'ആടുജീവിതത്തിൽ അഭിനയിച്ചതിൽ മാപ്പ്', അന്ന് ഇക്കാര്യം മനസ്സിലായെങ്കിൽ ഭാഗമാകില്ലായിരുന്നു; പ്രതികരിച്ച് നടൻ

By Web TeamFirst Published Sep 2, 2024, 2:51 PM IST
Highlights

ചിത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ മറ്റ് ചില അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഒമാനി നടന്‍ താലിബ് അല്‍ ബലൂഷിക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയെന്ന രീതിയിലായിരുന്നു പ്രചാരണം. 

ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ സിനിമയാണ്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിരവധി പുരസ്കാരങ്ങളാണ് ആടുജീവിതം സ്വന്തമാക്കിയത്. ബോക്സോഫീസിലും ആടുജീവിതം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. 

ഇപ്പോഴിതാ ആടുജീവിതത്തില്‍ പ്രധാന വേഷം ചെയ്ത ജോര്‍ദാനിയന്‍ നടന്‍റെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. ജോര്‍ദാനിയന്‍ നടന്‍ ആകിഫ് നജമാണ് പ്രതികരണം നടത്തിയത്. ആടുജീവിതം സിനിമയില്‍ അഭിനയിച്ചതില്‍ ഖേദമുണ്ടെന്നും സൗദി സമൂഹത്തോട് മാപ്പ് ചോദിക്കുന്നതായും ആകിഫ് പറഞ്ഞു. സിനിമയിലേക്കുള്ള ക്ഷണം സ്വീകരിച്ചപ്പോള്‍ തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ലെന്നും സൗദി അറേബ്യയുടെ പ്രതിച്ഛായയെ സിനിമ എങ്ങനെ ബാധിക്കുമെന്നതില്‍ അറിവില്ലായിരുന്നെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Latest Videos

സൗദി സമൂഹത്തിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തി കാട്ടുന്ന സിനിമയാണ് ആടുജീവിതം എന്നാണ് ആദ്യം കരുതിയിരുന്നതെന്നും എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോഴാണ് ഈ വിശ്വാസങ്ങള്‍ക്ക് എതിരായ പ്രമേയമാണെന്ന് മനസ്സിലായതെന്നും ആകിഫ് പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് തിരക്കഥയെ കുറിച്ച് പൂര്‍ണമായും മനസ്സിലാക്കാത്തതില്‍ ദുഃഖമുണ്ടെന്നും പ്രമേയം മുഴുവന്‍ മനസ്സിലായിരുന്നെങ്കില്‍ പ്രോജക്ടിന്‍റെ ഭാഗമാകില്ലായിരുന്നെന്നും ആകിഫ് പറഞ്ഞു. ആടുജീവിതത്തില്‍ അഭിനയിച്ചതിന് സൗദി ജനതയോട് മാപ്പ് പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 'ആടുജീവിതം' സിനിമയിലെ അര്‍ബാബിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷിയെ സൗദി അറേബ്യ വിലക്കിയെന്ന തരത്തില്‍ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ അഭ്യൂഹങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

അതേസമയം ചിത്രത്തില്‍ ക്രൂരനായ അര്‍ബാബിന്‍റെ കഥാപാത്രം അവതരിപ്പിച്ചത് ഒമാനി നടൻ താലിബ് അൽ ബലൂഷി ആണ്. ഈ വേഷം കണക്കിലെടുത്ത് സൗദിയില്‍ താലിബിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചാരണം തള്ളിക്കളഞ്ഞ് താലിബ് അല്‍ ബലൂഷി രംഗത്തെത്തിയിരുന്നു. അഭ്യൂഹം മാത്രമാണെന്നും ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും താലിബ് പറ‌ഞ്ഞു. 

സൗദിയില്‍ പ്രവേശിക്കുന്നത് വിലക്കിയെന്ന് അറിയിച്ചു കൊണ്ടുള്ള യാതൊരു അറിയിപ്പും സൗദി, ഒമാന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇതൊരു സിനിമ മാത്രമാണ്, യാഥാര്‍ത്ഥ്യമല്ലെന്ന് ജനങ്ങള്‍ ഓര്‍ക്കണമെന്ന് താലിബ് പറഞ്ഞു. വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചിട്ട് പോലും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ അത് ഏറ്റെടുക്കുകയും തന്നെ പ്രശംസിക്കുകയുമാണ് ചെയ്യുന്നതെന്നും താലിബ് അല്‍ ബലൂഷി വ്യക്തമാക്കിയിരുന്നു. 

click me!