കാതല്‍, കെന്നഡി, ആട്ടം; എല്ലാ ഷോകളും ഫുള്‍ റിസര്‍വേഷന്‍, ഐഎഫ്എഫ്‍കെയില്‍ ഇന്ന് ശ്രദ്ധിക്കേണ്ട സിനിമകള്‍

By Web TeamFirst Published Dec 10, 2023, 11:31 AM IST
Highlights

അനുരാഗ് കശ്യപിന്‍റെ ഏറ്റവും പുതിയ ചിത്രം കെന്നഡിയുടെ ആദ്യ പ്രദര്‍ശനം ഇന്ന്

കേരളത്തിന്‍റെ 28-ാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ ഒരേയൊരു ഞായറാഴ്ച ഇന്ന്. സിനിമകള്‍ക്ക് ഡെലിഗേറ്റുകളുടെ ഏറ്റവും കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഇന്നത്തെ എല്ലാ ഷോകളുടെയും അഡ്വാന്‍സ് റിസര്‍വേഷന്‍ നേരത്തേതന്നെ ഫുള്‍ ആയിരുന്നു. എന്നാല്‍ ഓരോ പ്രദര്‍ശനത്തിലും 70 ശതമാനം സീറ്റുകളാണ് റിസര്‍വേഷന് ലഭ്യമാക്കുന്നത് എന്നതിനാല്‍ റിസര്‍വ് ചെയ്യാത്തവര്‍ക്കും ക്യൂ നിന്ന് അവശേഷിക്കുന്ന 30 ശതമാനം സീറ്റുകളില്‍ പ്രവേശനം നേടാം. പല വിഭാഗങ്ങളിലായി ഒരു പിടി ശ്രദ്ധേയ സിനിമകളാണ് ഐഎഫ്എഫ്കെയില്‍ മൂന്നാം ദിനമായ ഇന്ന്.

മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ മൂന്ന് ശ്രദ്ധേയ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം കാതല്‍ ദി കോര്‍, ശാലിനി ഉഷാദേവിയുടെ എന്നെന്നും ആനന്ദ് ഏകര്‍ഷിയുടെ ആട്ടം എന്നിവയാണ് അവ. ഈ മൂന്ന് ചിത്രങ്ങളുടെയും മേളയിലെ ആദ്യ പ്രദര്‍ശനമാണ് ഇന്ന്. കെ ജി ജോര്‍ജിന് ആദരമര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ യവനികയുടെയും റെസ്റ്റോര്‍ഡ് ക്ലാസിക്സ് വിഭാഗത്തില്‍ പി എന്‍ മേനോന്‍റെ ഓളവും തീരത്തിന്‍റെയും പ്രദര്‍ശനവും ഇന്നുണ്ട്. സന്തോഷ് ശിവന്‍റെ ഹിന്ദി ചിത്രം  മോഹയുടെ ഫെസ്റ്റിവലിലെ ആദ്യ പ്രദര്‍ശനവും ഇന്നാണ്. 

Latest Videos

 

കേരളത്തില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ ഏറ്റവും പുതിയ ചിത്രം കെന്നഡിയുടെ ആദ്യ പ്രദര്‍ശനവും ഇന്നാണ്. രാഹുല്‍ ഭട്ടും സണ്ണി ലിയോണുമാണഅ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‍മെന്‍റ് പുരസ്കാരം നേടിയ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്‍പെക്റ്റീവില്‍ രണ്ട് ചിത്രങ്ങളാണ് ഇന്നുള്ളത്. ദി കോണ്‍ട്രാക്റ്റ്, ഫോറിന്‍ ബോഡി എന്നിവയാണ് ചിത്രങ്ങള്‍. ഡീകോളനൈസിംഗ് ദി മൈന്‍ഡ് വിഭാഗത്തില്‍ സ്റ്റാന്‍ലി കുബ്രിക്കിന്‍റെ പാത്ത്സ് ഓഫ് ​ഗ്ലോറിയും മൃണാള്‍ സെന്‍ റെട്രോ വിഭാഗത്തില്‍ ഭുവന്‍ ഷോമും ഇന്ന് പ്രദര്‍ശിപ്പിക്കും. 

 

മത്സരവിഭാ​ഗത്തില്‍ അഞ്ച് ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. പേര്‍ഷ്യന്‍, അസര്‍ബൈജാന്‍ ചിത്രം അഷില്‍സ്, അവിടെനിന്ന് തന്നെയുള്ള സെര്‍മണ്‍ ടു ദി ബേര്‍ഡ്സ്, ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള സണ്‍ഡേ, ജാപ്പനീസ് ചിത്രം ഈവിള്‍ ഡസ് നോട്ട് എക്സിസ്റ്റ്, സ്പാനിഷ് ചിത്രം പ്രിസണ്‍ ഇന്‍ ദി ആന്‍ഡസ് എന്നിവയാണ് അവ. കലൈഡോസ്കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറാത്തി ചിത്രം എ മാച്ച്, ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന അല്‍ബേനിയന്‍ ചിത്രം എ കപ്പ് ഓഫ് കോഫി ആന്‍ഡ് ന്യൂ ഷൂസ് ഓണ്‍ എന്നീ ചിത്രങ്ങളും ശ്രദ്ധേയങ്ങളാണ്.

ALSO READ : 22 റീലുകള്‍! ആ സൂപ്പര്‍ഹിറ്റ് രജനികാന്ത് ചിത്രത്തിന് ആദ്യമുണ്ടായിരുന്നത് രണ്ട് ഇടവേളകള്‍; പക്ഷേ കമല്‍ ഇടപെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!