ബജറ്റ് 350 കോടി! കളക്റ്റ് ചെയ്തത് ആറിലൊന്ന് മാത്രം; ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയം ആ ചിത്രം

By Web TeamFirst Published Jul 3, 2024, 4:15 PM IST
Highlights

ആറ് മാസം പിന്നിടുമ്പോള്‍ ഏറ്റവും വലിയ പരാജയം ആ ചിത്രം

കൊവിഡ് കാലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ബോളിവുഡ് ഇനിയും പൂര്‍ണ്ണമായും മുക്തമായിട്ടില്ല. സൂപ്പര്‍താരങ്ങളില്‍ ഷാരൂഖ് ഖാന്‍ മാത്രമാണ് ബോളിവുഡിന്‍റെ പഴയ പ്രതാപത്തെ ഓര്‍മ്മപ്പെടുത്തുന്ന വിജയങ്ങള്‍ നേടിയത്. ഒരുകാലത്ത് നിര്‍മ്മാതാക്കള്‍ ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന അക്ഷയ് കുമാറിന് തുടര്‍ പരാജയങ്ങളാണ് സമീപകാലത്ത് നേരിടേണ്ടിവന്നത്. ഇപ്പോഴിതാ ഈ വര്‍ഷം അതിന്‍റെ പകുതി പിന്നിടുമ്പോള്‍ വ്യത്യസ്ത സിനിമാ മേഖലകളിലെ ജയപരാജയങ്ങള്‍ ചര്‍ച്ചയാവുകയാണ്. അക്കൂട്ടത്തില്‍ ബോളിവുഡില്‍ നിന്നുള്ള കണക്കുകളും. വലിയ പ്രതീക്ഷയോടെയും സൂപ്പര്‍താര പരിവേഷത്തോടെയും വന്ന ഒരു ചിത്രമാണ് ബോളിവുഡിലെ ഈ വര്‍ഷം ഇതുവരെയുള്ള റിലീസുകളില്‍ ഏറ്റവും വലിയ പരാജയം. 

അലി അബ്ബാസ് സഫറിന്‍റെ സംവിധാനത്തില്‍ അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രമാണ് ഈ വര്‍ഷം നിര്‍മ്മാതാവിന് ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ ബോളിവുഡ് ചിത്രം. ചിത്രത്തിന്‍റെ ഉയര്‍ന്ന ബജറ്റ് തന്നെയാണ് അതിന്‍റെ പ്രധാന കാരണം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പ്രകാരം 350 കോടിയാണ് സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്‍റെ ബജറ്റ്. എന്നാല്‍ തിയറ്ററുകളില്‍ നിന്ന് കളക്റ്റ് ചെയ്തതാവട്ടെ വെറും 59.17 കോടിയും. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്.

പ്രതിനായക കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്‍ എത്തിയ ചിത്രമെന്ന നിലയില്‍ മലയാളി സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരില്‍ നിന്ന് ചിത്രം മോശം പ്രതികരണമാണ് നേടിയത്. നിലവില്‍ നെറ്റ്ഫ്ലിക്സില്‍ ചിത്രം ലഭ്യമാണ്. 

ALSO READ : ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!