Mullaperiyar Dam Issue| 'ഡി കമ്മിഷന്‍ ചെയ്യുന്നതിനു പകരമുള്ള പോംവഴി'; ഭദ്രന്‍ പറയുന്നു

By Web Team  |  First Published Oct 27, 2021, 12:23 PM IST

'അന്ന് തമിഴ് മക്കൾ വിയോജിക്കുകയായിരുന്നില്ല. പകരം കലാപം അഴിച്ചു വിട്ടത് ഞാൻ ചെന്നൈയിൽ താമസിക്കുമ്പോൾ കണ്ടതാണ്'


മുല്ലപ്പെരിയാര്‍ (Mullaperiyar) വീണ്ടും സജീവ ചര്‍ച്ചകളില്‍ ഇടംപിടിക്കുമ്പോള്‍ വിഷയത്തില്‍ തന്‍റെ വ്യക്തിപരമായ അഭിപ്രായം പങ്കുവച്ച് സംവിധായകന്‍ ഭദ്രന്‍ (Bhadran). ഡാം ഡി കമ്മിഷന്‍ ചെയ്യുന്നതിന് പകരം മറ്റു പരിഹാര മാര്‍ഗങ്ങള്‍ ഇല്ലേയെന്ന് ഭദ്രന്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം.

ഭദ്രന്‍റെ കുറിപ്പ്

Latest Videos

undefined

മുല്ലപ്പെരിയാർ കേരളത്തിന്‍റെ നെറുകയിലേക്ക് അസ്ത്രം പോലെ ചൂണ്ടി നിൽക്കുന്ന Damocles-ന്‍റെ വാൾ ആണെന്നുള്ള അറിവ് ഇന്നോ ഇന്നലെയോ  ഉള്ളതല്ല. ആ അറിവ് ഇത്രയും സത്യസന്ധമായിരുന്നിട്ടും  എന്തുകൊണ്ട് അതാത് കാലങ്ങളിൽ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഗവൺമെന്‍റുകളോ കോടതികളോ അതിന്‍റെ ഭയാനകമായ വശങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നില്ല ??? ഇതൊരു വലിയ ചോദ്യചിഹ്നമാണ്. ഞാൻ കോടതികളെയോ  നിയമ വ്യവസ്ഥകളെയോ  പഴിചാരുകയല്ല. മറിച്ച് ഇപ്പോഴുള്ള സാഹചര്യത്തിൽ  നമുക്ക് എന്ത് ചെയ്യാൻ കഴിയും ??? ഇതിനെക്കുറിച്ച് വലിയ പഠനം ഉള്ള ആൾക്കാരുടെ ടിവിയിൽ വരുന്ന ഡിബേറ്റുകളുടെ മുമ്പിലിരുന്ന് കേൾക്കുമ്പോൾ എനിക്ക് തോന്നുന്ന അഭിപ്രായം. അതിൽ ചിലർ പറയുന്ന കാര്യങ്ങൾ കണക്കിലെടുത്താൽ ഒരു ശാശ്വതമായ പരിഹാരത്തിന് വഴിതെളിയും എന്ന് തോന്നുന്നു.  മുല്ലപ്പെരിയാർ ഡീക്കമ്മീഷൻ ചെയ്യുക എന്ന യാഥാർഥ്യത്തെ എനിക്ക് മറിച്ച് പറയാൻ കഴിയില്ല… എങ്കിലും അതിന് മറ്റൊരു വശമുണ്ട്. 

'ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകള്‍ തമിഴ്നാടിന് വിട്ടുകൊടുക്കുക'; സന്തോഷ് പണ്ഡിറ്റ് പറയുന്നു

ഏതാനും വർഷങ്ങൾക്ക് മുൻപ് "തമിഴ്നാടിന്  നമ്മൾ എന്തിന് വെള്ളം കൊടുക്കണം... നമ്മുടെ നാടിന്‍റെ സുരക്ഷിതത്വം അവഗണിച്ചുകൊണ്ട്" എന്ന ചില അഭിപ്രായങ്ങളോട് തമിഴ് മക്കൾ വിയോജിക്കുക ആയിരുന്നില്ല. പകരം കലാപം അഴിച്ചു വിട്ടത് ഞാൻ ചെന്നൈയിൽ താമസിക്കുമ്പോൾ കണ്ടതാണ് .. മലയാളികളുടെ ഒരുതരി മണ്ണുപോലും തമിഴ്നാട്ടിൽ വെച്ചേക്കില്ല എന്നതായിരുന്നു അന്നത്തെ അവരുടെ ഗർജ്ജനം.. എന്‍റെ പല സുഹൃത്തുക്കളുടെയും സ്വർണ്ണക്കടകൾ ആമ താഴിട്ട് പൂട്ടി ബോംബെയ്ക്ക് കടന്നത് എനിക്കറിയാം. ഒരു തമിഴന് കേരളത്തിൽ ഉള്ളതിനേക്കാൾ എത്രയോ മലയാളികളുടെ  സമ്പത്തും ജീവനും തമിഴ് നാട്ടിൽ കെട്ടി കിടക്കുന്നു.
അതുകൊണ്ടുതന്നെ വളരെ സെന്‍സിറ്റീവ് ആയി കൈകാര്യം ചെയ്യേണ്ട ഒരു വിഷയം അല്ലേ ഇത് എന്ന് എനിക്ക് തോന്നുന്നു.... തമിഴ്നാട്ടിലെ എട്ട് ജില്ലകളോളം മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൊണ്ട് സമൃദ്ധി അണിഞ്ഞ് നിൽക്കുമ്പോൾ ഒരു ഡീക്കമ്മീഷൻ എന്ന ആശയം കൊള്ളിവെപ്പിലേക്കും  കൊലപാതകങ്ങളിലേക്കും നയിക്കില്ലേ എന്ന് എനിക്ക് ഒരു സംശയം??? എനിക്ക് അവിടുത്തെ മനുഷ്യരുടെ ഭ്രാന്തമായ സ്വഭാവ വൈകൃതങ്ങൾ നേരിട്ട് അറിയാം.. 

പകരം ഡാമിന്‍റെ ഇന്നത്തെ അവസ്ഥ ലോകപ്രശസ്തരായ ടെക്നിക്കൽ ക്രൂ അടങ്ങിയ വലിയ കമ്പനികളെ ക്ഷണിച്ച് ഒരു നിഷ്പക്ഷമായ പഠനം നടത്തിയാൽ അവരും പറയുക ഡാം ഡീ കമ്മീഷൻ ചെയ്തുകൊള്ളുക, ഇല്ലെങ്കിൽ ചൈനയിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കും എന്ന്  തന്നെയായിരിക്കും.... ഈ ഡോക്യുമെന്‍റ്  കേരള ഗവൺമെന്‍റിന് സുപ്രീംകോടതിയിലേക്ക് ഒരിക്കൽ കൂടിയുള്ള  ചൂവടാണ്. അങ്ങനെയൊരു സാഹചര്യം സംജാതമായാൽ ഇന്നലെ മാതൃഭൂമി ചാനലിൽ നടന്ന ഡിബേറ്റിൽ പങ്കെടുത്ത പഠന വൈഭവമുള്ള  വ്യക്തി പറഞ്ഞതുപോലെ ഡാമിന്‍റെ ഇപ്പോഴത്തെ അനുവദനീയമായ 140 അടിയിൽ നിന്നും കേവലം 50 അടിയാക്കി  ചുരുക്കി, ഭൂഗർഭത്തിലൂടെ  വലിയ ടണലുകൾ വഴി തമിഴ്‌നാടിന് ഇപ്പോൾ കൊടുക്കുന്നതിലും വലിയ തോതിൽ ഉള്ള ജലസ്രോതസ്സ് ലഭിക്കില്ലേ ??? അങ്ങനെ പരിമിതമായ അളവിൽ വെള്ളം ഡാമിൽ സൂക്ഷിച്ചാൽ ഈ ബലക്ഷയത്തിന്‍റെ  പ്രശ്നം  പരിഹരിക്കപ്പെടുകയും ഒപ്പം ആവശ്യമായ ഹൈബ്രിഡ് ടെക്നിക്കൽ എക്സലൻസ് ഉപയോഗിച്ചു ബലപ്പെടുത്താൻ സാധ്യമാവില്ലേ ??? 

മുല്ലപ്പെരിയാര്‍: പൃഥ്വിരാജിന്‍റെ കോലം കത്തിച്ച് തമിഴ്നാട്ടില്‍ പ്രതിഷേധം

അതുകൊണ്ട് വിവേകത്തോടെയും ഇച്ഛാ ശക്തിയോടെയും ഗവണ്മെന്‍റ് കാര്യങ്ങൾ പഠിച്ചു ചെയ്യാനുള്ള വകതിരിവ് കാണിക്കുക !!! എന്‍റെ കേരളത്തിലെ ജനങ്ങളുടെ ജീവനും സമ്പത്തും സംരക്ഷിക്കപ്പെട്ടതിനു ശേഷമേ രാജ്യത്തിന്‍റെ വികസനത്തിനു വേണ്ടിയുള്ള ചാട്ടത്തിന്  പ്രസക്തിയുള്ളൂ !!! ദയവ് ചെയ്ത് തമിഴ് പാട്ടുകളും, ക്ലാസ്സിക്കുകളും, സിനിമകളും അവിടുത്തെ താരങ്ങളെയും മുക്തകണ്ടം ശിരസ്സിൽ സ്വീകരിച്ചിട്ടുള്ള മലയാളിയെ അവരിൽ നിന്നും പിരിക്കരുത് എന്നൊരു അപേക്ഷ !!! ഇതു വായിക്കുന്ന മാന്യ സഹോദരങ്ങൾ എന്‍റെ ഒരു അഭിപ്രായം ആയി മാത്രം കരുതിയാൽ മതി.

click me!