപിച്ചത്.

ദിലീഷ് പോത്തൻ മലയാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സംവിധായകൻ/നടൻ ആണല്ലോ. അ​ദ്ദേഹത്തെ എങ്ങനെയാണ് ഈ സിനിമയിൽ എത്തുന്നത്?

തീർച്ചയായും. സ്ക്രിപ്റ്റ് വായിച്ച ശേഷം അദ്ദേഹം അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു. ഞങ്ങൾ ദീലിഷ് പോത്തനെ കർണാടകത്തിൽ ഒരു ഷൂട്ടിങ് സെറ്റിൽ പോയാണ് കണ്ടത്. രണ്ടു ദിവസം കൊണ്ട് അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചു. അദ്ദേഹത്തിന്റെ സംശയങ്ങൾ പങ്കുവച്ചു. പിന്നെ അധികം വൈകാതെ അഭിനയിക്കാൻ സമ്മതിച്ചു.

ദിലീഷിന്റെ സമ്മതം ആത്മവിശ്വാസം കൂട്ടിയോ?

ഉറപ്പായും. അദ്ദേഹം എത്ര സ്ക്രിപ്റ്റ് വായിക്കുന്നുണ്ടാകും. ദിലീഷ് ഒരു ഡയറക്ടർ കൂടെയാണല്ലോ. അദ്ദേഹം അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ തന്നെ പകുതി ആശ്വാസമായി.

സിനിമ, ഇതുമായി സഹകരിച്ചവരല്ലാതെ ആരെങ്കിലും ഇതിനോടകം കണ്ടോ? എന്താണ് അവരുടെ അഭിപ്രായം.

ഞാൻ സിനിമ ഒരു പത്ത് തവണ കണ്ടു കാണും. അതുകൊണ്ട് തന്നെ ഇപ്പോൾ എനിക്ക് അതേക്കുറിച്ച് ഒന്നും പറയാനേ പറ്റില്ല. പുറത്തു നിന്നും കണ്ടവരും സിനിമ ഇഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത്. സിനിമയല്ലേ, ഒന്നും പറയാൻ പറ്റില്ല. ഇപ്പോൾ തന്നെ 'രോമാഞ്ചം' നോക്കൂ, അത് നാല് തവണ കണ്ടിട്ടും വേണ്ടെന്ന് വച്ച പ്രൊഡ്യൂസർമാരുണ്ട്. പക്ഷേ, തീയേറ്ററിൽ അത് വലിയ വിജയമായി. അതേ പ്രതീക്ഷയാണ് എനിക്കുമുള്ളത്. സിനിമ എപ്പോഴും കൂട്ടമായി ആളുകൾ കാണുന്ന ഒരു കലയല്ലേ. തമാശപോലും ഫലിക്കുമോയെന്ന് തീയേറ്ററിൽ എത്തുമ്പോഴേ തിരിച്ചറിയാനാകൂ.

കിരണിന് പുതിയ സിനിമകളുണ്ടോ?

ഒരുപാട് ട്രൈ ചെയ്യുന്നുണ്ട്, കിട്ടണ്ടേ? മുൻപും ഒരുപാട് ശ്രമിച്ചു. പിന്നീട് നാട്ടിൽ നിന്ന് തന്നെ പോയി. ഈ രണ്ടാം വരവിലും ഒരു കൈ നോക്കാം എന്നാണ്. എന്റെ വിശ്വാസം ഇതാണ് - സിനിമയെ ഒരുപാട് ആ​ഗ്രഹിക്കുമ്പോൾ സിനിമ നമ്മളെ തിരികെ വിളിക്കും.

(അഭിമുഖത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ. വ്യക്തതയും ദൈർഘ്യവും പരി​ഗണിച്ച് സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)

click me!