'ഫെബ്രുവരി ഏഴിന് നിന്‍റെ തലവര മാറും കുട്ടീ'; സച്ചിയെ ഓര്‍മ്മിച്ച് ഗൗരി നന്ദ

By Gowri Nandha  |  First Published Jun 18, 2021, 8:20 AM IST

മലയാളത്തില്‍ അഞ്ച് സിനിമകളെങ്കിലും അദ്ദേഹം പ്ലാന്‍ ചെയ്‍തിരുന്നു. അതൊക്കെ ഗംഭീര ചിന്തകളായിരുന്നു. രാജുവേട്ടനായിരുന്നു അതില്‍ പലതിലെയും നായകന്‍-  ഗൗരി നന്ദ എഴുതുന്നു.
 


'അയ്യപ്പനും കോശി'യും ഇറങ്ങിയപ്പോള്‍ ടൈറ്റില്‍ കഥാപാത്രങ്ങളോളം പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് 'അയ്യപ്പന്‍ നായരു'ടെ ഭാര്യയായ 'കണ്ണമ്മ'. പത്ത് വര്‍ഷമായി സിനിമയിലുള്ള ഗൗരി നന്ദയെ സംബന്ധിച്ച് കരിയര്‍ ബ്രേക്ക് ആയിരുന്നു ആ കഥാപാത്രം. ആ കഥാപാത്രത്തിലേക്ക് താന്‍ എത്തിയ വഴികളെക്കുറിച്ചും സച്ചി എന്ന ഗുരുസ്ഥാനീയനെക്കുറിച്ചും എഴുതുന്നു ഗൗരി നന്ദ.

'അയ്യപ്പനും കോശിയും' സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പേ സച്ചിയേട്ടനെ എനിക്കു പരിചയമുണ്ട്. 'അനാര്‍ക്കലി'യുടെ ചിത്രീകരണത്തിനായി ക്രൂവിനൊപ്പം അദ്ദേഹം ലക്ഷദ്വീപിലേക്ക് പോവുന്നതിന് തൊട്ടുമുന്‍പാണ് ആദ്യമായി ഞാന്‍ കാണുന്നത്. ആ സിനിമയുടെ കാസ്റ്റിംഗ് അപ്പോള്‍ നടക്കുന്നുണ്ടായിരുന്നു. ആ സിനിമയില്‍ എനിക്ക് കഥാപാത്രം ഉണ്ടായിരുന്നില്ല. അവസരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു സംവിധായകനെ കണ്ടു എന്നു മാത്രം. ക്യാമറാമാന്‍ ആണ് പറഞ്ഞത് അദ്ദേഹത്തെ ഒന്ന് പോയി കാണാന്‍. എന്‍റെ തമിഴ് സിനിമ 'പഗഡി ആട്ട'ത്തിന്‍റെ ടീസറും ട്രെയ്‍ലറുമൊക്കെ റിലീസ് ആയപ്പോള്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള സംവിധായകര്‍ക്കൊക്കെ അയച്ചുകൊടുത്ത കൂട്ടത്തില്‍ അദ്ദേഹത്തിനും അയച്ചുകൊടുത്തു. അതിന് നല്ല അഭിപ്രായം പറഞ്ഞു, സിനിമ ഇറങ്ങുമ്പോള്‍ കാണാമെന്നും. അങ്ങനെയൊക്കെയാണ് സച്ചിയേട്ടനുമായി ഒരു പരിചയം വരുന്നത്. ആ സിനിമ കണ്ടിട്ടാണ് അയ്യപ്പനും കോശിയിലേക്ക് ചേട്ടന്‍ എന്നെ കാസ്റ്റ് ചെയ്യുന്നത്.

Latest Videos

അഭിനയജീവിതത്തില്‍ ഞാന്‍ ഉയരണമെന്ന് വലിയ ആഗ്രഹമുള്ള ആളാണ് എന്‍റെ അമ്മ. അതുപോലെ എന്നോട് പറഞ്ഞിട്ടുള്ള മറ്റൊരാള്‍ സച്ചിയേട്ടനാണ്. അങ്ങനെയൊരാളെ കണ്ടുകിട്ടാന്‍ പ്രയാസമാണ്. കഴിവുള്ള ആളാണെന്നും നല്ല കഥാപാത്രങ്ങള്‍ തേടിവരുമെന്നുമൊക്കെ പലപ്പോഴും പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ പിന്നീട് മനസിലാക്കി, സച്ചിയേട്ടന് അടുപ്പമുള്ള എല്ലാവരുടെയും കാര്യത്തില്‍ ഇതേ കരുതല്‍ ആണെന്ന്. ഒരിക്കലെങ്കിലും അടുത്ത് പരിചയപ്പെട്ടിട്ടുള്ള ആരും ഇതേ പറയൂ. അയ്യപ്പനും കോശിയും അദ്ദേഹം എഴുതിക്കൊണ്ടിരിക്കുമ്പോഴേ നമുക്ക് അറിയാമായിരുന്നു, ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന്. പക്ഷേ ഞാന്‍ അവസരമൊന്നും ചോദിച്ചിരുന്നില്ല, പ്രതീക്ഷിച്ചിരുന്നുമില്ല. എഴുതിക്കഴിഞ്ഞപ്പോള്‍ എന്നോട് 'കണ്ണമ്മ'യെക്കുറിച്ച് പറഞ്ഞു. നീ ചെയ്‍താല്‍ നന്നാവുമെന്ന് തോന്നുന്നു കുട്ടീ എന്ന്. പക്ഷേ ഇപ്പോഴേ അതിനെക്കുറിച്ച് സ്വപ്‍നം കാണേണ്ടെന്നും ഓര്‍മ്മിപ്പിച്ചു. രണ്ട് വലിയ നായകന്മാര്‍ വരുന്ന, ഒരു വലിയ സിനിമ, രഞ്‍ജിത്ത് സാറിന്‍റെ നിര്‍മ്മാണം. തനിക്ക് മാത്രമായി ഒരു തീരുമാനം എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. പക്ഷേ സച്ചിയേട്ടന്‍റെ തീരുമാനത്തോട് എല്ലാവര്‍ക്കും യോജിപ്പായിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ സിനിമയിലേക്ക് എത്തുന്നത്. 'കണ്ണമ്മ'യെ അവതരിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ കാസ്റ്റിംഗ് കാരണം, പെര്‍ഫോമന്‍സ് മോശമായി എന്നതിന്‍റെ പേരില്‍ സച്ചിയേട്ടന് എവിടെയും തല കുമ്പിടേണ്ടി വരരുത്.

ഷൂട്ടിംഗ് സമയത്ത് ആര്‍ട്ടിസ്റ്റിനെ ശരിക്കും കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തുന്ന ഡയറക്ടറാണ് അദ്ദേഹം. സെറ്റില്‍ ഒരാളോടും ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. ആരോടും വലിപ്പച്ചെറുപ്പമൊന്നുമില്ല. എല്ലാവര്‍ക്കും ഒരു വല്യേട്ടന്‍ ഫീല്‍ ആണ്. ഇത് നിന്‍റെ സിനിമയാണെന്നാണ് ചിത്രീകരണ സമയത്ത് എന്നോട് പറഞ്ഞത്. എതിരെ നില്‍ക്കുന്ന ആളുകളുടെ സ്റ്റാര്‍ഡം കണ്ട് പേടിക്കേണ്ടെന്നും സ്വന്തം കഥാപാത്രത്തില്‍ ശ്രദ്ധ കൊടുത്താല്‍ മതിയെന്നും പറഞ്ഞു. കണ്ണമ്മയെക്കുറിച്ച് വിശദമായി എനിക്ക് പറഞ്ഞുതന്നിരുന്നു. അഭിനയിക്കുന്ന സമയത്ത് എനിക്ക് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. സച്ചിയേട്ടനും എന്‍റെ പ്രകടനത്തില്‍ വിശ്വാസമുണ്ടായിരുന്നു. പക്ഷേ സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പ് എനിക്ക് ടെന്‍ഷന്‍ തോന്നി. എന്‍റെ യഥാര്‍ഥ വ്യക്തിത്വത്തില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ട ഒരു കഥാപാത്രമായിരുന്നു അത്. പക്ഷേ സച്ചിയേട്ടന്‍ അപ്പോഴൊക്കെ ധൈര്യപ്പെടുത്തുമായിരുന്നു, ഫെബ്രുവരി 7നാണ് കുട്ടീ നിന്‍റെ തലവര മാറുന്നതെന്ന് പറയും. അത് അതുപോലെതന്നെ സംഭവിച്ചു. പക്ഷേ കുറച്ച് പതുക്കെയാണ് എന്നെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. കണ്ണമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് നല്ല റിവ്യൂസ് ആദ്യ ദിവസം മുതലേ വന്നിരുന്നു. പക്ഷേ അത് ചെയ്‍തത് ഇന്ന ആളാണെന്ന് പതുക്കെയാണ് ചര്‍ച്ചയായത്. അപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

undefined

അയ്യപ്പനും കോശിക്കും ശേഷം മറ്റു ഭാഷകളിലെ പല താരങ്ങളും സച്ചിയേട്ടന് ചിത്രങ്ങള്‍ ഓഫര്‍ ചെയ്‍തിരുന്നു. മലയാളത്തില്‍ അഞ്ച് സിനിമകളെങ്കിലും അദ്ദേഹം പ്ലാന്‍ ചെയ്‍തിരുന്നു. അതൊക്കെ ഗംഭീര ചിന്തകളായിരുന്നു. രാജുവേട്ടനായിരുന്നു അതില്‍ പലതിലെയും നായകന്‍. അടുത്തൊരു പത്ത് വര്‍ഷത്തെ മലയാള സിനിമ സച്ചിയേട്ടന്‍റേതാണെന്ന് ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നു. മനസില്‍ പൂര്‍ണ്ണമായി രൂപം പ്രാപിച്ചതിനു ശേഷമേ അദ്ദേഹം കഥകള്‍ പേപ്പറിലേക്ക് പകര്‍ത്തുമായിരുന്നുള്ളൂ. ഈ സിനിമകളൊന്നും എഴുതിവച്ചിട്ടില്ല. അത് നമ്മുടെ നഷ്ടമാണ്.

എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ഒരു മിലിട്ടറി ഓഫീസര്‍ ആയിരുന്നു അദ്ദേഹം. പക്ഷേ ഇപ്പോഴും അച്ഛന്‍റെ അനുഗ്രഹം കൂടെയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ അച്ഛന്‍ മരിച്ചപ്പോള്‍ പോലും ഞാന്‍ ഇത്രയും കരഞ്ഞതായി എന്‍റെ ഓര്‍മ്മയില്‍ ഇല്ല. അത്രയും വിഷമമായിരുന്നു സച്ചിയേട്ടന്‍ പോയപ്പോള്‍. തീരെ അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത. ഒരു ഗുരുവിന്‍റെ സ്ഥാനത്താണ് എനിക്ക് സച്ചിയേട്ടന്‍. ഒരുപാടുനാള്‍ എടുത്തു അതില്‍ നിന്ന് പുറത്തുവരാന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് സച്ചിയേട്ടന്‍റെ പേര് പറയാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

click me!