Edavela Babu : ഇടവേള ബാബു വിവാഹം കഴിക്കാത്തത് സ്ത്രീകൾക്ക് വേണ്ടിയെന്ന് മേനക; അംഗീകാരമെന്ന് നടൻ

By Nithya Robinson  |  First Published Mar 10, 2022, 4:44 PM IST

ഒരു പേന പോക്കറ്റിൽ നിന്നും താഴെ വീണാൽ, അതെടുക്കാൻ നമ്മൾ മാത്രമേ ഉള്ളൂവെന്ന തോന്നൽ നമുക്ക് എപ്പോഴും ഉണ്ടാകണം. വഴിതെറ്റാനുള്ള ഒരുപാട് സന്ദർഭങ്ങൾ ബാച്ചിലർ ലൈഫിൽ ഉണ്ടാകും. ആ സമയങ്ങളിൽ നമ്മൾ സ്വയം നിയന്ത്രിക്കണം(Edavela Babu). 


ലയാള സിനിമയിൽ ഇടവേള ബാബുവിന്റെ(Edavela Babu) സാന്നിധ്യം ആരംഭിച്ചിട്ട് നാല് പതിറ്റാണ്ടോളമാവുന്നു. ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതമാരംഭിച്ച ബാബു ചന്ദ്രനാണ് പിൽക്കാലത്ത് ഇടവേള ബാബു എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. സിനികളിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത് വളരെ കുറവാണെങ്കിലും അണിയറയിൽ അദ്ദേഹത്തിന്റെ റോൾ വലുതാണ്. താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകൻ കൂടിയാണ് എന്നതിൽ സംശയമില്ല. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറുമാരിൽ ഒരാളു കൂടിയാണ് അദ്ദേഹം.  ഈ വർഷത്തെ വനിതാ ദിനത്തിൽ ഇടവേള ബാബുവിനെ കുറിച്ച് നടി മേനക(Menaka Suresh) പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

‘നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്. അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാൻ ആളുണ്ടാവുമായിരുന്നു,’ എന്നായിരുന്നു മേനകയുടെ വാക്കുകൾ. പിന്നാലെ വാർത്തകളിലും മേനകയുടെ വാക്കുകൾ ഇടംനേടി. ഇതിനെതിരെ ട്രോളുകളും പുറത്തിറങ്ങി. മേനകയുടെ വാക്കുകള്‍ താൻ ഒരു അംഗീകാരമായി കാണുന്നുവെന്ന് ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

Latest Videos

undefined

'മേനകേച്ചി'യുടെ വാക്കുകൾ അംഗീകാരം

ചേച്ചി തന്നെയാണ് ആ വീഡിയോ ക്ലിപ്പ് എനിക്ക് അയച്ചു തന്നത്. ആ വാക്കുകൾ അംഗീകാരം ആയാണ് ഞാൻ കാണുന്നത്. കാരണം അവർ എന്നിൽ അർപ്പിച്ചിരിക്കുന്ന ഒരു വിശ്വാസമാണത്. സിനിമയിലെ പലരും ചെറിയ ചെറിയ വിഷയങ്ങൾ വരെ എന്നോട് പങ്കുവയ്ക്കാറുണ്ട്. 'അവർക്ക് മക്കളും വീട്ടുകാരും ഒക്കെ ഉണ്ടല്ലോ പിന്നെ എന്തിനാ എന്നോട് ഇതൊക്കെ പറയുന്നത്', എന്ന് ഞാൻ ചിന്തിക്കാറുണ്ട്. പക്ഷേ പിന്നീട് അതേ പറ്റി ചിന്തിക്കുമ്പോൾ, അവർ അവരുടെ വീട്ടുകാരോട് പറയുന്നതിനെക്കാൾ കൺഫർട്ടബിൾ ആണ് എന്നോട് സംസാരിക്കുമ്പോൾ. ആ ഒരു വിശ്വാസം അവർ എന്നിൽ അർപ്പിക്കുന്നുണ്ട്. ഇത്രയും വർഷക്കാലം 'അമ്മ'യുടെ ഭാരവാഹിത്വത്തിൽ ഇരുന്നതിൽ നിന്നും ലഭിച്ച വിശ്വാസമാണല്ലോ അത്. മറ്റെന്തിനെക്കാളും വലുത്. ആ ഒരു വിശ്വാസമാണ് ചേച്ചിയുടെ വാക്കുകളിലൂടെ എനിക്ക് സന്തോഷം നൽകിയത്. അവരുടെയൊക്കെ മനസ്സിൽ എനിക്കൊരു സ്ഥാനമുണ്ടെന്ന് അറിയുന്ന സന്തോഷം.

സ്ത്രീകളുടെ സേഫ്റ്റിക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുള്ളവരാണ് ഞങ്ങൾ. പ്രത്യേകിച്ച് കഴിഞ്ഞൊരു ജനറേഷൻ. ചില ദിവസങ്ങളിൽ സിനിമാ നടിമാർ വളരെയധികം 'ഡൾ' ആയിരിക്കും. പിന്നീട് അക്കാര്യങ്ങൾ ഞങ്ങളുമായി ഷെയർ ചെയ്യും. അങ്ങനെ ഒരു കാലഘട്ടം സിനിമയിൽ ഉണ്ടായിരുന്നു. ഇപ്പോഴെന്നു പറയുമ്പോൾ ബന്ധങ്ങൾക്കും നിയമങ്ങൾക്കും വ്യത്യാസങ്ങൾ വന്നിട്ടുണ്ടല്ലോ. സമൂഹത്തിൽ വന്ന മാറ്റങ്ങൾ എല്ലായിടത്തും ബാധിച്ചിട്ടുണ്ട്. ബന്ധങ്ങളൊക്കെ വളരെയധികം കുറഞ്ഞു.  പ്രതിസന്ധികളൊക്കെ തരണം ചെയ്‍താണ് ഞാനൊക്കെ ഇവിടം വരെ എത്തിയത്. ജീവിതാനുഭവം ആണ് നമുക്ക് വേണ്ടത്.

പ്രണയം, വിവാഹം

എല്ലാവരെയും പോലെ പ്രണയം ഉണ്ടായിരുന്ന ആളാണ് ഞാൻ. ഏകദേശം എട്ട് വർഷത്തോളം ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് പരസ്‍പര സമ്മതത്തോടെ അത് വേണ്ടെന്ന് വച്ചു. കാരണം മറ്റുള്ളവരെല്ലാം പ്രതികൂലം ഞങ്ങൾ മാത്രം അനുകൂലം. അങ്ങനെ ഒരു ജീവിതം തുടങ്ങിയിട്ട് എന്താണ് കാര്യം. മറ്റുള്ളവരുടെ സന്തോഷത്തിന് കൂടി പ്രാധാന്യം നൽകിയത് കൊണ്ട് പിൻമാറുകയായിരുന്നു. വിവാഹമല്ല വലുതെന്ന് അതോടു കൂടിയാണ് ഞാൻ മനസ്സിലാക്കിയത്. ' ജീവിതത്തിൽ ഏറ്റവും വലിയ വികാരം എന്നത് ഭക്ഷണമാണ്', എന്നാണ് കഴിഞ്ഞ ദിവസം പോയ ഒരു ഹോട്ടലിൽ എഴുതിവച്ചിരുന്നത്. ഭക്ഷണം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. അതുപോലെ ജീവിതത്തിൽ പ്രണയവും വിവാഹവുമല്ല വലുതെന്ന് തോന്നിയപ്പോൾ അക്കാര്യത്തെ കുറിച്ച് പിന്നീട് ചിന്തിച്ചില്ല. ഇപ്പോൾ ഞാനിരിക്കുന്ന പോസിഷനോട് എനിക്ക് നീതി പുലർത്താൻ സാധിക്കുന്നുണ്ട്.

ഒരു 60 വയസ്സ് കഴിയുമ്പോൾ, ആരോഗ്യപരമായ മാറ്റങ്ങൾ ഉണ്ടാകും. ആ സമയത്ത് കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരാൾ വേണമെന്ന് തോന്നും. അതേ ചിന്താഗതിയിൽ ഉള്ളയാൾ വരികയാണെങ്കിൽ അപ്പോൾ നോക്കാം. ഒരുപക്ഷേ, അതൊരു വിവാഹമാകണമെന്നൊന്നും ഇല്ല. നമ്മളുമായി മെന്റലി ഒത്തുപോകുന്ന ഒരു പങ്കാളിയാകാം. വിവാഹമാണെന്നൊന്നും പറയുന്നില്ല. എന്റെ കൂടെ ഒരാളുണ്ടാകും.

ക്രോണിക് ബാച്ചിലറായ ഇടവേള ബാബു

ബാച്ചിലർ ലൈഫിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മളെ സഹായിക്കാൻ ആരുമില്ല. ഒരു പേന പോക്കറ്റിൽ നിന്നും താഴെ വീണാൽ, അതെടുക്കാൻ നമ്മൾ മാത്രമേ ഉള്ളൂവെന്ന തോന്നൽ നമുക്ക് എപ്പോഴും ഉണ്ടാകണം. വഴിതെറ്റാനുള്ള ഒരുപാട് സന്ദർഭങ്ങൾ ബാച്ചിലർ ലൈഫിൽ ഉണ്ടാകും. ആ സമയങ്ങളിൽ നമ്മൾ സ്വയം നിയന്ത്രിക്കണം. ഇത്രയും വർഷമായി സിനിമയിൽ നിന്നിട്ടുപോലും പുകവലിയോ മദ്യപാനമോ എനിക്കില്ല. അത് ഞാനെടുത്തൊരു തീരുമാനമാണ്. വഴിതെറ്റിപോകാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായെങ്കിലും അതിൽ നിന്നും രക്ഷനേടാൻ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് 'അമ്മ'യുടെ ഔദ്യോഗിക സ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ പലതിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി. ബാച്ചിലർ ലൈഫിൽ ഒരുപാട് സമയം നമ്മുടെ കൈകളിൽ ഉണ്ടാകും. കല്യാണം കഴിച്ചില്ലെങ്കിലും എന്റെ വീട്ടിലും അതിന്റേതായ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ ഉണ്ട്. ചേട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് നോക്കുന്നത്. അതുകൊണ്ട് ബച്ചിലർ ലൈഫിന്റെ പുറകിൽ ഫാമിലി ലൈഫും ഞാൻ നടത്തുന്നുണ്ട്.

അടുപ്പമുള്ളവരുമായി സിനിമ ചെയ്യണം

അടുപ്പമുള്ളവരുടെ സിനിമകളിൽ മാത്രമേ ഞാനിപ്പോൾ അഭിനയിക്കാറുള്ളൂ. പഴയത് പോലെ മുപ്പത് ദിവസമൊന്നും പോയി അഭിനയിക്കാൻ എനിക്കിപ്പോൾ പറ്റില്ല. മൂന്ന്, നാല് ദിവസത്തെ വർക്കുകളെ ചെയ്യുന്നുള്ളൂ. ഞാൻ അഭിനയിച്ച പത്തിനടുത്ത് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. 'സിബിഐ', 'മോൺസ്റ്റർ' അങ്ങനെ കുറേ സിനിമകൾ. പിന്നെ എറണാകുളത്തിനകത്തുള്ള സിനിമകളിലെ പോകാറുമുള്ളൂ. നല്ല സൗഹൃദങ്ങൾ ഉള്ള സിനിമകൾ ചെയ്യാനാണ് എനിക്ക് താൽപര്യം. ഈവന്റുകൾ ചെയ്യുന്നതിലാണ് ഞാനിപ്പോൾ ശ്രദ്ധകൊടുത്തിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ അതുതന്നെയാണ് എന്റെ ഫീൽഡും.

'അമ്മ'യിൽ വീണ്ടും ജനറൽ സെക്രട്ടറി

ഇത്തവണ 'അമ്മ'യിൽ ആദ്യം ചെയ്‍തത് സബ് കമ്മിറ്റികൾ ആണ്. ഞാൻ ജനറൽ സെക്രട്ടറി ആകണമെങ്കിൽ, എല്ലാം കൂടി എന്റെ തലയിൽ ഇടാൻ പറ്റില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. മറ്റുള്ളവരും കാര്യങ്ങൾ അറിയണം. അങ്ങനെയാണ് സബ് കമ്മിറ്റി ഉണ്ടാക്കുന്നത്. ഒറ്റപരിപാടി കൊണ്ടു തന്നെ മതിയായെന്നാണ് ശ്വേത ഒരിക്കൽ പറഞ്ഞത്. ഞാൻ കഴിഞ്ഞ 24 കൊല്ലമായി ചെയ്‍തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. 'അമ്മ'യിലെ പ്രവർത്തനങ്ങളെ ഒരു പാഷനായാണ് ഞാൻ‌ കാണുന്നത്. ജോലി ആയി കാണുകയാണെങ്കിൽ മടുക്കും.

എല്ലാം പോസിറ്റീവ്

ട്രോളുകളൊന്നും ഞാൻ നോക്കാറില്ല. നമ്മൾ ചെയ്യാനുള്ളത് ചെയ്യുകയാണ് വേണ്ടത്. എനിക്ക് അനുകൂലമായി സംസാരിക്കുന്ന എത്രയോ പേരുണ്ട്. വിളിച്ച് സംസാരിച്ചിട്ടുണ്ട്. അകലെ നിന്നുകാണുമ്പോഴാണ് ഒരാളോട് നമുക്ക് ദേഷ്യവും അടുപ്പവുമൊക്കെ തോന്നുന്നത്. അടുത്തറിയുമ്പോൾ, അയ്യോ ഇയാൾ ഇത്രയേ ഉള്ളു എന്ന് തോന്നും. അത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകളാണ്. അതുകൊണ്ടാണല്ലോ മേനകേച്ചി ഇങ്ങനെ പറഞ്ഞത്. ചേച്ചിടെ മനസ്സിലുണ്ടായിരുന്നത് പൊതുവേദിയിൽ പറഞ്ഞുവെന്ന് മാത്രം. ഒരു തുറന്ന പുസ്‍തകമാണ് എന്റെ ജീവിതം. എല്ലാം പോസിറ്റീവ് ആയി കാണുന്നു.

click me!