'ജോജു നടന്നുകയറിയ വഴികൾ', മഴവിൽ കൂടാരത്തിലെ എക്സ്ട്രാ മുതൽ പണി വരെ മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം

By Gowry Priya JFirst Published Oct 20, 2024, 1:04 PM IST
Highlights

സ്ക്രീൻ നിറഞ്ഞു നിൽക്കുന്ന സ്വാഗും സ്ക്രീൻ പ്രസൻസും. കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിലെത്തിക്കുന്ന അഭിനയവഴക്കം. ദേശീയതലത്തോളമെത്തിയ അംഗീകാരങ്ങൾ. ഇതുവരെകണ്ട ജോജുവിന്റെ  കഥാപാത്രങ്ങൾ ഒന്നുപോലും മറ്റൊരാൾ ചെയ്തിരുന്നെങ്കിൽ എന്ന് പ്രേക്ഷകൻ ചിന്തിക്കാത്തിടത്താണ് ജോജുവിലെ നടന്റെ മികവ് പ്രസക്തമാവുന്നത്

മൂന്ന് പതിറ്റാണ്ടിലേക്കടുക്കുകയാണ് ജോജു ജോർജിൻ്റെ സിനിമാ യാത്ര. മലയാള സിനിമയുടെ ഓരത്തൊരാളായി തുടങ്ങി, പടിപടിയായി ഉയർന്ന്, ഇന്ന് തിയേറ്ററിൽ ആളെ കയറ്റുന്ന താരപദവിയുണ്ട് ജോജുവിന്. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും കഴിഞ്ഞാൽ സ്ക്രീൻ നിറഞ്ഞു നിൽക്കുന്ന സ്വാഗും സ്ക്രീൻ പ്രസൻസും. കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിലെത്തിക്കുന്ന അഭിനയവഴക്കം. ദേശീയതലത്തോളമെത്തിയ അംഗീകാരങ്ങൾ. ഇതുവരെകണ്ട ജോജുവിന്റെ  കഥാപാത്രങ്ങൾ ഒന്നുപോലും മറ്റൊരാൾ ചെയ്തിരുന്നെങ്കിൽ എന്ന് പ്രേക്ഷകൻ ചിന്തിക്കാത്തിടത്താണ് ജോജുവിലെ നടന്റെ മികവ് തിരിച്ചറിയപ്പെടുന്നത്.

1995ൽ മഴവിൽകൂടാരത്തിലൂടെയാണ് തുടക്കം. 2000ൽ പുറത്തിറങ്ങിയ വിനയൻ- മമ്മൂട്ടി ചിത്രം ദാദാ സാഹിബിലെ ജോജുവിന്റെ കഥാപാത്രത്തിന് പറയാൻ ഒരു ഡയലോഗുണ്ടായി. ആദ്യ ചിത്രത്തിനു ശേഷം നീണ്ട 25 വർഷങ്ങളെടുത്തു സ്വന്തമായി പേരുള്ള ഒരു കഥാപാത്രമാകാൻ. കുറഞ്ഞ സമയം മാത്രം സ്ക്രീനിലുള്ള കോക്ടെയിലിലെ ആനന്ദ്. അതുവരെ മലയാള സിനിമയിൽ ഒരു എക്സ്ട്രാ ജൂനിയർ ആർടിസ്റ്റ് മാത്രമായിരുന്നു ജോജു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഹോട്ടൽ മാനേജ്‌മെന്റ്റ് ബിരുദവുമായി മലയാള സിനിമയിൽ ഇടം തേടി അലയാൻ ജോജുവിനെ പ്രേരിപ്പിച്ചത്. ജോജു തന്നെ പറഞ്ഞതുപോലെ, ഒരിക്കലും അടിക്കാതിരുന്നിട്ടും ലോട്ടറിയെടുത്തുകൊണ്ടിരുന്ന അതേ പ്രതീക്ഷയായിരുന്നു ജോജുവിന് മലയാള സിനിമയും. ലോട്ടറി എടുത്തുകൊണ്ടേയിരുന്നു. എഡിയും ജൂനിയർ ആർട്ടിസ്റ്റുമായി ജീവിച്ച ആ കാലത്തത്രയും ജോജു സംവിധായകരുടെയും നിർമ്മാതാക്കളുടെയും അടുത്ത് ചാൻസുകൾ ചോദിച്ചുകൊണ്ടേയിരുന്നു.

Latest Videos

ബെസ്റ്റ് ആക്ടറിലെ ഡയറക്ടർ കഥാപാത്രവും പട്ടാളം സിനിമയിലെ പട്ടാളക്കാരനും ട്രിവാൻഡ്രം ലോഡ്‍ജിലെ സ്‍കൂൾ വിദ്യാഭ്യാസമില്ലാത്ത ബിസിനസ്‍മാനും ഹോട്ടൽ കാലിഫോർണീയയിലെ പൊലീസുകാരനും മുഴുനീള കഥാപാത്രമെങ്കിലും പുള്ളിപ്പുലികളിലെ ചക്ക സുഗുവുമൊക്കെ ജോജുവിനെ ഒരു ഹാസ്യ നടനായാണ് അവതരിപ്പിച്ചത്. എന്നാല്‍ ലൂക്ക ചുപ്പിയിയിലെ റഫീഖ് അണ്ടർറേറ്റഡായിപ്പോയ ഒരു ജോജു കഥാപാത്രവുമായിരുന്നു. തമാശയ്ക്കപ്പുറം സര്‍ട്ടിലായി ചിലത് പ്ലേചെയ്യാൻ ആ കഥാപാത്രം ജോജുവിന് സ്പേസ് കൊടുത്തു. 'പ്രേമം' ആഞ്ഞടിച്ചുപോയ 2015ൽ ഇറങ്ങിയ ലൂക്കാ ചുപ്പി തിയേറ്ററിൽ നിൽക്കാതെ പോയതിൽ ഏറ്റവും ക്ഷീണം ഉണ്ടായിട്ടുണ്ടാവുക തീർത്തും ചെറിയ വേഷങ്ങളിലൂടെ വന്ന ജോജുവിനായിരിക്കും. തിയേറ്ററിൽ ധാരാളം കയ്യടികൾ ഉയർത്താവുന്ന സന്ദർഭങ്ങൾ ആ കഥാപാത്രത്തിന് ചിത്രത്തിലുണ്ട്, അത് ഭംഗിയായി അവതരിപ്പിച്ചിട്ടുമുണ്ട്.  

ജൂനിയറാർട്ടിസ്റ്റായിരുന്നപ്പോൾ അണിഞ്ഞതിലധികവും പൊലീസ് കുപ്പായമെങ്കിൽ തുടർന്ന് ജോജുവിനെ തേടി കൂടുതൽ കോമഡി റോളുകളെത്തി. ആക്ഷൻ ഹീറോ ബിജുവിന്റെ കഥാഗതിയിൽ നിർണായകമായ പൊലീസുകാരനെ നാട്ടിലെ ഒരു പൊലീസ് ഓഫീസറിൽ നിന്ന് റെഫറൻസായി സ്വീകരിച്ചുവെന്ന് ജോജു പറഞ്ഞിട്ടുണ്ട്. ആ കഥാപാത്രം ജനശ്രദ്ധ നേടി. ഇതേ 2015ലാണ് ജോജു ജോർജ് സിനിമാ നിർമ്മാണത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ചിത്രം ചാർലിയിൽ മാർട്ടിനും ഷെബിൻ ബക്കറിനുമൊപ്പം നിർമാണത്തിൽ പങ്കാളിയായി. ചാർലി ആ വർഷത്തെ സൂപ്പർഹിറ്റ് വിജയമായി. കരിയറിൽ തന്നെ നിർണായകമായ രണ്ട് കഥാപാത്രങ്ങൾ കൊണ്ട് 2017 ജോജുവിന് ഏറ്റവും പ്രധാനപ്പെട്ട വർഷമാണ്. രഞ്ജിത് ശങ്കർ ചിത്രം രാമൻ്റെ ഏദൻ തോട്ടത്തിലെ എൽവിസ് അപകർഷത നിറഞ്ഞ പല ലെയറുകളിൽ അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു. അതേവർഷം പുറത്തിറങ്ങിയ ഉദാഹരണം സുജാതയിലെ ഹെഡ്‍മാസ്റ്ററുടെ തമാശ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

ഓരോ പടങ്ങളും ഓരോ പാഠങ്ങളായിരുന്നുവെന്നാണ് ജോജു പറഞ്ഞത്. എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും പഠിപ്പിച്ച പാഠപുസ്‍തകങ്ങൾ. അങ്ങനെ 2018ൽ ജോസഫ് ജോജുവിലെ അഭിനേതാവിനെയും സ്റ്റാർ മെറ്റീരിയലിനെയും പുറത്തുകൊണ്ടുവന്നു. അന്നു വരെ കണ്ട ജോജുവായിരുന്നില്ല ജോസഫിലേത്. ആഴമുള്ള കഥാപാത്രത്തെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത ജോജുവിലെ നടനെ ഏറ്റെടുക്കാൻ മലയാളി പ്രേക്ഷകർ അണുവിടപോലും ശങ്കിച്ചില്ല. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം, ദേശീയ പുരസ്‍കാര ജൂറിയുടെ പ്രത്യേക പരാമർശം. നായകനെന്ന വിശേഷണത്തിനൊപ്പം ജോജുവിവിലെ അഭിനേതാവിനെ കൂടുതൽ എക്സ്പ്ലോർ ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു പ്രേക്ഷകർ.

പൊറിഞ്ചു മറിയം ജോസ്, ചോല, നായാട്ട്, ഫ്രീഡം ഫൈറ്റ്, മാലിക്, പട, ഇരട്ട, പുലിമട, മധുരം അങ്ങനെ ജോജുവിലെ നടന്റെ റേഞ്ച് പ്രേക്ഷകർ കണ്ട സിനിമകൾ.. രാജീവ് രവി ചിത്രം തുറമുഖത്തെ തിയേറ്ററിൽ കൈവിട്ട പ്രേക്ഷകർ പക്ഷേ പുറത്തിറങ്ങി പറഞ്ഞതിലധികവും ജോജുവിന്റെ ക്വിന്റൽ ഇടിയേപ്പറ്റിയായിരുന്നു. കഥാപാത്രത്തെ എത്ര ഹെവിയാക്കിക്കൊടുത്താലും ഗംഭീരമാക്കുന്ന അഭിനയം, സ്ക്രീൻ പ്രസൻസ്, അതായിരുന്നു തുറമുഖത്തിലെ ജോജു ജോർജ്. കാർത്തിക് സുബ്ബരാജിൻ്റെ 'ജഗമേ തന്തിര'ത്തിലൂടെ തുടങ്ങി മണിരത്നത്തിൻ്റെ തഗ് ലൈഫിൽ എത്തി നിൽക്കുന്ന തമിഴ് സിനിമാ കരിയർ.

'അഭിനയം എന്റെ മനസ്സിൽ വന്നതു മുതൽ മറ്റൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്- കൂടുതൽ സിനിമകൾ കാണുന്തോറും അഭിനയിക്കണമെന്ന് ഞാൻ കൂടുതൽ കൂടുതൽ ആഗ്രഹിച്ചു' എന്നാണ് ജോജു സിനിമാ ജീവിതത്തേക്കുറിച്ച് പ്രതികരിക്കുന്നത്. വിയർപ്പ് തുന്നിയിട്ട കുപ്പായംകൊണ്ട് ജോജു ആ ആഗ്രഹങ്ങളെ ഓരോന്നോരോന്നായി സാധിച്ചെടുക്കുകയാണ് ജോജു. മലയാളി പ്രേക്ഷകർക്ക് മിനിമം ഗ്യാരൻ്റിയുള്ള നടനും നിർമ്മാതാവുമാണ് ജോജു ജോർജ്. ജോജു കരയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ പ്രേക്ഷകരും ഒപ്പം ചേർന്നു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ അനുഭവ സമ്പത്തുകൊണ്ടാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസമെത്തിയ പണിയുടെ ട്രെയ്‌ലർ ജോജുവിലെ സിനിമാക്കാരനുമേലുള്ള പ്രതീക്ഷ കൂട്ടിയിട്ടേയുള്ളൂ. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എൻറർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് 'പണി' പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. വലിയ ക്രൗഡും ക്യാൻവാസുമുണ്ട്. അഭിനയ, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സാണ്ടർ, സീമ, സുജിത് ശങ്കർ തുടങ്ങിയ താരനിര ചിത്രത്തിനുണ്ട്. സോഷ്യൽ മീഡിയ താരങ്ങളായ സാഗർ, ജുനൈസ് എന്നിവരെ പ്രാധാന്യത്തോടെ ട്രെയ്‌ലർ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ പ്രിവ്യൂവിന് പിന്നാലെ താരസംവിധായകർ നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തീ പടർത്തുന്നത്. ചില കൊറിയൻ ന്യൂ വേവ് സിനിമകളോടു കിട പിടിക്കുമെന്നാണ് അനുരാഗ് കശ്യപ് പണിയെക്കുറിച്ച് പറഞ്ഞത്. 'ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ് എന്നാണ് കാർത്തിക് സുബ്ബരാജിൻ്റെ കുറിപ്പ്. മികച്ചൊരു ആക്റ്റിങ് ഡയറക്ടറെ കൂടിയാകാം ഒരുപക്ഷേ മലയാളി പ്രേക്ഷകർക്കായി പണി കാത്തുവച്ചിട്ടുണ്ടാവുക. കാത്തിരിപ്പിന് ഇനി ഒക്ടോബർ 24ന്റെ ദൂരം..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!