രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു എവിക്ഷന് പ്രഖ്യാപനം
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ നിന്ന് മറ്റൊരു മത്സരാര്‍ഥി കൂടി പുറത്ത്. എട്ട് പേര് ഇടംപിടിച്ചിരുന്ന ഈ വാരത്തിലെ നോമിനേഷന് ലിസ്റ്റില്‍ നിന്നാണ് ഒരാള്‍ പുറത്തായതായി ബിഗ് ബോസ് പ്രഖ്യാപിച്ചത്. ജാസ്മിന്, ഗബ്രി, യമുന റാണി, നോറ, അപ്സര, ശ്രീതു, ഋഷി, അന്‍സിബ എന്നിവരാണ് ഇത്തവണത്തെ നോമിനേഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സസ്പെന്‍സ് നിറച്ചുകൊണ്ടാണ് ഇതില്‍ നിന്ന് പുറത്തായ ആളുടെ പേര് ബിഗ് ബോസ് മത്സരാര്‍ഥികളെ അറിയിച്ചത്.
രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു എവിക്ഷന് പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ ലിസ്റ്റിലുള്ള അഞ്ച് പേരെ ഓരോരുത്തരായി ആക്റ്റിവിറ്റി ഏരിയയിലേക്ക് വിളിച്ചു. അവിടെയുള്ള വലിയ വലിപ്പമുള്ള ഒരു ഡയസ് എടുത്ത് കറക്കിയിടുമ്പോള് വീഴുന്ന സംഖ്യ അടയാളപ്പെടുത്തിയ വൃത്തത്തില്‍ നിന്നും സംഖ്യയുള്ള സ്റ്റിക്കര്‍ ഇളക്കണമായിരുന്നു. അപ്പോള്‍ ആരുടെ ചിത്രമാണോ കാണുന്നത് അവര്‍ സേഫ് ആവുമായിരുന്നു. ഇപ്രകാരം ജാസ്മിന്, ഗബ്രി, അപ്സര, ശ്രീതു, അന്‍സിബ എന്നിവര്‍ സേഫ് ആയി. അവശേഷിച്ച യമുന, ഋഷി, നോറ എന്നിവരെ ഒരുമിച്ച് ബിഗ് ബോസ് ആക്റ്റിവിറ്റി ഏരിയയിലേക്ക് വിളിപ്പിച്ചു.
സ്വന്തം പേര് എഴുതിയ ബോക്സുകള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട് ബസര്‍ മുഴങ്ങുമ്പോള്‍ മുകളില്‍ ഒട്ടിച്ചിരുന്ന പേപ്പര്‍ കീറിക്കൊണ്ട് കൈ ബോക്സിലേക്ക് കടത്തണമെന്നതായിരുന്നു ടാസ്ക്. ഈ സമയത്ത് കൈയില്‍ പുരളുന്നത് പച്ച ചായമാണെങ്കില്‍ സേഫും ചുവപ്പാണെങ്കില്‍ എവിക്റ്റ് ആവുമെന്നും ബിഗ് ബോസ് അറിയിച്ചു. ഇതുപ്രകാരം കൈ മുക്കിയ മൂന്നുപേരില്‍ പച്ച കിട്ടിയത് ഋഷിക്കും നോറയ്ക്കുമായിരുന്നു. ചുവപ്പ് നിറം യമുനയ്ക്കും. ഈ വാരം പുറത്താവുന്ന മത്സരാര്‍ഥി യമുനയാണെന്ന് പിന്നാലെ ബിഗ് ബോസിന്റെ പ്രഖ്യാപനവും വന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം