Latest Videos

‘അമ്മ’ അധ്യക്ഷനായി മോഹൻലാലിന് ഇന്ന് ഹാട്രിക്ക്, ‘ഇടവേള’ക്ക് ശേഷം ജനറൽ സെക്രട്ടറിയാകാൻ സിദ്ദിഖ് അടക്കം രംഗത്ത്

By Web TeamFirst Published Jun 30, 2024, 12:15 AM IST
Highlights

ഇടവേള ബാബുവിന് പകരക്കാരായി മത്സരത്തിനുള്ളത് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്

കൊച്ചി: നേതൃനിരയിലെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ താരസംഘടന അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ ചേരും. അധ്യക്ഷനായി മൂന്നാം വട്ടവും മോഹൻലാൽ തുടരുമ്പോഴും കാൽനൂറ്റാണ്ടായുള്ള പദവികൾ ജനറൽ സെക്രട്ടറി ഇടവേള ബാബു ഒഴിയുമെന്ന പ്രത്യേകയുണ്ട് ഇക്കുറി. പകരക്കാരനാകാനായി സിദ്ദിഖ് ഉൾപ്പടെയുള്ളവ‍ർ മത്സരിക്കാൻ എത്തുമ്പോൾ പതിവിനപ്പുറമുള്ള പോരാട്ട ചിത്രമാണ് ഇക്കുറിയിൽ അമ്മയിൽ കാണാനാകുന്നത്.

ഇടവേളകൾ ഇല്ലാത്ത ചുമതലക്കാരെന്ന വിശേഷണത്തോടെ അമ്മയുടെ മുഖമായിരുന്നു ഇടവേള ബാബു. എന്നാൽ പുതിയ മുഖങ്ങൾ വരട്ടെ എന്ന നിലപാടിൽ ബാബു പദവിയിൽ നിന്ന് ഒഴിയുമ്പോൾ തെളിയുന്നത് അമ്മയിലെ മത്സരചിത്രം. പകരക്കാരായി മത്സരത്തിനുള്ളത് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ. ഇത് വരെ ഭരണസമിതിയുടെ വക്താവായിരുന്ന കുക്കു നേതൃത്വവുമായി അകന്നതോടെ മത്സരത്തിൽ ഉറച്ച് നിൽക്കുകയാണ്. നടന്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ളത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമുണ്ട്. ആകെ ഭാരവാഹികളില്‍ നാല് പേര്‍ വനിതകളായിരിക്കണമെന്നാണ് സംഘടനയുടെ ഭരണഘടന.

എക്സിക്യൂട്ടിവ് കമ്മറ്റിയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ അവസാനഘട്ട നീക്കുപോക്കുകള്‍ക്കും നടന്നേക്കാം. ഉണ്ണി മുകുന്ദനെ ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. വോട്ടവകാശമുള്ള 506 അംഗങ്ങളുണ്ട് സംഘടനയിൽ. 3 വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടക്കുന്നത്. ക്ഷേമപ്രവർത്തനം മുതൽ ഇൻഷുറൻസ് പദ്ധതിക്ക് വരെ പണം കണ്ടെത്താനുള്ള വഴികളിലൂന്നിയാകും ഇക്കുറിയും ചർച്ചകൾ.

ദില്ലിക്ക് പിന്നാലെ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണു, അപകടത്തിൽ വിശദീകരണം തേടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!