ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍

By Nirmal Sudhakaran  |  First Published May 4, 2024, 11:27 PM IST

സീസണ്‍ 6 ല്‍ വലിയ പൊട്ടന്‍ഷ്യല്‍ ഉണ്ടായിരുന്ന ഗബ്രി ജോസിന്‍റെ പുറത്താവലിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്?


പ്രേക്ഷകര്‍ക്ക് ഇതിനകം നിരവധി സര്‍പ്രൈസുകള്‍ ഒരുക്കിയ സീസണാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. അത്തരം നിമിഷങ്ങളുടെ നിരയിലെ ഒടുവിലത്തെ കണ്ണിയാണ് ഗബ്രിയുടെ എവിക്ഷന്‍. സീസണ്‍ 6 ല്‍ വലിയ പൊട്ടന്‍ഷ്യല്‍ ഉണ്ടായിരുന്ന ഗബ്രി ജോസിന്‍റെ പുറത്താവലിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്? നോക്കാം...

'ജബ്രി' അഥവാ ജാസ്മിന്‍- ഗബ്രി കോംബോ

Latest Videos

സഹമത്സരാര്‍ഥികളും പ്രേക്ഷകരും ഗബ്രിയുടെ പേര് എപ്പോഴൊക്കെ പരാമര്‍ശിച്ചുവോ അതില്‍ 90 ശതമാനം സമയത്തും ഒപ്പം കടന്നുവന്ന പേരാണ് ജാസ്മിന്‍റേത്. തിരിച്ച് ജാസ്മിന്‍റെ പേരിനൊപ്പം ഗബ്രിയുടെ പേരും ഹൗസിലും പുറത്തും എപ്പോഴും ഒരുമിച്ച് ചര്‍ച്ചയായി. ഇരുവരുടെയും കോംബോ ആയിരുന്നു അതിന് കാരണം. സീസണ്‍ 6 തുടങ്ങി ആദ്യ ആഴ്ചയില്‍ത്തന്നെ ഈ കോംബോ രൂപപ്പെട്ടു. സീസണ്‍ തുടങ്ങി അധിക ദിനങ്ങള്‍ ആവുംമുന്‍പുതന്നെ ഇത്തരത്തിലൊരു സൗഹൃദം ഉടലെടുക്കുമോ എന്ന സംശയം സഹമത്സരാര്‍ഥികളില്‍ മാത്രമല്ല, പ്രേക്ഷകരിലും രൂപപ്പെട്ടു. ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ സ്വാഭാവികതയ്ക്ക് പകരം പ്ലാനിംഗ് ആണ് ഉള്ളതെന്ന് നല്ലൊരു പങ്ക് മത്സരാര്‍ഥികളും പ്രേക്ഷകരും കരുതി. സൗഹൃദത്തിനും പ്രണയത്തിനുമിടയില്‍ എവിടെയെന്ന് കൃത്യമായി പറയാനാവാത്ത ബന്ധമാണ് തങ്ങളുടേതെന്ന് ഇരുവരും പലപ്പോഴും വിശദീകരിക്കാന്‍ ശ്രമിച്ചു. വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ ഒരിക്കല്‍ ഈ വിഷയം എടുത്തിട്ടു. എന്നാല്‍ തങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ അവശ്യമായ സമയത്ത് പ്രേക്ഷകര്‍ക്ക് ഒരു ക്ലാരിറ്റി കൊടുക്കാന്‍ ഗബ്രിക്കോ ജാസ്മിനോ സാധിച്ചില്ല. ക്ലാരിറ്റി ഇല്ലായ്മയാണ് തങ്ങളുടെ ക്ലാരിറ്റിയെന്നാണ് ഒരിക്കല്‍ ജാസ്മിന്‍ ഇതേക്കുറിച്ച് പറഞ്ഞത്. എവിക്ഷനില്‍ നിന്ന് രക്ഷപെട്ടുനില്‍ക്കാനും ഷോയില്‍ മുന്നോട്ട് പോകാനും രണ്ടുപേരും ചേര്‍ന്നുനടത്തുന്ന ഡ്രാമയാണ് ഈ ബന്ധമെന്നാണ് പ്രേക്ഷകരില്‍ നല്ലൊരു വിഭാഗവും കരുതിയത്. ഫൈനല്‍ 5 ലേക്ക് എത്താന്‍ ആവോളം പൊട്ടന്‍ഷ്യല്‍ ഉണ്ടായിരുന്ന ഗബ്രി 55-ാം ദിവസം ഹൗസ് വിട്ടുപോകുന്നതിന്‍റെ പ്രധാന കാരണം ഈ ബന്ധം തന്നെയാണ്. അഥവാ അത് ജനത്തോട് കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാതെയിരുന്നതാണ്.

 

സൗഹൃദങ്ങളുടെ അഭാവം

മുന്‍ സീസണുകളെ അപേക്ഷിച്ച് പൊതുവെ ഊഷ്മളമായ സൗഹൃദങ്ങള്‍ ഇല്ലാത്ത സീസണ്‍ ആണ് ഇത്. സൗഹൃദത്തിനും പ്രണയത്തിനും ഇടയിലുള്ള ഗബ്രി- ജാസ്മിന്‍, ശ്രീതു- അര്‍ജുന്‍ തുടങ്ങിയവര്‍ ഒഴിച്ചാല്‍ ജിന്‍റോയ്ക്കും ജാന്‍മോണിക്കുമിടയില്‍ ഉണ്ടായിരുന്നതുപോലെ വിരലിലെണ്ണാവുന്ന സൗഹൃദങ്ങളേ സീസണ്‍ 6 ല്‍ ഇതുവരെ ഉണ്ടായിട്ടുള്ളൂ. ജാസ്മിനിലേക്കും കൂടിപ്പോയാല്‍ റസ്മിനിലേക്കും മാത്രം നീളുന്ന സൗഹൃദവൃത്തം സൃഷ്ടിക്കാനേ 55 ദിവസം കൊണ്ട് ഗബ്രിക്ക് സാധിച്ചുള്ളൂ. രതീഷ് കുമാറും റോക്കിയുമൊക്കെ ബഹളമയമാക്കിയ ആദ്യ വാരത്തില്‍ അവിടുത്തെ തര്‍ക്കങ്ങളില്‍ മുഴങ്ങിക്കേട്ട ശബ്ദങ്ങളിലൊന്ന് ഗബ്രിയുടേത് ആയിരുന്നു. ആദ്യം തന്നെ പവര്‍ ടീമില്‍ ഇടംനേടിയ ഗബ്രിയുടെ പല തീരുമാനങ്ങളും നീതിയുക്തമെന്ന് തോന്നിപ്പിക്കാത്തവയായിരുന്നു. ഫേവറിറ്റിസം എപ്പോഴും ആരോപിക്കാന്‍ പാകത്തിലുള്ളതായിരുന്നു അവ. തര്‍ക്കങ്ങളില്‍ നന്നായി സംസാരിക്കുമെന്നത് ഒഴിച്ചാല്‍ പ്രേക്ഷകര്‍ക്ക് എന്‍റര്‍ടെയ്ന്‍മെന്‍റ് നല്‍കുന്നതിലും ഗബ്രി പിന്നോട്ടായിരുന്നു. സൗഹൃദങ്ങളുടെ അഭാവം ഇതിനൊരു പ്രധാന കാരണമായിരുന്നു. സൗഹൃദങ്ങള്‍ ഇല്ലാത്തതിനാല്‍ ആരുടെ മുഖത്ത് നോക്കിയും എതിരഭിപ്രായങ്ങള്‍ പറയാന്‍ ഗബ്രിക്ക് അനായാസം സാധിച്ചിരുന്നു. അതേസമയം ജാസ്മിനിലേക്ക് മാത്രം നീളുന്ന സൗഹൃദവഴി അല്ലാതെ ഒരു ഫ്രണ്ട്സ് സര്‍ക്കിള്‍ ഉണ്ടാക്കാനായിരുന്നെങ്കില്‍ ഗബ്രിയുടെ മറ്റൊരു മുഖവും പ്രേക്ഷകര്‍ കണ്ടേനെ.

 

അമിത ആത്മവിശ്വാസം

പുറത്തെ പ്രതിച്ഛായ നെഗറ്റീവ് ആണെന്ന് സൂചന ലഭിച്ചപ്പോള്‍ ഒരിക്കല്‍ മാനസികമായി തകര്‍ന്നെങ്കിലും ഗെയിമിലേക്ക് തിരിച്ചുവരുന്ന ഗബ്രിയെയാണ് പിന്നീട് പ്രേക്ഷകര്‍ കണ്ടത്. ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ തന്‍റെ 100 ശതമാനം നല്‍കിയ മത്സരാര്‍ഥിയായിരുന്നു ഗബ്രി. ഒപ്പം സഹമത്സരാര്‍ഥികളില്‍ നിന്നുണ്ടാവുന്ന വെല്ലുവിളികളെ കൃത്യമായി മനസിലാക്കാനും ഗബ്രിക്ക് സാധിച്ചിരുന്നു. ഈ സീസണിലെ ടാസ്കുകള്‍ എടുത്താല്‍ ഏറ്റവുമധികം സ്ട്രൈക്ക് റേറ്റ് ഉള്ള മത്സരാര്‍ഥികളിലൊരാളാണ് ഗബ്രി. മത്സരാര്‍ഥിയെന്ന നിലയില്‍ ആത്മവിശ്വാസം ആവോളമുണ്ടായിരുന്നു ഗബ്രിക്ക്. നോമിനേഷന്‍ ഫ്രീ ആവുക എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രം ക്യാപ്റ്റനാവാനോ പവര്‍ റൂമിന്‍റെ സുരക്ഷിതത്വത്തിലേക്ക് പോകാനോ ശ്രമിക്കാത്ത ഗബ്രിയെയാണ് സമീപകാലത്ത് കൂടുതലും കണ്ടത്. ചിലപ്പോഴൊക്കെ താനും ജാസ്മിനും നോമിനേഷനില്‍ എത്തിയിട്ട് സേഫ് ആയത് ഗബ്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ആത്മവിശ്വാസം അമിത ആത്മവിശ്വാസത്തിലേക്കും നീങ്ങിയിരുന്നു. പവര്‍ റൂമിലെ രണ്ടുപേര്‍ പുറത്തുപോകണമെന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോള്‍ സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുക്കാതെ അതിന് ആദ്യം തയ്യാറായത് ഗബ്രിയാണ്. ശരണ്യയെയും ശ്രീരേഖയെയും പവര്‍ റൂമില്‍ നിലനിര്‍ത്തിക്കൊണ്ട് ഋഷിക്കൊപ്പം പവര്‍ ടീം വിട്ട ഒരാള്‍ ഗബ്രി ആയിരുന്നു. ഗെയിമര്‍ എന്ന നിലയിലുള്ള ഗബ്രിയുടെ ആത്മവിശ്വാസമായിരുന്നു അത്. ഗബ്രി നോമിനേഷനിലേക്ക് വരാന്‍ കാരണവും പവര്‍ റൂമില്‍ നിന്നുള്ള ആ ഇറക്കമാണ്. പുറത്ത് തനിക്ക് സപ്പോര്‍ട്ട് ഉണ്ടോയെന്ന് അറിയാനുള്ള ഗബ്രിയുടെ നീക്കമായിരുന്നു അത്. എന്നാല്‍ അത് പാളി.  ശ്രീരേഖയും ശരണ്യയും ഇപ്പോഴും പവര്‍ ടീമിലാണ്. ഗെയിമര്‍ എന്ന നിലയില്‍ ബിഗ് ബോസിലെ ഏത് തരത്തിലുള്ള പ്രതിസന്ധികളെയും അതിജീവിക്കാനാവുമെന്ന ആത്മവിശ്വാസം ഗബ്രിക്ക് ഉണ്ടായത് ഒരിക്കല്‍ മാനസികമായി തകര്‍ന്നതിന് ശേഷം തിരിച്ചെത്തിയതിലൂടെയാണ്. എന്നാല്‍ ആ അമിത ആത്മവിശ്വാസം ആത്യന്തികമായി അദ്ദേഹത്തിന് വിനയായി.

 

ഉയര്‍ന്നുവന്ന ഗ്രാഫ്, പക്ഷേ...

ബിഗ് ബോസ് യഥാര്‍ഥത്തില്‍ ഒരു സര്‍വൈവല്‍ ഷോ ആണ്. നമ്മുടെ സ്വഭാവത്തില്‍ നമുക്കുതന്നെ അറിയാത്ത പല കാര്യങ്ങളും അത് നമ്മെ ബോധ്യപ്പെടുത്തും. മോഹന്‍ലാല്‍ പലപ്പോഴും പറയാറുള്ള ബിഗ് ബോസ് ഷോയുടെ ഈ മാനസികതലം നന്നായി മനസിലാക്കിയിട്ടുള്ള ഒരു മത്സരാര്‍ഥി ഗബ്രിയാണ്. ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ നോക്കിയാല്‍ ആദ്യ വാരത്തില്‍ നിന്ന് എട്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ അദ്ദേഹത്തിന് പല മാറ്റങ്ങളും ഉണ്ടായിട്ടുമുണ്ട്. തര്‍ക്കങ്ങള്‍ നടക്കുമ്പോഴുള്ള ശരീരഭാഷയിലെ മാറ്റമാണ് അതിലൊന്ന്. തുടക്കത്തില്‍ എതിരാളികളോട് സംസാരിക്കുമ്പോള്‍ പലപ്പോഴും മോശം പദപ്രയോഗങ്ങളും അമിത ആവേശവുമൊക്കെ കാട്ടിയിട്ടുള്ള ഗബ്രി അക്കാര്യത്തിലൊക്കെ വലിയ സ്വയം നിയന്ത്രണത്തിലേക്ക് വന്നിരുന്നു. കൂടുതല്‍ പേരോട് സംസാരിക്കുന്ന, കൂടുതല്‍ ആക്റ്റീവ് ആയ ഗബ്രിയെ പ്രേക്ഷകര്‍ പലപ്പോഴും കണ്ടു. ബിഗ് ബോസ് എന്ന ഗെയിം എന്താണെന്ന് കൃത്യമായി അറിയാവുന്ന മത്സരാര്‍ഥി കൂടിയായിരുന്നു ഗബ്രി. എന്നാല്‍ ആദ്യമേ വന്നുവീണ ജബ്രി എന്ന പേര് മായ്ക്കാന്‍ ഗബ്രിക്ക് സാധിച്ചില്ല. ഒരു ഗെയിമര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പരാജയവും അതുതന്നെ ആയിരുന്നു. 

ALSO READ : രണ്ട് കുടുംബങ്ങളുടെ കഥ? 'സാന്ത്വനം 2' വരുന്നു, ആകാംക്ഷയോടെ പ്രേക്ഷകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!