'പൊലീസ് ഐഡന്‍റിഫൈ ചെയ്തിട്ടുണ്ട്'; 'പണി'ക്കെതിരെ ബോധപൂര്‍വ്വമായ ഡീഗ്രേഡിംഗ് നടന്നെന്ന് ജോജു

By Web TeamFirst Published Oct 31, 2024, 6:51 PM IST
Highlights

ഈ മാസം 24 ന് തിയറ്ററുകളിലെത്തിയ ചിത്രം. മികച്ച പ്രേക്ഷകപ്രീതിയാണ് നേടിയത്

മലയാളത്തില്‍ സമീപകാലത്ത് പ്രേക്ഷകപ്രീതിയില്‍ മുന്നിലെത്തിയ ചിത്രങ്ങളിലൊന്നാണ് പണി. നടനായി തിളങ്ങിയ ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. തിയറ്ററുകളിലെത്തിയപ്പോഴും ആ പ്രീതി നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചു. ബോക്സ് ഓഫീസിലും മികച്ച പ്രകടനവുമായി തിയറ്ററുകളില്‍ തുടരുകയാണ് പണി. ഇപ്പോഴിതാ ആദ്യ ദിവസങ്ങളില്‍ ചിത്രത്തിനെതിരെ ബോധപൂര്‍വ്വമായ ഡീഗ്രേഡിംഗ് നടന്നുവെന്ന് പറയുകയാണ് സംവിധായകനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജോജു ജോര്‍ജ്. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജോജുവിന്‍റെ ആരോപണം.

"ആദ്യത്തെ രണ്ട് ദിവസം സിനിമയ്ക്കെതിരെ കുറച്ച് ഡീഗ്രേഡിംഗ് ഉണ്ടായിരുന്നു. പൊലീസ് അത് ഐഡന്‍റിഫൈ ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ ചെയ്ത ഒരു പരിപാടിയാണ്. പാരച്യൂട്ടില്‍ നിന്ന് വീഴുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഒരാള്‍ അനുഭവിക്കുന്ന കാര്യം എന്തെന്ന് അവര്‍ക്ക് അറിയില്ലല്ലോ. എന്തായിരിക്കും അടുത്ത ലെവല്‍ എന്നതിന്‍റെ സമ്മര്‍ദ്ദം ആദ്യത്തെ രണ്ട് ദിവസം ഉണ്ടായിരുന്നു", ജോജു ജോര്‍ജിന്‍റെ വാക്കുകള്‍. ചിത്രത്തെ പിന്തുണയ്ക്കുകയും സ്വീകരിക്കുകയും ചെയ്ത മുഴുവന്‍ പ്രേക്ഷകരോടും നന്ദിയുണ്ടെന്നും ജോജു ജോര്‍ജ് പറയുന്നു.

Latest Videos

ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി പിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. അഭിനയ നായികയായി എത്തുന്ന ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ALSO READ : ലെഹങ്കയിൽ സുന്ദരിയായി ബിന്നി സെബാസ്റ്റ്യൻ, ചിത്രങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!