Latest Videos

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ

By Web TeamFirst Published Jun 11, 2024, 11:35 AM IST
Highlights

ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

ബംഗളുരു : കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്.  സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മൈസൂരില്‍ വച്ചാണ് ദര്‍ശന്‍ അറസ്റ്റിലായത്.

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കൽ പോലീസ് അന്വേഷിക്കുകയായിരുന്നു. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്‍റെ പേരു പുറത്തുവന്നത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. 

ദർശന്‍റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രണ്ട് മാസം മുമ്പ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ ദർശന്‍റെ അടുത്ത സഹായിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

ചിത്രദുർഗയിൽ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്കാണ് പ്രാഥമിക അന്വേഷണം പോലീസിനെ നയിച്ചത്. അന്വേഷണത്തിനിടെ സാമ്പത്തിക പ്രശ്‌നമാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതിന് കാരണം എന്ന് പറഞ്ഞ് മൂന്ന് പേർ കീഴടങ്ങിയിരുന്നു. എന്നാൽ ഇത് വിശ്വസിക്കാതെ പൊലീസ് നടത്തിയ അന്വേഷണമാണ് ദര്‍ശനിലേക്ക് നീങ്ങിയത്. 

കന്നഡയില്‍ ശിവരാജ് കുമാര്‍ അടക്കം താരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ദര്‍ശന്‍. ഡി ബോസ് എന്ന് വിളിക്കുന്ന ദര്‍ശന്‍ പലപ്പോഴും രാഷ്ട്രീയ വേദികളിലും കന്നഡ പ്രക്ഷോഭ വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്. മുതിർന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിൻ്റെ മകനാണ് ദർശൻ. 2001-ൽ മജസ്റ്റിക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നത്. കാറ്റേരയായിരുന്നു അവസാന ചിത്രം. ഇപ്പോള്‍ ഡെവിള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുകയാണ്.

'ദയവായി അത് ഒഴിവാക്കൂ': ആ ചോദ്യത്തിനുള്ള ഉത്തരം ഒറ്റവാക്കിലൊതുക്കി വിജയ് സേതുപതി

ബാലകൃഷ്ണയുടെ 'തള്ളല്‍ വിവാദവും' തുണച്ചില്ല, വന്‍ പരാജയം: ചിത്രം രണ്ടാം ആഴ്ചയില്‍ ഒടിടിയില്‍ !

click me!