ആരാണ് ഹനുമാനെ അവതരിപ്പിക്കുന്ന ആ സൂപ്പര്‍താരം? 'ജയ് ഹനുമാനി'ല്‍ സര്‍പ്രൈസ്

By Web TeamFirst Published Jan 23, 2024, 9:08 AM IST
Highlights

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഹനു മാന്‍ ഇതുവരെ നേടിയത് 200 കോടി

സംവിധായകര്‍ മികച്ചതെന്ന് കരുതുന്നത് പ്രേക്ഷകരും സ്വീകരിക്കുമ്പോഴാണ് ബോക്സ് ഓഫീസില്‍ മികച്ച വിജയങ്ങള്‍ ഉണ്ടാവുന്നത്. മികച്ച വിജയങ്ങള്‍ക്ക് എപ്പോഴും താരപരിവേഷം വേണമെന്നില്ല. ചില ചിത്രങ്ങള്‍ അല്ലാതെതന്നെ ആസ്വാദകപ്രീതി നേടാറുണ്ട്. തെലുങ്ക് സിനിമയില്‍ നിന്ന് സമീപകാലത്ത് അത്തരത്തില്‍ അപ്രതീക്ഷിത വിജയം നേടിയ ചിത്രമാണ് ഹനു മാന്‍. പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രം സംക്രാന്തി റിലീസ് ആയി ജനുവരി 12 നാണ് റിലീസ് ചെയ്യപ്പെട്ടത്. മഹേഷ് ബാബുവിന്‍റെ ഗുണ്ടൂര്‍ കാരം ഉള്‍പ്പെടെ ഒപ്പമുണ്ടായിരുന്നെങ്കിലും വന്‍ വിജയമാണ് ഹനു മാന്‍ നേടിയത്.

വെറും വിജയമല്ല, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ ചിത്രം നേടിയത് 200 കോടിയാണ്. തേജ സജ്ജ നായകനായെത്തിയ ഒരു ചിത്രം ഈ നേട്ടം കൈവരിച്ചത് ടോളിവുഡിനെ അമ്പരപ്പിച്ചിരുന്നു. ചിത്രത്തിന്‍റെ റിലീസിന് മുന്‍പുതന്നെ താന്‍ ഒരു സിനിമാറ്റിക് യൂണിവേഴ്സ് ആണ് ലക്ഷ്യമിടുന്നതെന്നും അതിന്‍റെ ആദ്യ പടിയാണ് ഹനു മാനെന്നും സംവിധായകന്‍ പ്രശാന്ത് വര്‍മ്മ പറഞ്ഞിരുന്നു. ചിത്രം 200 കോടി നേടിയതിന് പിന്നാലെ രണ്ടാം ഭാഗം അണിയറക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജയ് ഹനുമാന്‍ എന്നാണ് സീക്വലിന്‍റെ പേര്. ഇപ്പോഴിതാ ഈ ചിത്രം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

Latest Videos

ചിത്രത്തില്‍ ഹനുമാന്‍റെ വേഷത്തില്‍ ഒരു തെലുങ്ക് സൂപ്പര്‍താരമാവും എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഹനു മാനില്‍ തേജ സജ്ജ അവതരിപ്പിച്ച ഹനുമന്തു എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാവുമെങ്കിലും കേന്ദ്ര കഥാപാത്രം ഹനുമാന്‍റേത് ആയിരിക്കും. പല സൂപ്പര്‍താരങ്ങളുടെയും പേരുകള്‍ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

ALSO READ : 'വിജയമോഹന്‍റെ' വാദം അഞ്ച് ഭാഷകളില്‍ കാണാം; 'നേര്' സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!