"പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെട്ട ഒരു നടന്മാരും ഉണ്ടാവില്ല എന്നാണ് നമുക്ക് കിട്ടിയ അറിയിപ്പ്"
മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും കരിയറില്‍ രണ്ടാമതായി ചെയ്യാനിരുന്ന ചിത്രം മുടക്കിയത് അവരാണെന്നും സംവിധായകന്‍ പ്രിയനന്ദനന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പൃഥ്വിരാജ് സുകുമാരന്‍, കാവ്യ മാധവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു ഇത്. എന്നാല്‍ ആറ് ദിവസമേ ചിത്രീകരിക്കാനായുള്ളൂ. പവര്‍ ഗ്രൂപ്പ് സ്വാധീനത്താല്‍ പിന്നീട് മുന്നോട്ടു പോവാനായില്ല. ഷഹബാസ് അമന്‍ ചലച്ചിത്ര സംഗീത സംവിധായകനായി അരങ്ങേറേണ്ട ചിത്രമായിരുന്നു അത്. ഗാനങ്ങളും റെക്കോര്‍ഡ് ചെയ്തിരുന്നു. ഒരു ഗാനം വര്‍ഷങ്ങള്‍ക്കിപ്പുറമെത്തിയ മറ്റൊരു ചിത്രത്തില്‍ ഉപയോഗിക്കപ്പെട്ട് ഹിറ്റ് ആവുകയും ചെയ്തു. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് തന്നെ നായകനായി 2011 ല്‍ പുറത്തെത്തിയ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ ഉള്ള ഈ പുഴയും എന്ന ഗാനത്തെക്കുറിച്ചാണ് പ്രിയനന്ദനന്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകളിലേക്ക്...
"ഒരു പവര്‍ ഗ്രൂപ്പ് ഇല്ലായിരുന്നുവെങ്കില്‍ 2004 ല്‍ ഞാന്‍ ആറ് ദിവസം ഷൂട്ട് ചെയ്ത ഒരു സിനിമ ഉപേക്ഷിക്കേണ്ടിവരില്ലായിരുന്നു. എംടിയുടെ ഒരു കഥയില്‍ കവി പി പി രാമചന്ദ്രന്‍, വി കെ ശ്രീരാമന്‍, എഡിറ്റര്‍ വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ അത് മന്ദാരപ്പൂവല്ല എന്ന സിനിമയായിരുന്നു അത്. പൃഥ്വിരാജും കാവ്യയുമായിരുന്നു ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്നത്. ആറ് ദിവസം ഷൂട്ട് ചെയ്ത ചിത്രം പിന്നീട് മുടങ്ങി. അത് വിനയന്‍റെ പടത്തില്‍ അന്ന് പൃഥ്വിരാജ് അഭിനയിച്ചതുകൊണ്ട് മാത്രമാണ്. ഇല്ലാതായിപ്പോയത് എന്‍റെ ഒരു ജീവിതമല്ലേ? ഞാന്‍ നെയ്ത്തുകാരന് ശേഷം ചെയ്യേണ്ട സിനിമയായിരുന്നു."
"പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെട്ട ഒരു നടന്മാരും ഉണ്ടാവില്ല എന്നാണ് നമുക്ക് കിട്ടിയ അറിയിപ്പ്. ഷഹബാസ് അമന്‍ ഏറ്റവുമാദ്യം മ്യൂസിക് ചെയ്യുന്നത് ആ പടത്തിലാണ്. ഈ പുഴയും സന്ധ്യകളും തുടങ്ങിയ പാട്ടുകളൊക്കെ ആ പടത്തിന് വേണ്ടി റെക്കോര്‍ഡ് ചെയ്ത പാട്ടുകളാണ്. ആ സിനിമ പിന്നീട് എനിക്ക് തുടരാന്‍ സാധിച്ചില്ല", പ്രിയനന്ദനന്‍ പറഞ്ഞു.
ALSO READ : 'ക്ലീന്‍ ചിരിപ്പടം'; മികച്ച പ്രേക്ഷകാഭിപ്രായവുമായി സൈജു കുറുപ്പിന്‍റെ 'ഭരതനാട്യം'