'ഇനി ഐഎഫ്എഫ്‍കെയിലേക്ക് വരുന്നുണ്ടെങ്കില്‍'; ഒരിക്കല്‍ എടുത്ത തീരുമാനത്തെക്കുറിച്ച് ജിയോ ബേബി

By Web TeamFirst Published Dec 11, 2023, 8:10 PM IST
Highlights

"2003 മുതലാണ് ഞാന്‍ ഐഎഫ്എഫ്‍കെ കണ്ടുതുടങ്ങിയത്. ആദ്യത്തെ ഐഎഫ്എഫ്‍കെയില്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ കൈയില്‍ പൈസയൊന്നുമില്ല"

മലയാള സിനിമയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദൃശ്യമായ മാറ്റത്തിന് പിന്നില്‍ കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയുടെ സൃഷ്ടിപരമായ സ്വാധീനമുണ്ട്. മലയാളത്തില്‍ സമീപകാലത്ത് സിനിമ ചെയ്ത് തുടങ്ങിയ യുവനിര സംവിധായകരില്‍ പലരും ആദ്യചിത്രം ചെയ്യുന്നതിന് മുന്‍പേ ഐഎഫ്എഫ്കെയുടെ സ്ഥിരം പ്രേക്ഷകര്‍ ആയിരുന്നു. അവിടെവച്ച് കണ്ടറിഞ്ഞ ലോകസിനിമയുടെ തിരയിളക്കം അവരുടെ സിനിമാസങ്കല്‍പങ്ങളെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ പെടുത്താവുന്ന ആളാണ് ജിയോ ബേബിയും. സംവിധായകനായി അരങ്ങേറുന്നതിന് മുന്‍പേ ഐഎഫ്എഫ്കെയുടെ സ്ഥിരം പ്രേക്ഷകനായിരുന്നു ജിയോ. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് ജിയോ സ്വന്തം ചിത്രവുമായി ചലച്ചിത്രമേളയില്‍ എത്തുന്നത്. അതിന്‍റെ സന്തോഷത്തെക്കുറിച്ച് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

2003 മുതലാണ് ഞാന്‍ ഐഎഫ്എഫ്‍കെ കണ്ടുതുടങ്ങിയത്. ആദ്യത്തെ ഐഎഫ്എഫ്‍കെയില്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ കൈയില്‍ പൈസയൊന്നുമില്ല, സിനിമ കാണാനുള്ള കൊതി മാത്രമേയുള്ളൂ. കിടക്കാന്‍ സ്ഥലമില്ല. സിനിമ കണ്ടിട്ട് റെയില്‍വേ സ്റ്റേഷനില്‍ പോയി കിടന്നുറങ്ങും. ഓപണ്‍ ഫോറം അന്ന് ന്യൂ തിയറ്ററിലാണ്. ആ വേദിയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട് ഞാനും എന്‍റെ ഒന്ന് രണ്ട് കൂട്ടുകാരും. രാവിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി ഫ്രഷ് ആവും. സിനിമ കാണും. അങ്ങനെ ഈ ഫെസ്റ്റിവല്‍ കൂടിയിട്ടുള്ള ഒരാളാണ് ഞാന്‍. നിരന്തരം വരുമായിരുന്നു. അടുത്ത വര്‍ഷമായപ്പോള്‍ അത്രയും പ്രതിസന്ധിയില്ല. ഹോട്ടല്‍ അല്ലെങ്കില്‍‍ സുഹൃത്തുക്കളുടെ വീട്ടിലായി താമസം.

Latest Videos

ഒരു ഘട്ടമെത്തിയപ്പോള്‍ ഐഎഫ്എഫ്‍കെയില്‍ ഇനി നമ്മുടെ സിനിമ ഉള്ളപ്പോഴേ വരൂ എന്ന് തീരുമാനമെടുക്കുന്നു. അന്ന് സിനിമയൊന്നും ചെയ്തിട്ടില്ല. പിന്നെ സിനിമ ചെയ്തു. പക്ഷേ ഐഎഫ്എഫ്കെയില്‍ തെരഞ്ഞെടുക്കപ്പെട്ടില്ല. രണ്ടാമത്തെയും മൂന്നാമത്തെ സിനിമയും തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നെ നാലാമത്തെ സിനിമ, ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് ഐഎഫ്എഫ്‍കെയില്‍ വരുന്ന ഒരു പടം. അപ്പോഴാണ് ഞാന്‍ ഇവിടേക്ക് തിരിച്ചുവരുന്നത്. അത്രയും നാള്‍ ഐഎഫ്എഫ്‍കെ മിസ് ചെയ്യുന്നുണ്ടെങ്കിലും, അതൊരു ആവശ്യമില്ലാത്ത മിസ്സിം​ഗ് ആണെങ്കിലും ഓരോ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കുന്നതിന്‍റെ ഭാ​ഗമായി സംഭവിച്ചതാണ്. ഇപ്പോള്‍ ഒരു ഹാട്രിക് ആണ്. ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, ഇപ്പോള്‍ കാതല്‍. അതില്‍ വലിയ സന്തോഷം. ഇപ്പോള്‍ ഒരു അതിഥിയായി ഇവിടെ നിന്ന് സംസാരിക്കാന്‍ കഴിയുന്നത് സിനിമ തരുന്ന ഒരു മാജിക് ആണ്, ജിയോ ബേബി പറയുന്നു.

ALSO READ : വിജയ് ചിത്രത്തിലെ ആ ഹിറ്റ് ​ഗാനരം​ഗത്തില്‍ നായികയല്ല, ഡ്യൂപ്പ്! 25 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി സംവിധായകന്‍

click me!