"ഒരുപാട് പേര് വാര്‍ത്തയൊക്കെ കണ്ടിട്ട് എനിക്ക് മെസേജ് ചെയ്തിട്ടുണ്ടായിരുന്നു"
നിവിന്‍ പോളിക്കെതിരായ ബലാല്‍സംഗ കേസിലെ പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി പാര്‍വതി ആര്‍ കൃഷ്ണയും ഇക്കാര്യം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. 2023 ഡിസംബര്‍ 14 ന് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ചിത്രീകരണത്തില്‍ നിവിന്‍ പോളിക്കൊപ്പം താന്‍ പങ്കെടുത്തിരുന്ന് പാര്‍വതി പറയുന്നു. ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം എത്തുന്ന രംഗത്തിലെ അതേ കോസ്റ്റ്യൂമില്‍ ഉള്ള വീഡിയോ മൊബൈലില്‍ ചിത്രീകരിച്ച ഡേറ്റ് അടക്കം ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്.
"ഈ വീഡിയോ ഞാന്‍ 2023 ഡിസംബര്‍ 14 ന് എടുത്തതാണ്. ഈ കോസ്റ്റ്യൂം നിങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും മനസിലായിട്ടുണ്ടാവും. അല്ലെങ്കില്‍ ഞാന്‍ വ്യക്തമാക്കിത്തരാം. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കാണും ഏതിന്‍റെ ഷൂട്ട് ആയിരുന്നു എന്നുള്ളത്. തീര്‍ച്ഛയായും വിനീതേട്ടന്‍റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്‍റേത് ആയിരുന്നു. ചിത്രത്തില്‍ ഞാന്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബര്‍ 14 ന്. ഞാന്‍ നിവിന്‍ ചേട്ടന്‍റെ കൂടെയാണ് ആ ഒരു സീന്‍ ചെയ്തത്. ആ സ്റ്റേജില്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഇത് വന്ന് പറയണമെന്ന് തോന്നി. ഒരുപാട് പേര് വാര്‍ത്തയൊക്കെ കണ്ടിട്ട് എനിക്ക് മെസേജ് ചെയ്തിട്ടുണ്ടായിരുന്നു. ഇത് ഞാന്‍ പറയണ്ടേ? തീര്‍ച്ചയായും ഞാന്‍ പറയണം. കാരണം അതൊരു സത്യമാണ്, അതുകൊണ്ട്", പാര്‍വതി ആര്‍ കൃഷ്ണ പറയുന്നു. സത്യം എപ്പോഴും ലളിതമായിരിക്കുമെന്ന കുറിപ്പോടെയാണ് പാര്‍വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സംവിധായകന്‍ പി ആര്‍ അരുണ്‍, വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യം എന്നിവരും വിഷയത്തില്‍ നിവിനെ പിന്തുണച്ച് എത്തിയിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിലായി ദുബൈയിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കോതമംഗലം ഊന്നുകൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെ ആണ് നിവിന് പിന്തുണയുമായി സുഹൃത്തുക്കൾ എത്തുന്നത്. ബലാൽസംഗം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കും എതിരെ എഫ്ഐആർ റെജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ബലാത്സംഗ കേസിൽ നിവിന്‍ പോളി ഡിജിപിക്ക് വിശദമായ പരാതി നൽകി. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം.
ALSO READ : കൈത്താങ്ങായി മമ്മൂട്ടി; കെയര്‍ ആന്‍ഡ് ഷെയറിലൂടെ മഞ്ജിമയ്ക്ക് പുതുജന്മം