മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ.
എന്നും വ്യത്യസ്തകൾക്ക് പുറകെ പോകുന്ന നടൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകൂ, മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ മറ്റാരാലും പകർന്നാടാൻ സാധിക്കാത്തത്ര പകർന്നാട്ടങ്ങളാണ് അദ്ദേഹം ബിഗ് സ്ക്രീനിൽ ചെയ്തുവച്ചിരിക്കുന്നത്. അക്കൂട്ടത്തിലെ ഏറ്റവും അവസാന ചിത്രം ആയിരുന്നു ഭ്രമയുഗം. സമീപകാലത്ത് അല്പം സീരിയസ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യുന്ന മമ്മൂട്ടി, ആക്ഷൻ-കോമഡിയിലേക്ക് തിരിഞ്ഞ ചിത്രമാണ് ടർബോ.
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മധുര രാജയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് വർക്കുകൾ പുരോഗമിക്കുന്നതിനിടെ ടർബോയെ കുറിച്ച് നടൻ പ്രശാന്ത് അലക്സാണ്ടർ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
"കഥ നടക്കുന്നത് ചെന്നൈ ബാഗ്രൗണ്ട് വച്ചാണ്. വലിയൊരു സിനിമയാണത്. ഇന്ന് നമ്മൾ കാണുന്ന പാൻ ഇന്ത്യൻ സിനിമകളില്ലേ ? ഇപ്പോൾ ജയിലർ, ലിയോ എന്നൊക്കെ പറയുമ്പോലെ ആ മോഡിൽ നമുക്ക് പ്ലെയ്സ് ചെയ്യാൻ പറ്റുന്ന സിനിമയാണ് ടർബോ", എന്നാണ് പ്രശാന്ത് അലക്സാണ്ടർ പറയുന്നത്. കാൻചാനൽ വീഡിയോ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. ഇവർ നിർമിക്കുന്ന ആദ്യത്തെ ആക്ഷൻ ത്രില്ലർ കൂടിയാണ് ചിത്രം. തെന്നിന്ത്യൻ താരങ്ങളായ സുനിലും രാജ് ബി ഷെട്ടിയും സിനിമയുടെ ഭാഗമാകുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. 104 ദിവസം നീണ്ടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ആയിരുന്നു പൂർത്തിയായത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..