ആ നിര്‍ണായക തീരുമാനം പിഴച്ചു; അന്‍സിബയുടെ ഞെട്ടിക്കുന്ന എവിക്ഷന് പിന്നിലെ കാരണങ്ങള്‍

By Nirmal Sudhakaran  |  First Published May 26, 2024, 10:51 PM IST

താനൊരു മികച്ച ഗെയിമര്‍ ആണെന്ന് അന്‍സിബ പോലും അവകാശപ്പെടില്ല. അതേസമയം പൊട്ടന്‍ഷ്യല്‍ ഉള്ള ആളെന്ന് പ്രേക്ഷകരെ പലപ്പോഴും തോന്നിപ്പിക്കുകയും ചെയ്തു


ആഴ്ചകള്‍ ഏറെ പിന്നിട്ടാലും വെളിപ്പെടാന്‍ ഇനിയും എന്തൊക്കെയോ ഉണ്ടെന്ന തോന്നലുളവാക്കുന്ന ചില മത്സരാര്‍ഥികള്‍ ബിഗ് ബോസില്‍ ഉണ്ടാവാറുണ്ട്. ഹൗസിലെ എല്ലാ പ്രശ്നങ്ങളിലും തലയിടാത്ത, ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ശബ്ദമുയര്‍ത്താത്ത ചിലര്‍. തങ്ങളുടെ എക്സ് ഫാക്റ്റര്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിട്ടില്ലെന്ന തോന്നല്‍ സൃഷ്ടിക്കുന്നതിനാല്‍ത്തന്നെ സഹമത്സരാര്‍ഥികളുടെയും പ്രേക്ഷകരുടെയും ശ്രദ്ധയില്‍ ഇവര്‍ എപ്പോഴും ഉണ്ടാവും. ഈ സീസണ്‍ എടുത്താല്‍ അത്തരത്തിലുള്ള മത്സരാര്‍ഥി ആയിരുന്നു അന്‍സിബ. താനൊരു മികച്ച ഗെയിമര്‍ ആണെന്ന് അന്‍സിബ പോലും അവകാശപ്പെടില്ല. അതേസമയം പൊട്ടന്‍ഷ്യല്‍ ഉള്ള ആളെന്ന് പ്രേക്ഷകരെ പലപ്പോഴും തോന്നിപ്പിക്കുകയും ചെയ്തു. സീസണ്‍ 6 പന്ത്രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകരെ ഏറ്റവും ഞെട്ടിച്ച എവിക്ഷനുകളിലൊന്നാണ് അന്‍സിബയുടേത്. സീസണ്‍ അതിന്‍റെ അവസാനഘട്ടത്തിലേക്ക് അടുക്കുന്ന സമയത്ത് അന്‍സിബ പുറത്താവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്? നോക്കാം.

നോ പ്ലാനിംഗ്, നാച്ചുറല്‍ ഗെയിം

Latest Videos

ഒരു പ്ലാനിംഗുമില്ലാതെ ഈ സീസണിലെത്തിയ മത്സരാര്‍ഥികളില്‍ പ്രധാനിയാണ് അന്‍സിബ. സീസണില്‍ ഇതുവരെയുള്ള ദിവസങ്ങളെ രണ്ട് പകുതികളാക്കിയാല്‍ ആദ്യ പകുതിയില്‍ ഒരു ഗെയിമര്‍ എന്ന നിലയില്‍ അന്‍സിബ പരാജയമായിരുന്നു. രതീഷ് കുമാറും റോക്കിയും ജാസ്മിനും അപ്സരയും സിജോയും ജാന്‍മോണിയുമൊക്കെയുള്ള, ബഹളമയമായ ആദ്യ വാരങ്ങളില്‍ ഇങ്ങനെയൊരാള്‍ അവിടെയുണ്ടെന്ന് തന്നെ പ്രേക്ഷകര്‍ മറന്നുപോയി. വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ തന്നെ അന്‍സിബയോട് പലപ്പോഴും ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തോടും ചര്‍ച്ചകള്‍ക്കിടെ പലപ്പോഴും സഹമത്സരാര്‍ഥികളോടും താനൊരു ബിഗ് ബോസ് മെറ്റീരിയല്‍ അല്ലെന്ന് അന്‍സിബ പറഞ്ഞിട്ടുണ്ട്, ബിഗ് ബോസിലെ ഗെയിം എന്താണെന്ന് തനിക്കറിയില്ലെന്നും. ബിഗ് ബോസ് നല്‍കുന്ന ടാസ്കുകളും ഗെയിമുകളുമൊക്കെ തനിക്ക് കഴിയുംവിധം ചെയ്തതൊഴിച്ചാല്‍ അതില്‍ പറയത്തക്ക വിജയങ്ങളൊന്നും അന്‍സിബയ്ക്ക് ഇല്ല. ക്യാപ്റ്റന്‍സി ടാസ്കില്‍ പോലും അന്‍സിബ വന്നിരുന്നെങ്കിലും പരാജയപ്പെട്ടു. വീട്ടുജോലികളില്‍ മാത്രമാണ് ആദ്യ വാരങ്ങളില്‍ അന്‍സിബ മറ്റുള്ളവരുടെ പ്രശംസ നേടിയത്, വിശേഷിച്ച് അടുക്കള ജോലികളില്‍.

 

ഒരേയൊരു സുഹൃത്ത്!

ഈ സീസണില്‍ സഹമത്സരാര്‍ഥികളുമായി കാര്യമായി സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാതെപോയ മത്സരാര്‍ഥിയാണ് അന്‍സിബ. ഒരേയൊരു സുഹൃത്താണ് അന്‍സിബയ്ക്ക് ഹൗസില്‍ ഉണ്ടായിരുന്നത്. ഋഷി ആയിരുന്നു അത്. അന്‍സിബ സ്ഥിരമായി സംസാരിക്കുന്ന ഒരേയൊരാളും ഋഷി ആയിരുന്നു. ഹൗസില്‍ മറ്റ് മത്സരാര്‍ഥികളെല്ലാം ശ്രദ്ധിക്കുന്ന ഒരു സാന്നിധ്യമായി മാറാന്‍ അന്‍സിബയ്ക്ക് വിലങ്ങായതും ഇതായിരുന്നു. മറ്റുള്ളവരുമായുള്ള സംസാരം എന്നത് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് അവശ്യം വേണ്ട ഒന്നാണ്. സൗഹൃദങ്ങള്‍ മാത്രമല്ല, തര്‍ക്കങ്ങളും ശത്രുതയുമൊക്കെ അങ്ങനെയാണ് ഉണ്ടാവുന്നത്. ടാസ്കുകളിലൂടെ (മോണിംഗ് ടാസ്ക് അടക്കം) ബിഗ് ബോസ് നല്‍കിയ സന്ദര്‍ഭങ്ങളിലല്ലാതെ അന്‍സിബ തന്‍റെ വിമര്‍ശനാത്മക പോയിന്‍റുകള്‍ ഹൗസില്‍ അവതരിപ്പിച്ചത് അപൂര്‍വ്വമാണ്. ഋഷി എന്ന ഒറ്റ സുഹൃത്തിലേക്ക് ഒതുങ്ങിയതാണ് ഒരു മത്സരാര്‍ഥിയെന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് അന്‍സിബയ്ക്ക് ഏറ്റവും തടസമായത്. ഗെയിമര്‍ എന്ന നിലയില്‍ മുന്നോട്ട് വരാന്‍ ഋഷി അന്‍സിബയെ പ്രചോദിപ്പിച്ചില്ല, മറിച്ച് ഋഷി അന്‍സിബയാല്‍ ഏറെ സ്വാധീനിക്കപ്പെടുകയും ചെയ്തു.

"മടുത്തു, പോകണം"

ഉറ്റവരുമായി അകന്ന്, അപരിചിതര്‍ക്കൊപ്പം ആഴ്ചകളോളം ഒരു അടച്ചിടപ്പെട്ട വീട്ടില്‍ കഴിയുകയെന്നത് വലിയ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന സാഹചര്യമാണ്, ഏതൊരു മത്സരാര്‍ഥിക്കും. എന്നാല്‍ തനിക്ക് ഇത് പറ്റില്ലെന്നും പോകണമെന്നും പലപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നെഗറ്റീവ് ഇമേജ് ആണ് സൃഷ്ടിക്കുക. ഇങ്ങനെയൊരാള്‍ക്കുവേണ്ടി തങ്ങള്‍ എന്തിന് വോട്ട് ചെയ്യണമെന്ന് അവര്‍ ചിന്തിക്കും. ഈ സീസണില്‍ തനിക്ക് ഇവിടെ മടുത്തെന്നും തിരികെ പോകണമെന്നും ഏറ്റവുമധികം തവണ പറ‍ഞ്ഞ ഒരാള്‍ അന്‍സിബ ആണ്.

 

ഒരിക്കലും വെളിപ്പെടാത്ത എക്സ് ഫാക്റ്റര്‍

പതിഞ്ഞ താളത്തില്‍ ഗെയിം കളിച്ചിരുന്ന അന്‍സിബയെക്കുറിച്ച് അങ്ങനെയല്ലാത്ത ഒരഭിപ്രായം ഹൗസില്‍ ആദ്യമായി പറഞ്ഞത് വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ സിബിന്‍ ആയിരുന്നു. മറ്റുള്ളവരുടെ കണ്‍വെട്ടത്തുനിന്ന് മാറി രാജതന്ത്രം മെനയുന്ന ആളെന്നാണ് അന്‍സിബയെക്കുറിച്ച് സിബിന്‍ പറഞ്ഞത്. പ്രേക്ഷകരും സഹമത്സരാര്‍ഥികളും അന്‍സിബയെ മറ്റൊരു കണ്ണോടെ കാണാന്‍ തുടങ്ങിയത് അപ്പോള്‍ മുതലാണ്. സഹമത്സരാര്‍ഥികളെക്കുറിച്ച് ഋഷിയോട് നടത്തുന്ന അഭിപ്രായപ്രകടനങ്ങളാണ് സിബിന്‍ പ്രധാനമായും ഉദ്ദേശിച്ചത്. പൂര്‍ണ്ണമായും സ്വയം വെളിപ്പെടുത്താതിരുന്ന അന്‍സിബയ്ക്ക് ഉള്ളില്‍ മറ്റൊരു ഗെയിമര്‍ ഉണ്ടെക്കാമെന്ന് പ്രേക്ഷകരും സഹമത്സരാര്‍ഥികളും കരുതി. അതിനായുള്ള കരുതലും കാത്തിരിപ്പും സഹമത്സരാര്‍ഥികള്‍ ആരംഭിച്ചു. അന്‍സിബയ്ക്കും ആത്മവിശ്വാസം നല്‍കിയ ഘട്ടമായിരുന്നു ഇത്. ഹൗസില്‍ കൂടുതല്‍ ആക്റ്റീവ് ആയ ഈ രണ്ടാം ഘട്ടത്തില്‍ അന്‍സിബ പവര്‍ റൂമിലും എത്തിപ്പെട്ടു. പവര്‍ റൂമിന്‍റെ പ്രധാന തീരുമാനങ്ങളൊക്കെ അന്‍സിബയില്‍ നിന്ന് എത്തിയ ഈ സമയത്ത് ക്യാപ്റ്റന്‍ സ്ഥാനത്ത് ഋഷി ആയിരുന്നു. ഒരു മത്സരാര്‍ഥി എന്ന നിലയില്‍ അന്‍സിബ ഗെയിം ചേഞ്ച് ചെയ്തേക്കുമോ എന്ന് പോലും സംശയം സൃഷ്ടിച്ച സമയം. എന്നാല്‍ ആ വാരമായിരുന്നു ഹോട്ടല്‍ ടാസ്ക്. അതിഥികളായി സാബുമോനും ശ്വേത മേനോനും എത്തിയതോടെ അവര്‍ ഗെയിമിനെ അടിമുടി മാറ്റി. പവര്‍ റൂമില്‍ എത്തിയ ആഴ്ച തന്നെ ഹോട്ടല്‍ ടാസ്ക് വന്നത് ഏറ്റവും തിരിച്ചടിയായത് അന്‍സിബയ്ക്കും ഋഷിക്കും ആയിരുന്നു.

'ജോര്‍ജൂട്ടിയുടെ മകള്‍'

ദൃശ്യത്തിലെ ജോര്‍ജൂട്ടിയുടെ മൂത്ത മകള്‍- ഈ ഒറ്റ കഥാപാത്രം മതി അന്‍സിബയെ മുഴുവന്‍ മലയാളികളും തിരിച്ചറിയാന്‍. ഈ സീസണില്‍ ജനത്തിന് ഏറ്റവും പരിചിതത്വമുള്ള മത്സരാര്‍ഥികളില്‍ പ്രധാനിയായിരുന്നു അന്‍സിബ. എന്നാല്‍ ബിഗ് ബോസിലെ മുന്നോട്ടുപോക്കില്‍ അത് ഗുണകരമായി ഉപയോഗിക്കാന്‍ അന്‍സിബയ്ക്ക് സാധിച്ചില്ല. വേക്കപ്പ് ഡാന്‍സിന്‍റെ സമയത്ത് എല്ലാവരും നൃത്തം ചെയ്യുമ്പോള്‍ മറ്റുള്ളവരില്‍ നിന്നെല്ലാം അകന്നുനിന്ന് ചുവട് വെക്കുന്ന അന്‍സിബ ഈ സീസണില്‍ ഇതുവരെയുള്ള സ്ഥിരം കാഴ്ച ആയിരുന്നു. സഹമത്സരാര്‍ഥികളോടെന്നതുപോലെ പ്രേക്ഷകരുമായും ഒരു ബന്ധം സ്ഥാപിക്കാന്‍ അന്‍സിബയ്ക്ക് കഴിഞ്ഞില്ല.

 

ഉപയോഗപ്പെടുത്താത്ത അവസരങ്ങള്‍

വിട്ടുകൊടുക്കുന്ന മനോഭാവം ബിഗ് ബോസില്‍ ഒരു മത്സരാര്‍ഥിയെ അധികം തുണയ്ക്കില്ല. ലഭിക്കുന്ന അര്‍ധാവസരങ്ങള്‍ പോലും ഉപയോഗപ്പെടുത്തി ഒരു കച്ചിത്തുരുമ്പില്‍ നിന്നും പിടിച്ചുകയറുന്നവരാണ് ഇവിടെ വിജയിക്കുക. പലപ്പോഴും അര്‍ധ മനസ്സോടെ ഗെയിം കളിക്കുന്നെന്ന് തോന്നിപ്പിച്ച അന്‍സിബ അവസരങ്ങളെയും മത്സരങ്ങളെയും ലാഘവത്തോടെ എടുത്തിട്ടുണ്ട്. ഇന്നത്തെ പുറത്താവലിലേക്ക് എത്തിച്ച നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് നോറയെ സേഫ് ആക്കിയത് അന്‍സിബ ആയിരുന്നു. ഈരണ്ടുപേരെ വീതം കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിച്ച് ഒരാളെ നോമിനേറ്റ് ചെയ്യുക എന്നതായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്ക്. തീരുമാനത്തില്‍ എത്താനായില്ലെങ്കില്‍ രണ്ട് പേരും നോമിനേഷനില്‍ ഇടംപിടിക്കുമായിരുന്നു. അന്‍സിബ മാത്രമാണ് എതിര്‍പ്പൊന്നും കൂടാതെ ഒപ്പമുള്ള മത്സരാര്‍ഥിയെ സേഫ് ആക്കിയ ഒരേയൊരു മത്സരാര്‍ഥി. ബിഗ് ബോസില്‍ ഉപയോഗപ്പെടുത്താത്ത അവസരങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും. അതുവരെയുള്ള 9 ആഴ്ചകളില്‍ 8 തവണയും നോമിനേഷനില്‍ എത്തിയിട്ട് സേഫ് ആയ ആത്മവിശ്വാസത്തോടെയാണ് അന്‍സിബ ആ തീരുമാനം എടുത്തത്. പക്ഷേ ഇത്തവണ അത് പാളിപ്പോയി.

അതേസമയം ഗെയിമര്‍ എന്ന നിലയില്‍ പല മത്സരാര്‍ഥികളും തങ്ങളുടെ ട്രാക്ക് ശരിയാണോയെന്ന് പലപ്പോഴും ആശങ്കപ്പെട്ടപ്പോഴും അതൊന്നുമില്ലാതെ മുന്നോട്ട്പോയ മത്സരാര്‍ഥിയാണ് അന്‍സിബ. സ്വന്തം വ്യക്തിത്വം എന്താണെന്ന് ശരിക്കും മനസിലാക്കിയിട്ടുള്ള, അതില്‍ ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാവാത്ത ആളെയാണ് ബിഗ് ബോസില്‍ പ്രേക്ഷകര്‍ കണ്ടത്. ബിഗ് ബോസില്‍ കൈയടി നേടിയില്ലെങ്കിലും ഉള്ള പ്രതിച്ഛായയ്ക്ക് മങ്ങലൊന്നും ഏല്‍പ്പിച്ചിട്ടില്ല അന്‍സിബ. മാത്രമല്ല, വ്യക്തി എന്ന നിലയില്‍ താനെന്താണെന്ന് അവര്‍ക്ക് വിനിമയം ചെയ്യാനും സാധിച്ചു. അതിനാല്‍ത്തന്നെ തല താഴ്ത്തിയല്ല അവര്‍ മടങ്ങുന്നത്. 

ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം

അപ്‍സര എന്തുകൊണ്ട് പുറത്തായി? സര്‍പ്രൈസ് എവിക്ഷന് പിന്നിലെ 5 കാരണങ്ങള്‍

പുറത്താവുമ്പോഴും റെസ്‍മിന്‍റെ മടക്കം വിജയിയുടേത്? ഈ 'കോമണര്‍' പോവുന്നത് റെക്കോര്‍ഡുമായി

ഈ കൈയടി വോട്ടായി മാറുമോ? 'സീക്രട്ട് ഏജന്‍റ്' സായ് കൃഷ്‍ണനായി മാറുമ്പോള്‍

ആരാണ് ശരിക്കും അഭിഷേക് ശ്രീകുമാര്‍? ട്വിസ്റ്റ് കൊണ്ടുവരുമോ 'ഇമോഷണല്‍ ട്രാക്ക്'?

പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍

കുടുംബവിളക്കിലെ 'വേദിക'യ്ക്ക് ബിഗ് ബോസില്‍ ജനപ്രീതി കുറഞ്ഞത് എന്തുകൊണ്ട്? പുറത്താവാനുള്ള 6 കാരണങ്ങള്‍

നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്

ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍

ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?

എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?

ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?

9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?

ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?

റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?

കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!