ഒടുവിൽ തീരുമാനമായോ? ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി ! ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ? ‌‌‌

By Web TeamFirst Published Oct 31, 2024, 10:34 AM IST
Highlights

ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിയോ​ഗ ശേഷം അദ്ദേഹത്തിന്റെ ബയോപിക് വരുന്നെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. അങ്ങനെയൊന്ന് വന്നാൽ മമ്മൂട്ടി ആയിരിക്കും ഉമ്മൻ ചാണ്ടിയുടെ വേഷത്തിന് ഏറ്റവും അനുയോജ്യൻ എന്നും ആരാധകർ പറഞ്ഞിരുന്നു. 

ഈ അവസരത്തിൽ ഉമ്മൻ ചാണ്ടിയുടെ ലുക്കിലുള്ള മമ്മൂട്ടിയുടെ ഒരു ഫോട്ടോയാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നത്. നിറ ചിരിയോടെ ഉമ്മൻ ചാണ്ടിയെ പോലെ നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. ഇതിന് പിന്നാലെ ബയോപിക് വരുന്നെന്ന തരത്തിലുള്ള പ്രചരണവും നടന്നു. എന്നാൽ സേതു ശിവാനന്ദൻ എന്ന ആർട്ടിസ്റ്റ് വരച്ച ചിത്രമാണിത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിലും ഫോട്ടോ പങ്കിട്ടിട്ടുണ്ട്. 'ഉമ്മൻ ചാണ്ടി സാറായി മമ്മൂക്ക. കൺസെപ്റ്റ് ആർട്ട് മാത്രം..' എന്ന് കുറിച്ചാണ് സേതു ഫോട്ടോ പുറത്തുവിട്ടത്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു. 

Latest Videos

100 ദിവസത്തെ ഷൂട്ട്, 60 ദിനങ്ങൾ ആക്ഷന് മാത്രം, ബജറ്റ് 30 കോടി; മലയാളത്തിന് നാഴികകല്ലാകാൻ ആ ചിത്രം

അതേസമയം, ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആയാൽ ആരൊക്കെ അഭിനയിക്കണമെന്ന് മുൻപ് ചാണ്ടി ഉമ്മനോട് ചോദിച്ചപ്പോഴുള്ള മറുപടി, 'അപ്പയുടെ ബയോപിക് വന്നാൽ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നും പിന്നും നോക്കാതെ മമ്മൂട്ടി എന്നാണ് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. ചിത്രത്തിൽ തന്റെ വേഷം ചെയ്യുന്നത് ദുൽഖർ ആയിരിക്കും', എന്നായിരുന്നു. 

അതേസമയം, ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ സംരംഭം കൂടിയാണ്. ബസൂക്ക, ‍ഡൊമനിക് ആൻഡ് ദ ലേഡീസ് പേഴ്സ് തുടങ്ങിയവയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!