500 കോടി ബജറ്റ്, ഷൂട്ടിംഗ് 60 ദിവസത്തിനകം തീര്‍ക്കണം! വന്‍ വെല്ലുവിളി നേരിട്ട് സംവിധായകന്‍

By Web TeamFirst Published Jul 5, 2024, 5:52 PM IST
Highlights

ചിത്രീകരണത്തിന്‍റെ അവസാന ഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ആദ്യ ഭാഗം നേടിയ വന്‍ വിജയത്തിന്‍റെ പേരില്‍ ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചില സീക്വലുകളുണ്ട്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 ആ ഗണത്തില്‍ പെടുന്ന ചിത്രമാണ്. പുഷ്പയേക്കാള്‍ വലിയ കാന്‍വാസില്‍ തയ്യാറാകുന്ന പുഷ്പ 2 ന്‍റെ ബജറ്റ് 500 കോടിയാണ്. കാന്‍വാസും പ്രേക്ഷകപ്രതീക്ഷയും വലുതായതുകൊണ്ടുതന്നെ സംവിധായകന് അത് ഉയര്‍ത്തുന്ന വെല്ലുവിളിയും വലുതാണ്. പ്രതീക്ഷിച്ച സമയത്ത് നിര്‍മ്മാണം അവസാനിക്കാത്തതിനാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി നീട്ടിയിരുന്നു. എന്നാല്‍ പുതിയ തീയതിക്ക് ചിത്രം ഇറക്കാന്‍ അണിയറക്കാര്‍ അത്യധ്വാനം ചെയ്യുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ചിത്രീകരണത്തിന്‍റെ അവസാന ഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഒട്ടനവധി രംഗങ്ങള്‍ ഇനി ചിത്രീകരിക്കാനുമുണ്ട്. ഷൂട്ടിംഗ് സമയത്ത് തീരാനായി ഒരു ഡെഡ്‍ലൈന്‍ സംവിധായകന്‍ സുകുമാര്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്. രണ്ട് മാസം, അഥവാ 60 ദിവസമാണ് അത്. ഓഗസ്റ്റ് 31 ന് ചിത്രീകരണം അവസാനിച്ചിരിക്കണമെന്നതാണ് അദ്ദേഹം സ്വന്തം ടീമിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ ലക്ഷ്യം നേടിയെടുക്കാനായി രാപ്പകല്‍ അധ്വാനിക്കുകയാണ് അണിയറക്കാര്‍. 

പെര്‍ഫെക്റ്റ് റിസല്‍ട്ട് മാത്രം മുന്നില്‍ കണ്ട് ജോലി ചെയ്യുന്ന സംവിധായകനാണ് സുകുമാര്‍. എന്നാല്‍ ഡിസംബര്‍ 6 എന്ന റിലീസ് തീയതി അദ്ദേഹത്തിന് സൃഷ്ടിച്ചിരിക്കുന്ന സമ്മര്‍ദ്ദമുണ്ട്. മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലായി മൂന്ന് യൂണിറ്റുകളാണ് പുഷ്പ 2 ന്‍റെ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ മൂന്ന് ലൊക്കേഷനുകളിലെയും ചിത്രീകരണ മേല്‍നോട്ടത്തിനായി ഓടിനടക്കുകയാണ് സുകുമാര്‍. 

കഥ ചോരാതെ ഇരിക്കാനായി ക്ലൈമാക്സ് അതീവ രഹസ്യ സ്വഭാവത്തോടെയാണ് സുകുമാര്‍ ചിത്രീകരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സെറ്റില്‍ മൊബൈല്‍ ഫോണിന് കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പോരാത്തതിന് തിരക്കഥയും ഏറ്റവും തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമാണ് വായിക്കാന്‍ നല്‍കിയിട്ടുള്ളത്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പ 2. പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം നേടിയ കളക്ഷന്‍ 200 കോടിക്ക് മുകളിലായിരുന്നു. 

ALSO READ : ആദ്യ 10 ദിവസം 81 കോടി, 'മഹാരാജ'യ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? പുതിയ കണക്കുകൾ അവതരിപ്പിച്ച് നിര്‍മ്മാതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!