മകനോടുള്ള വാത്സല്യവും കരുതലും മമ്മൂട്ടിയോടും സിനിമയ്‍ക്ക് പുറത്തും പ്രകടിപ്പിച്ച പൊന്നമ്മ ചേച്ചി.
കവിയൂര്‍ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമാണ് യഥാര്‍ഥത്തിലെന്നും ധരിച്ചവര്‍ നിരവധി പേരുണ്ട്. കാരണം നിരന്തരം മോഹൻലാലും പൊന്നമ്മയും മകനും അമ്മയുമായി വേഷമിടുകയും വിജയിക്കുകയും ചെയ്‍തതുകൊണ്ടാകാം. എന്നാല്‍ മമ്മൂട്ടിക്കൊപ്പവും കവിയൂര്‍ പൊന്നമ്മ സിനിമകളില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ടെന്നത് മറക്കാനാകില്ല. മികവാര്‍ന്ന നിരവധി രംഗങ്ങളില്‍ പൊന്നമ്മയും മമ്മൂട്ടിയും നിറഞ്ഞാടിയിട്ടുണ്ട്.
നിരവധി വേദികളില്‍ കവിയൂര്‍ പൊന്നമ്മ മമ്മൂട്ടിയോടുള്ള സ്‍നേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്. മലയാളത്തിന്റെ മമ്മൂക്കയെ കവിയൂര്‍ പൊന്നമ്മ വിളിക്കുക എന്റെ മമ്മൂസെന്നാണ്. താൻ പ്രസവിക്കാത്ത ഒരു മകനാണ് മോഹൻലാല്‍ എന്ന് അഭിപ്രായപ്പെട്ട പൊന്നമ്മ മമ്മൂട്ടിയും അതുപോലെയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മകനോടുള്ള വാത്സല്യവും കരുതലും മമ്മൂട്ടിയോടും സിനിമയ്‍ക്ക് പുറത്തും പ്രകടിപ്പിക്കാറുണ്ട് മിക്കപ്പോഴും പൊന്നമ്മ.
എനിക്ക് മോഹൻലാലിനെ പോലെ തന്നെയാണ് മമ്മൂസും എന്ന് പൊന്നമ്മ ഒരിക്കല്‍ പറഞ്ഞത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എനിക്ക് ലാലുവും മമ്മൂസും ഒരുപോലെയാണ്. ഒരു വ്യത്യാസവുമില്ല. ലാലിന്റെ അമ്മയാകുന്നതിന് മുന്നേ തന്നെ താൻ മമ്മൂസിന്റെ അമ്മയായിട്ടാണ് വേഷമിട്ടതെന്നും പൊന്നമ്മ പറയാറുള്ളത് മമ്മൂട്ടിയോടുള്ള സ്‍നേഹം പ്രകടിപ്പിക്കാനാണ്.
മലയാളത്തിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ മാറുന്നത് ഒരുപക്ഷേ വിഖ്യാതനായ പത്മരാജന്റെ തിങ്കളാഴ്‍ച നല്ല ദിവസത്തിലൂടെയാകും. മമ്മൂട്ടി അവതരിപ്പിച്ച ഗോപന്റെ അമ്മ കഥാപാത്രമായിട്ടാണ് പൊന്നമ്മ വേഷമിട്ടത്. ജാനകിയമ്മ എന്ന കഥാപാത്രമായിരുന്നു ആ ചിത്രത്തിന്റെ കേന്ദ്ര ബിന്ദുവും. മലയാളത്തിന്റെ ഓര്‍മയില്‍ ഒരു ഉമിത്തീ പോലെ നീറുന്ന തനിയാവര്‍ത്തനത്തിലും മമ്മൂട്ടി അവതരിപ്പിച്ചു കഥാപാത്രത്തിന്റെ അമ്മയായിരുന്നു പൊന്നമ്മ. ഭ്രാന്ത് തലമുറകളിലൂടെ കിട്ടിയ മകന് വിഷം ചോറുരുളയിലാക്കി നല്‍കുന്ന ഹതഭാഗ്യയായിരുന്നു അമ്മയായിരുന്നു ചിത്രത്തില്‍ പൊന്നമ്മ. മമ്മൂട്ടിയുടെ മഹാനഗരം, ദ ഗോഡ്‍മാൻ സിനിമകളിലടക്കം നിരവധി തവണ അമ്മയായി വേഷമിട്ടു. മമ്മൂട്ടിയുടെ അമ്മയെ ഓര്‍ക്കുമ്പോഴും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ തെളിയുന്നത് പൊന്നമ്മയായിരിക്കും.
Read More: 'എന്തുകൊണ്ടാ മോൻ വരാതിരുന്നത്?', മോഹൻലാലിനെ കുറിച്ച് കവിയൂര്‍ പൊന്നമ്മയോട് അന്ന് ചോദിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക